മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ആദ്യമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം ഇറങ്ങിയത് മുതൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് മനഃപൂർവം ഡീഗ്രേഡിങ് നടക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മലൈക്കോട്ടൈ വാലിബനിലെ നിർമാതാക്കളിൽ ഒരാളായ ഷിബു ബേബി ജോൺ.
തങ്ങളെ സംബന്ധിച്ച് ചിത്രത്തിന്റെ പ്രൊഡക്ടിനെക്കുറിച്ച് സംതൃപ്തരാണെന്നും പക്ഷെ എന്തിന് വേണ്ടിയാണ് ഈ ഡീഗ്രേഡിങ് ചെയ്യുന്നതെന്ന് ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു. മോഹൻലാലിന്റെ ഒരു പടം ഇറങ്ങുമ്പോൾ മമ്മൂട്ടി ഫാൻസ് ഡീഗ്രേഡ് ചെയ്യുന്നു എന്ന വാർത്ത കേൾക്കുന്നുണ്ടെന്ന് ഷിബു കൂട്ടിച്ചേർത്തു. . എന്നാൽ അവർ തമ്മിൽ നല്ല അടുപ്പമാണെന്നും ഷിബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘ഞങ്ങളെ സംബന്ധിച്ച് മലൈക്കോട്ടൈ വാലിബന് ഒരുപാട് അഭിനന്ദങ്ങൾ ഉണ്ടായി, ഞങ്ങൾ അതിൽ സംതൃപ്തരാണ്. പക്ഷേ എന്തിനുവേണ്ടി ഇങ്ങനെ ഡിഗ്രേഡ് ചെയ്യുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. മോഹൻലാലിന്റെ ഒരു പടം ഇറങ്ങുമ്പോൾ മമ്മൂട്ടി ഫാൻസ് ഡിഗ്രേഡ് ചെയ്യുന്നു. മമ്മൂക്കയുടെ ഒരു പടം ഇറങ്ങുമ്പോൾ ലാൽ ഫാൻസും ഡീഗ്രേഡ് ചെയ്യുന്നു എന്നൊക്കെ പറയുന്നുണ്ട്.
എനിക്ക് മോഹൻലാലുമായുള്ള 40 വർഷത്തെ പരിചയമുണ്ട്. ഒരു ഘട്ടത്തിൽ പോലും സ്വകാര്യസംഭാഷണത്തിലോ ബാക്കിയുള്ള ആളുകൾ പങ്കിടുന്ന വേദിയിൽ പോലും മമ്മൂട്ടിയെക്കുറിച്ച് മോശമായിട്ടുള്ള ഒരു വാചകം പോലും ലാൽ പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. ഈ 40 വർഷത്തിനിടയിൽ അങ്ങനെ ഒന്നും ഞാൻ കേട്ടിട്ടില്ല.
ഇതിന്റെയൊക്കെ പേരിൽ താഴെ എന്തിന് വഴക്കിടുന്നു എന്നുള്ളത്. അതുപോലെ മമ്മൂക്കയും പരസ്യമായിട്ട് ലാലിന് അനുകൂലമായിട്ട് സംസാരിച്ചിട്ടുള്ളതല്ലേ. അവർ തമ്മിൽ സൗഹൃദം ഉണ്ട്. നിർഭാഗ്യവശാൽ അതിനപ്പുറത്തേക്കുള്ള താഴെ തട്ടിൽ, അതിനെ വ്യത്യസ്തമായിട്ടുള്ള സാഹചര്യമെന്താണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു,’ ഷിബു ബേബി ജോൺ പറഞ്ഞു.
മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമാണ് വാലിബൻ. മോഹൻലാലിനും ഹരീഷ് പേരടിക്കും പുറമെ സൊണാലി കുൽക്കർണി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Shibu baby john about mamootty and mohanlal relation