മലൈക്കോട്ടൈ വാലിബൻ സിനിമയെ ഡീഗ്രേഡിങ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവും രാഷ്ട്രീയ പ്രവർത്തകനുമായ ഷിബു ബേബി ജോൺ. ഈ ഡീഗ്രേഡിങ്ങിലൊന്നും തനിക്ക് പുതുമ തോന്നുന്നില്ലെന്നും ഇതെല്ലം രാഷ്ട്രീയത്തിൽ ഉള്ളതാണെന്നും ഷിബു പറഞ്ഞു. എന്നാൽ ഇത് സിനിമയിൽ ഉണ്ടെന്ന് മനസിലാക്കിയതിലുള്ള വിഷമം മാത്രമേയുള്ളൂയെന്നും ഷിബു പറയുന്നുണ്ട്.
അഭിപ്രായം പറയുക എന്നത് ഒരു വ്യക്തിയുടെ അവകാശമാണെന്നും ഇതൊന്നും തടയിടാമെന്ന് താൻ വിശ്വസിക്കില്ലെന്നും ഷിബു ബേബി പറഞ്ഞു. അഭിപ്രായം പറയുമ്പോൾ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതും കൊല്ലാൻ ശ്രമിക്കുന്നതും രണ്ടാണെന്നും ഷിബു കൂട്ടിച്ചേർത്തു. ലിജോ ദോശക്കല്ലിൽ നിന്നും നല്ല ദോശ ചുട്ടെടുക്കുന്ന ഒരാളാണെന്നും എന്നാൽ ആ ദോശക്കല്ലിൽ നിന്നും ഇഡ്ലി പ്രതീക്ഷിക്കുന്നതാണ് പ്രശ്നമെന്നും ഷിബു മലയാള മനോരമയോട് പറഞ്ഞു.
‘എനിക്ക് ഇതിൽ പുതുമ തോന്നുന്നില്ല. രാഷ്ട്രീയത്തിൽ ഇതുണ്ട്, അത് അനുഭവിച്ചിട്ടുള്ള ഒരാളാണ്. സിനിമയിൽ ഇതുണ്ട് എന്ന് മനസിലാക്കിയതിലുള്ള ഒരു വിഷമം മാത്രമേ ഉള്ളൂ. വളരെ പ്രതികൂലമായി എന്ന് ഒരു ഘട്ടത്തിൽ ഭയന്നു. അതുപോലെയുള്ള പ്രതികരണങ്ങളാണ് ആദ്യത്തെ ദിവസം, റിവ്യൂ ബോംബിങ് തന്നെ നടന്നു.
അത് മാറിയിട്ട് ഒരു നല്ല സിനിമ എന്ന രീതിയിലേക്ക് മാറിയതിൽ അതിയായ സന്തോഷമുണ്ട്. ഇതിനെയൊന്നും നിയമം കൊണ്ട് തടയിടാമെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. നമ്മുടെ അവകാശമാണ് അഭിപ്രായം പറയുക എന്നത്. അഭിപ്രായം പറയുമ്പോൾ, എനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതും കൊല്ലാൻ ശ്രമിക്കുന്നതും രണ്ടാണ്.
പൗരബോധത്തിൽ നിന്നും സ്വയം ആർജിച്ചെടുക്കേണ്ടതാണ്. ലിജോ ഒരു ദോശക്കല്ലിൽ നിന്ന് നല്ല ദോശ ചുട്ടെടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ്. ആ ദോശക്കല്ലിൽ നിന്നും ഇഡ്ലി വേണമെന്ന് പ്രതീക്ഷിച്ചു വന്നാൽ, അത് പ്രതീക്ഷയർപ്പിച്ചവരുടെ തെറ്റാണെന്നെ പറയാൻ പറ്റൂ,’ഷിബു ബേബി ജോൺ പറഞ്ഞു.
Content Highlight: Shibu baby john about malaikkottai valiban degrading