| Saturday, 27th January 2024, 12:26 pm

മമ്മൂക്കയുടെ പരീക്ഷണ സിനിമകളെ പോലെ ലാലിന്റെ ചിത്രങ്ങൾ സ്വീകരിക്കപ്പെടാത്തത് നിർഭാഗ്യകരം: ഷിബു ബേബി ജോൺ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ പരീക്ഷണ സിനിമകൾ നല്ല രീതിയിൽ സ്വീകരിക്കപ്പെടാറുണ്ടെന്നും എന്നാൽ മോഹൻലാലിന്റെ അത്തരത്തിലുള്ള സിനിമകൾ വേണ്ടവിധത്തിൽ അംഗീകരിക്കപ്പെടുന്നില്ലെന്നും ഷിബു ബേബി ജോൺ.

കഴിഞ്ഞ ദിവസം ഇറങ്ങിയ മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻലാൽ ചിത്രം നിർമിച്ചത് ഷിബു ബേബി ജോൺ ആയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രം ഒരു വ്യത്യസ്ത സിനിമ അനുഭവമാണ്.

എന്നാൽ ചിത്രത്തിനെതിരെ ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ ലിജോ രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ നിർമാതാവ് ഷിബു ബേബി ജോൺ റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയാണ്.

ലാലിനെ നഷ്ടപ്പെട്ടുവെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് വാലിബനെന്നും അദ്ദേഹം പറഞ്ഞു.

‘ലാലിനെ നഷ്ടപ്പെട്ടു എന്നുള്ള ആക്ഷേപങ്ങൾക്കുള്ള മറുപടിയാണ് ഈ സിനിമ. മമ്മൂക്കയുടെ പടം ഇറങ്ങുമ്പോൾ, അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരെല്ലാം ആ പരീക്ഷണത്തെ സ്വാഗതം ചെയ്യുന്നത് നമ്മൾ കാണാറുണ്ട്.

അത് നൻപകൽ നേരത്ത് മയക്കം ആണെങ്കിലും, അവസാനം ഇറങ്ങിയ കാതൽ ആണെങ്കിലും പുഴുവാണെങ്കിലും വളരെ ബോൾഡ് ആയിട്ടുള്ള തീരുമാനം മമ്മൂക്ക എടുക്കുന്നു അതിനെ പ്രേക്ഷകർ സ്വാഗതം ചെയ്യുന്നു.

പക്ഷേ നിർഭാഗ്യവശാൽ ലാലിനെ ഇഷ്ടപ്പെടുന്ന ഒരു വിഭാഗമെങ്കിലും, ലാലിനെ കുറിച്ചുള്ള പൊതുവായ ധാരണയിലുള്ള വേഷങ്ങൾ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണ്.

ആറാം തമ്പുരാൻ, ലൂസിഫർ തുടങ്ങിയ സിനിമകൾ പോലെ അവരുടെ ഇഷ്ടം പരിമിതപെടുമ്പോൾ ഉണ്ടാവുന്ന നിരാശയാണ് നിർഭാഗ്യവശാൽ ഇങ്ങനെയുള്ള പ്രതികരണത്തിലേക്ക് ഇടവരുത്തുന്നത്,’ഷിബു ബേബി ജോൺ പറയുന്നു.

Content Highlight: Shibu Baby John Says That Experimental Roles Of Mohanlal Not Acceptable By Audience

Latest Stories

We use cookies to give you the best possible experience. Learn more