തിരുവനന്തപുരം: ഡി.സി.സി പുനസംഘടനയുടെ ഭാഗമായി കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികളില്‍ രൂക്ഷവിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, മുക്കുകയാണെന്നും നേതാക്കള്‍ ഇതേരീതി തുടര്‍ന്നാല്‍ പെട്ടെന്ന് ജീവന്‍ രക്ഷാര്‍ത്ഥമുള്ള നടപടികള്‍ സഹയാത്രികര്‍ക്ക് ആലോചിക്കേണ്ടി വരുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യു.ഡി.എഫില്‍ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ ഷിബു ബേബി ജോണ്‍ പങ്കുവെച്ചത്. സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമൊന്നും ഗ്രൂപ്പില്ലെന്നും ചില നേതാക്കള്‍ മാത്രമാണ് ഇപ്പോഴും ഗ്രൂപ്പിനായി നില്‍ക്കുന്നതെന്നും പേരുകള്‍ പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.
‘ഇന്ന് കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, ഇന്ന് കണ്ടുവരുന്ന അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായി മുക്കുകയാണ്. എല്ലാ നേതാക്കളും അത് തിരിച്ചറിഞ്ഞ് പിന്തിരിയണം. ഞങ്ങള്‍ ഈ കപ്പല്‍ മുക്കും എന്ന നിലയിലേക്ക് പോയിക്കഴിഞ്ഞാല്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടാകും.
മുങ്ങുന്ന കപ്പലില്‍ നില്‍ക്കാന്‍ സാധിച്ചേക്കാം. പക്ഷെ മുക്കുന്ന കപ്പലില്‍ ആരെങ്കിലും നില്‍ക്കുമോ,’ ഷിബു ബേബി ജോണ്‍ ചോദിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ രാജ്യത്ത് നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതുകൊണ്ടാണ് ആര്‍.എസ്.പി യു.ഡി.എഫില്‍ നില്‍ക്കുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത് ബോധ്യമാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഇന്ത്യയുടെ ഇതരസംസ്ഥാനങ്ങളില്‍ എങ്ങനെയാണ് കോണ്‍ഗ്രസ് നാമാവശേഷമായി പോയതെന്ന് പഠിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷവും അതേ ശൈലി ആവര്‍ത്തിക്കുകയാണെങ്കില്‍ അത് അവര്‍ തന്നെ തിരിച്ചറിയണം,’ ഷിബു ബേബി ജോണ്‍ പറഞ്ഞു.
സ്വയം മുക്കുന്ന കപ്പലില്‍ ആര്‍.എസ്.പിയുണ്ടാകുമോയെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ കപ്പല്‍ മുക്കിയേ അടങ്ങൂവെന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ചാല്‍ ജീവന്‍ രക്ഷാര്‍ത്ഥം കാര്യങ്ങള്‍ ചെയ്യേണ്ടിവരുമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
യു.ഡി.എഫ് മുന്നണി സംവിധാനത്തില്‍ ആര്‍.എസ്. പി നേരിടുന്ന പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനെ ധരിപ്പിക്കാനായി കത്ത് നല്‍കിയിരുന്നെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് അത് ചര്‍ച്ച ചെയ്തില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ച അനിവാര്യമാണെന്നും ഗൗരവമേറിയ ചര്‍ച്ചയില്ലാതെ മറ്റു പ്രഹസനങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങളോടൊപ്പം ഇതിനെ കൂട്ടിവായിക്കേണ്ടതില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇവരുടെ വാദങ്ങളെ തള്ളിക്കൊണ്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുവന്നത് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്.
ഡി.സി.സി പട്ടികയില്‍ പ്രതിഷേധിച്ച് പാലക്കാട്ടെ പ്രധാന കോണ്‍ഗ്രസ് നേതാവായ എ.വി .ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു. അധ്യക്ഷന്മാരെ തീരുമാനിച്ചതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ്. പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
ഏറ്റവും കുറഞ്ഞ ചിലവില് ലൈവ് ട്യൂഷന് ക്ലാസിനായി ഇപ്പോള് തന്നെ ഡൗണ്ലോഡ് ചെയ്യൂ…
സമീപകാലത്ത് കോണ്‍ഗ്രസ് കണ്ട ഏറ്റവും വലിയ ഉള്‍പ്പാര്‍ട്ടി പോരുകള്‍ക്കാണ് പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് വഴിവെച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Shibu Baby John criticises congress after the raw about DCC presidents’ list