'വ്യാജരേഖയെങ്കില്‍ വെല്ലുവിളി സ്വീകരിച്ച് കോടതിയില്‍ പോയി തെളിയക്കട്ടെ'; കാപ്പനു മറുപടിയുമായി ഷിബു ബേബി ജോണ്‍
Kerala News
'വ്യാജരേഖയെങ്കില്‍ വെല്ലുവിളി സ്വീകരിച്ച് കോടതിയില്‍ പോയി തെളിയക്കട്ടെ'; കാപ്പനു മറുപടിയുമായി ഷിബു ബേബി ജോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd October 2019, 5:34 pm

തിരുവനന്തപുരം: ദിനേശ് മേനോന്‍ നല്‍കിയത് വ്യാജരേഖയാണെങ്കില്‍ നിയമനടപടി നേരിട്ട് അത് തെളിയിക്കണമെന്ന് ഷിബു ബേബി ജോണ്‍. തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പ്രിതിപാദിച്ച മാണി സി. കാപ്പന്റെ മൊഴി വ്യാജമാണെന്ന വാദങ്ങള്‍ നേരത്തേ പൊതു സമൂഹത്തിനു മുന്നില്‍ വെച്ചിരുന്നതാണെന്നും അത് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടതുമാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

മാണി സി. കാപ്പന്റെ മൊഴി വ്യാജമാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം നിയമനടപടിക്ക് പോയില്ല എന്നും ഷിബു ബേബി ജോണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ചോദിച്ചു.

സി.ബി.ഐ നല്‍കിയ മൊഴിപ്പകര്‍പ്പിനെക്കുറിച്ച് ദിനേശ് മേനോന്‍ തന്നെ മറുപടി നല്‍കിയതാണെന്നും തെളിവുകള്‍ വ്യാജമാണെങ്കില്‍ അതിനെതിരെ നിയമനടപടിയെടുക്കാന്‍ ദിനേശ് മേനോന്‍ മാണി സി. കാപ്പനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ടെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

മാണി സി. കാപ്പനെ താന്‍ വിളിച്ചുവെന്നു പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും മാണി സി. കാപ്പന്‍ തന്നെയാണ് വിളിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഈ രേഖ രണ്ട് ആഴ്ച മുന്നേ ദിനേശ് മേനോന്‍ പുറത്തുവിട്ടതാണെന്നും ഇപ്പോള്‍ പ്രതിപക്ഷ ഉത്തരവാദിത്തബോധത്തോടെയാണ് ഇത് പൊതു സമൂഹത്തിനു മുന്നില്‍ വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് വ്യാജരേഖയാണെന്ന് മാണി സി. കാപ്പന് ആരോപണം ഉണ്ടെങ്കില്‍ അദ്ദേഹം ദിനേശ് മേനോന്റെ വെല്ലുവിളി സ്വീകരിച്ച് കോടതിയില്‍ പോയി ഇത് തെളിയിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാണി സി. കാപ്പന്‍ സി.ബി.ഐയില്‍ മൊഴി നല്‍കിയെന്ന ഷിബു ബേബി ജോണിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കാപ്പന്‍ മറുപടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഷിബു ബേബി ജോണ്‍ കാപ്പനു മറുപടിയുമായി എത്തിയത്.

മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ കോടിയേരിക്കെതിരെ മാണി സി കാപ്പന്‍ മൊഴി നല്‍കിയെന്നാണ് ഷിബു ബേബി ജോണിന്റെ ആരോപണം. മൊഴിയുടെ പകര്‍പ്പെന്ന പേരില്‍ ഒരു സ്റ്റേറ്റ്മെന്റ് പുറത്തുവിട്ടായിരുന്നു ഷിബു ആരോപണം ഉന്നയിച്ചത്.

 

2013 ല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ദിനേശ്് മേനോന്‍ എന്ന മുംബൈയിലെ മലയാളി വ്യവസായി മാണി സി കാപ്പനുമായി ബന്ധപ്പെടുന്നത്.

അന്ന് മാണി സി കാപ്പന്‍, ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയേയും മകനേയും സമീപിക്കാനായി ദിനേശ്് മേനോനോട് പറയുന്നു. ഇതിന് ശേഷം ഇത്തരത്തില്‍ പണം കൈമാറുന്ന നടപടി ഉണ്ടായെന്നാണ് മൊഴിയില്‍ പറയുന്നത്. എന്നാല്‍ ആര്‍ക്ക് പണം കൈമാറിയെന്ന കാര്യം വ്യക്തമായി മൊഴിയില്‍ പറയുന്നില്ല.

വിഷയത്തില്‍ കോടിയേരിയും പിണറായിയും നിലപാട് വ്യക്തമാക്കണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടിരുന്നു.

 

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

‘എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിപാദിച്ച മാണി സി കാപ്പന്റെ മൊഴി വ്യാജമാണ് എന്ന പ്രചരണമാണ് ചിലകേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നത്….. ഈ തെളിവുകള്‍ രണ്ട് ആഴ്ച്ച മുന്നേ പൊതുസമൂഹത്തിന്റെ മുന്നില്‍ വന്നതാണ്, ചില മാധ്യമങ്ങള്‍ അന്ന് തന്നെ ഇത് പുറത്തുവിട്ടതും ആണ്.!

ഈ തെളിവ് വ്യാജമെങ്കില്‍ പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്ന മാണി സി കാപ്പന്‍ എന്തുകൊണ്ട് നിയമനടപടിക്ക് പോയില്ല? സിബിഐ നല്‍കിയ ഈ മൊഴിപകര്‍പ്പിനെ കുറിച്ച് ദിനേശ് മേനോന്‍ തന്നെ മറുപടി പറഞ്ഞു കഴിഞ്ഞു, ദിനേശ് മേനോന്‍ പുറത്തുവിട്ട ഈ തെളിവ് വ്യാജം എങ്കില്‍ നിയമനടപടി എടുക്കാന്‍ ദിനേശ് മേനോന്‍ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.!

ഞാന്‍ മാണി സി കാപ്പനെ ഞാന്‍ വിളിച്ചിരുന്നു എന്ന പ്രചരണം തന്നെ വസ്തുതാ വിരുദ്ധമാണ്, മാണി സി കാപ്പന്‍ എന്നെയാണ് വിളിച്ചത്. രണ്ടാഴച മുന്‍പ് ദിനേശ് മേനോന്‍ പറഞ്ഞ ആരോണം ചര്‍ച്ച ചെയ്യാതെ പോയത് പ്രതിപക്ഷ ഉത്തരവാദിത്വബോധത്തോടെ തന്നെയാണ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിച്ചത്.!

ആവര്‍ത്തിച്ചു പറയട്ടെ, ഈ രേഖ രണ്ട് ആഴ്ച്ച മുന്നേ ദിനേശ് മേനോന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തവരുള്‍പെടുന്ന പൊതുസമൂഹത്തിന് മുന്നില്‍ വച്ചതാണ്…. സിബിഐ ദിനേശ് മേനോന് നല്‍കിയത് വ്യാജരേഖ എന്ന് മാണി സി കാപ്പന് ആരോപണം ഉണ്ടെങ്കില്‍ നിയമനടപടി എടുക്കാന്‍ ദിനേശ് മേനോന്‍ ഇന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇത് വ്യാജരേഖയെന്ന ആക്ഷേപം മാണി സി കാപ്പന് ഉണ്ടെങ്കില്‍ ദിനേശ് മേനോന്റെ വെല്ലുവിളി സ്വീകരിച്ച് കോടതിയില്‍ പോയി ഇത് തെളിയിക്കാന്‍ ശ്രമിക്കണം.!’

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ