കുഞ്ഞുമോന്‍ വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്, ആദ്യമൊന്ന് അകത്ത് കയറ്; എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്‍
Kerala News
കുഞ്ഞുമോന്‍ വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്, ആദ്യമൊന്ന് അകത്ത് കയറ്; എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th May 2021, 11:21 pm
 കൊല്ലം: ആര്‍.എസ്.പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത കൊവൂര്‍ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചവറയിലെ പരാജയത്തിന് പിന്നാലെ ഷിബു ബേബി ജോണ്‍ ആര്‍.എസ്.പിയില്‍ നിന്ന് അവധിയെടുത്തിരുന്നു.

ഇതിന് പിന്നാലെയായിരുന്നു കോവൂര്‍ കുഞ്ഞുമോന്‍ ആര്‍.എസ്.പിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചത്.

എന്നാല്‍ ആര്‍.എസ്.പിയെ കോവൂര്‍ കുഞ്ഞുമോന്‍ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്തതായി വാര്‍ത്ത കണ്ടെന്നും ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നതെന്നുമായിരുന്നു ഷിബു ബേബി ജോണ്‍ ഇതിന് മറുപടിയായി പറഞ്ഞത്.

കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

നേരത്തെ ഷിബു ബേബി ജോണുമായി നേരില്‍ സംസാരിച്ചുവെന്നും ആര്‍.എസ്.പിയെ ഇടതുമുന്നണിയിലേക്ക് സ്വഗതം ചെയ്യുന്നതായും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞിരുന്നു.

അതേസമയം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് ലീവ് എടുത്തതെന്നായിരുന്നു ഷിബു ബേബി ജോണ്‍ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തോടുള്ള പ്രതിഷേധമാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

വെള്ളിയാഴ്ച നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള ആദ്യ യു.ഡി.എഫ് യോഗത്തില്‍ നിന്ന് ഷിബു ബേബി ജോണ്‍ വിട്ടുനിന്നിരുന്നു. പല ഘട്ടങ്ങളായി ഉന്നയിച്ച ആവശ്യങ്ങളില്‍ മതിയായ പരിഗണന നല്‍കാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് ഷിബു മാധ്യമങ്ങളോട് പറഞ്ഞത്.

ഘടകകക്ഷികളെ കോണ്‍ഗ്രസ് വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ല എന്ന ആക്ഷേപം നേരത്തെ ഷിബു ഉന്നയിച്ചിരുന്നു.

സി.എം.പിക്കും ഫോര്‍വേഡ് ബ്ലോക്കിനും സീറ്റ് നല്‍കാതെ അപമാനിച്ചു. തെരഞ്ഞെടുപ്പില്‍ താഴേ തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ഘടകകക്ഷികള്‍ യു.ഡി.എഫ് യോഗത്തില്‍ ഉന്നയിച്ചത്.

ഇടതു തരംഗം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ജോസ് കെ. മാണിയും എല്‍.ജെ.ഡിയും മുന്നണി വിട്ടു പോയത് ക്ഷീണമായെന്നും യോഗം വിലയിരുത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Shibu Baby John in reply to Kovur Kunjumon who welcomed RSP to the LDF