| Tuesday, 30th January 2024, 10:49 pm

മലൈക്കോട്ടൈ വാലിബന്റെ റിവ്യൂ ബോംബിങ്ങിൽ രാഷ്ട്രീയ താത്പര്യമുണ്ട്: ഷിബു ബേബി ജോൺ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ് രാഷ്ട്രീയ പ്രവത്തകനായ ഷിബു ബേബി ജോൺ. സിനിമയുടെ ഡീഗ്രേഡിങ്ങിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ആരാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഷിബു ബേബി ജോൺ. പല രാഷ്ട്രീയ താത്പര്യങ്ങളും മറ്റു താത്പര്യങ്ങളും ഈ ഡിഗ്രേഡിങ് നടത്തുന്ന വ്യക്തികളുടെ പശ്ചാത്തലം പരിശോധിക്കുമ്പോൾ തനിക്ക് മനസിലാകുമെന്ന് ഷിബു പറഞ്ഞു.

മമ്മൂട്ടിയുടെ എല്ലാ പരീക്ഷണങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ സ്വീകരിക്കുന്നുണ്ടെന്നും എന്നാൽ മോഹൻലാലിനെ ഒരു പ്രത്യേക തരം ഴോണറിൽ പരിമിതപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ഷിബു കൂട്ടിച്ചേർത്തു. മോഹൻലാലുമായുള്ള 40 വർഷത്തെ പരിചയത്തിൽ മമ്മൂട്ടിയെക്കുറിച്ച് ഒരു വാക്ക് പോലും മോശമായി പറയുന്നത് താൻ കേട്ടിട്ടില്ലെന്നും ഷിബു മലയാള മനോരമയോട് പറഞ്ഞു.


‘ഞാനിപ്പോൾ ഇതിന് വിശദാംശങ്ങൾ പറയുന്നില്ല. പല രാഷ്ട്രീയ താത്പര്യങ്ങളും മറ്റു താത്പര്യങ്ങളും ഈ ഡിഗ്രേഡിങ് നടത്തുന്ന വ്യക്തികളുടെയും പശ്ചാത്തലം പരിശോധിക്കുമ്പോൾ നമുക്ക് മനസിലാകും. പണ്ടുമുതലേ പറഞ്ഞു വരുന്നത് മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും ഒരു മത്സരം ഉണ്ടെന്ന് എന്നതാണ്.

മമ്മൂക്കയുടെ എല്ലാ പരീക്ഷണങ്ങളും അദ്ദേഹത്തെ ഇഷ്ടമുള്ളവർ സ്വീകരിച്ചിട്ടുണ്ട്. ലാലിനെ ഇഷ്ടമുള്ളവർ ലാലിനെ ഒരു പ്രത്യേക തരം ഇതിൽ പരിമിതപ്പെടണം എന്ന് ആഗ്രഹിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ലാലിന്റെ എല്ലാ അഭിനയവും നഷ്ടപ്പെട്ടു എന്ന് പ്രചരിപ്പിച്ചിടത്ത് നിന്ന് തിരിച്ചു വന്ന ഒരാളാണ്.

എനിക്ക് 40 വർഷത്തോളമായി ലാലുമായിട്ടുള്ള പരിചയം. ഈ ഒരു 40 വർഷത്തിനുള്ളിൽ ഒരിക്കൽപോലും മമ്മൂട്ടിയെ കുറിച്ച് ഒരു മോശമായ വാക്ക് എന്റെ അടുത്ത് പറഞ്ഞിട്ടില്ല. എന്റെ സാന്നിധ്യത്തിൽ ഒരാളോടും പറഞ്ഞതും ഞാൻ കേട്ടിട്ടില്ല. ഇവർ തമ്മിലൊക്കെ ആ ഒരു ബഹുമാനമുണ്ട്. ഇവരുടെ പേരിൽ ആര് എന്ത് ചെയ്താൽ പോലും അവർ വിഡ്ഢികളാണെന്നെ പറയാൻ പറ്റുകയുള്ളൂ,’ ഷിബു ബേബി ജോൺ പറഞ്ഞു.

Content Highlight: Shibu baby john about the review bombing of malaikkottai valiban movie

We use cookies to give you the best possible experience. Learn more