| Wednesday, 31st January 2024, 10:10 am

ഒരു മോശം പടം എടുക്കാൻ വേണ്ടിയിട്ടല്ലല്ലോ ലിജോ ഇങ്ങനെ ഒരു ടെൻഷൻ അനുഭവിച്ചത്: ഷിബു ബേബി ജോൺ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് ഇറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ചിത്രത്തിന് നേരെ ഡീഗ്രേഡിങ് നടന്നതിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരി പ്രസ് മീറ്റിൽ ഇരുന്ന് തന്റെ മനസ് മടുത്തെന്ന് പറഞ്ഞിരുന്നു.

ലിജോ മനസ് മടുത്തെന്ന് പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവും രാഷ്ട്രീയ പ്രവർത്തകനുമായ ഷിബു ബേബി ജോൺ. സ്വാഭാവികമായിട്ടും വിഷമം ഉണ്ടാവുമെന്നും ലിജോ ഷൂട്ട് ചെയ്യുമ്പോൾ അനുഭവിച്ച ടെൻഷൻ എത്രത്തോളമാണെന്ന് താൻ നേരിട്ട് കണ്ടതാണെന്ന് ഷിബു പറഞ്ഞു. വളരെ ചെറിയ കാര്യങ്ങൾ വരെ കൃത്യമായി നോക്കി പടം ചെയ്ത ഒരു വ്യക്തിയെ ഇങ്ങനെ വലിച്ചു കീറുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദമാണ് അതെന്ന് ഷിബു മലയാള മനോരമയോട് പറഞ്ഞു.

‘സ്വാഭാവികമായിട്ടും വിഷമം ഉണ്ടാകും. ഞാൻ ഈ ആ വ്യക്തിയെ സിനിമയുടെ ഭാഗമായിട്ടാണ് പരിചയപ്പെട്ടത്. ഒന്നര വർഷം ഞങ്ങൾ വളരെ അടുത്ത ഒരു ബന്ധമായിരുന്നു. ആ മനുഷ്യൻ അനുഭവിച്ച ടെൻഷൻ എത്രത്തോളമാണെന്ന് അറിയുമോ. ഷൂട്ടിങ്ങിന്റെ ആരംഭം മുതൽ തലേദിവസം ഇതിന്റെ വർക്ക് തീരുന്നത് വരെ അനുഭവിച്ച സമ്മർദ്ദം ഞാൻ കണ്ടതാണ്. ഒരു മോശം പടം എടുക്കാൻ വേണ്ടീട്ടില്ലല്ലോ അദ്ദേഹം ഇങ്ങനെ ഒരു ടെൻഷൻ അനുഭവിച്ചത്.

പുള്ളിയുടെ ഏറ്റവും നല്ല ക്രിയേറ്റിവിറ്റി, മോഹൻലാലിനെ എങ്ങനെ പുള്ളി കാണാൻ ആഗ്രഹിക്കുന്നു, മോഹൻലാലിന്റെ പെർഫോമൻസ് എങ്ങനെ വേണം എന്നൊക്കെയുള്ള മൈന്യുട്ട് ആയിട്ടുള്ള കാര്യങ്ങൾ വരെ നോക്കുന്ന ഒരു വ്യക്തി, പെട്ടെന്ന് എല്ലാരും കൂടെ വലിച്ചു കീറുമ്പോൾ ഉണ്ടാകുന്ന ഒരു മാനസികമായ സമ്മർദ്ദമാണത്.

അദ്ദേഹത്തിനുണ്ടായ ഒരു വേദനയുണ്ട്, ഇവരൊന്നും അത് മനസ്സിലാക്കുന്നില്ല. ലിജോ വേറൊരു കുഴപ്പവും ചെയ്തില്ലല്ലോ. ഒന്നര വർഷം ആലോചിച്ച് ആലോചിച്ച് ഉണ്ടാക്കിയ ഒരു പടം ചിലവർക്ക് ഇത് ഇഷ്ടപ്പെട്ടില്ലായിരിക്കാം സ്ലോ ആയിരിക്കാം, ശരിയാണ്. അതിനുവേണ്ടി ഇല്ലായ്മ ചെയ്യുന്ന രീതിയിലേക്ക് പോകേണ്ട കാര്യമുണ്ടോ,’ ഷിബു ബേബി ജോൺ പറഞ്ഞു.

Content Highlight: Shibu baby john  about lijo jose pellisher’s hardwork

We use cookies to give you the best possible experience. Learn more