Film News
കുറെ നാളായി ലാലിന്റേതായി നല്ല സിനിമകള്‍ ഇറങ്ങുന്നില്ല, ലിജോയെ പോലെ മിടുക്കനായ ഒരാള്‍ വരുമ്പോള്‍ ആളുകള്‍ പലതും പറയും: ഷിബു ബേബി ജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 05, 10:24 am
Sunday, 5th March 2023, 3:54 pm

മലയാള സിനിമാ ലോകവും മോഹന്‍ലാല്‍ ആരാധകരും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനാവുന്ന മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഗുസ്തി പശ്ചാത്തലമാക്കിയുള്ളതാണ്.

പ്രശസ്ത ഇന്ത്യന്‍ ഗുസ്തി ചാമ്പ്യനായ ദി ഗ്രേറ്റ് ഗാമയെ ആണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ചുകൊണ്ട് ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു ബേബി ജോണ്‍ തന്നെ രംഗത്തെത്തിയിരുന്നു. സിനിമയെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുകയാണ് ഷിബു ബേബി ജോണ്‍.

ഇതുവരെ പുറത്ത് വന്ന വിവരങ്ങളൊന്നും വസ്തുതാപരമല്ലെന്നും ആകാംക്ഷ കൊണ്ട് ആളുകള്‍ ഊഹിച്ചുപറയുകയാണെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ആളുകള്‍ക്ക് വലിയ ആകാംക്ഷയുണ്ട്. പ്രത്യേകിച്ച് ലാലിന്റെ ഒരു നല്ല സിനിമ ഇറങ്ങുന്നില്ല എന്ന് കുറെ നാളായി ലാല്‍ ആരാധകര്‍ മാത്രമല്ല, പൊതുസമൂഹം തന്നെ പറയുന്നുണ്ട്. ലാലിനെ പോലെ ഒരു മഹാപ്രതിഭയുടെ കഴിവിന് അുസരിച്ചുള്ള ഒരു സിനിമ ഇറങ്ങിയില്ല. ലിജോയെ പോലെ മിടുക്കനായ ഒരാള്‍ വരുമ്പോള്‍ അതിന്റെ ആകാംക്ഷയും പ്രതീക്ഷയും ഉണ്ട്. അതുവെച്ച് കൊണ്ട് പലരും ഭാവനയില്‍ നിന്നുകൊണ്ട് പല കാര്യങ്ങളും പടച്ചുവിടുകയാണ്.

ഡയറക്ടര്‍ തീരുമാനിക്കുന്ന മുറയ്ക്ക് അതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ തന്നെ പുറത്ത് വരും. പക്ഷേ നമുക്കൊരു പ്ലാന്‍ ആ കാര്യത്തില്‍ ഉണ്ട്. അത് ഡയറക്ടറാണ് തീരുമാനിക്കുന്നത്. എന്റെ ശ്രദ്ധയില്‍ ഇതുവരെ വന്നിട്ടുള്ളത് വസ്തുതാപരമായ കാര്യങ്ങളല്ല. പലരും കഥാപാത്രത്തെ കുറിച്ച് ഊഹിച്ച് നടത്തുന്ന പരാമര്‍ശങ്ങളാണ്,’ ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഈ വര്‍ഷം ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്. നിലവില്‍ രാജസ്ഥാനിലെ പൊഖ്റാന്‍ കോട്ടയില്‍ ആണ് ചിത്രത്തിന്റെ ഷെഡ്യൂള്‍ പുരോഗമിക്കുന്നത്. പൊഖ്റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ്‌സാല്‍മീറിലേക്കു ഷൂട്ടിങ് സംഘം തിരിച്ചു വരും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന വാലിബന്റെ കഥ ലിജോ ജോസ് പെല്ലിശ്ശേരിയുടേത് തന്നെയാണ്, തിരക്കഥ പി.എഫ്. റഫീക്ക്.

Content Highlight: shibu baby john about mohanlal and malaikottai valiban