എന്റെ സിനിമയിലേക്ക് വന്നിട്ട് ലാൽ അങ്ങനെ അനുഭവിക്കേണ്ടി വന്നപ്പോൾ കുറ്റബോധം തോന്നി: ഷിബു ബേബി ജോൺ
Entertainment
എന്റെ സിനിമയിലേക്ക് വന്നിട്ട് ലാൽ അങ്ങനെ അനുഭവിക്കേണ്ടി വന്നപ്പോൾ കുറ്റബോധം തോന്നി: ഷിബു ബേബി ജോൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th January 2024, 9:10 am

മലയാള സിനിമ പ്രേക്ഷകർ ഈ വർഷം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകരെല്ലാം.

മലയാളികൾക്ക് സുപരിചിതനായ ഷിബു ബേബി ജോൺ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണ് വാലിബൻ.

ഷൂട്ടിങ് സമയത്ത് ഒരുപാട് പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു ഷിബു. സിനിമയ്ക്ക് വേണ്ടി രണ്ടര മാസത്തോളം മോഹൻലാൽ ഒരു കോട്ടയിൽ ഒറ്റപ്പെട്ട് കഴിഞ്ഞെന്നും അതിൽ തനിക്ക് കുറ്റബോധം ഉണ്ടെന്നും ഷിബു പറയുന്നു. എന്നാൽ മോഹൻലാൽ അത് ഒരിക്കലും തന്നോട് പ്രകടിപ്പിച്ചിട്ടില്ലെന്നും കാൻ ചാനൽ മീഡിയയോട് അദ്ദേഹം പറഞ്ഞു.

‘ഈ സിനിമയിൽ മാത്രമല്ല, ആദ്യകാലഘട്ടം മുതൽ തന്നെ ലാലിന്റെ മിക്ക സിനിമകളുടെയും ലൊക്കേഷനിൽ ഞാൻ ചെന്ന് താമസിക്കാറുണ്ട്. ഞാനൊരാളെയും കൂട്ടി അദ്ദേഹത്തിനെ പരിചയപ്പെടാൻ ചെന്നാൽ, എന്റെ കൂടെ വരുന്ന ആള് മോഹൻലാലിന്റെ അടുത്ത സുഹൃത്ത് എന്ന സംതൃപ്തിയോടെ മാത്രമേ അവിടുന്ന് തിരിച്ചു പോവുള്ളൂ.

അത് അങ്ങനെയാണ്. ലാലിലേക്ക് വരുന്ന ഒരാളെ എന്നും ആ കൂടികാഴ്ച്ച മനസിനെ സ്വാധീനിക്കും. അങ്ങനെയൊരു അസാധാരണമായ കഴിവ് ലാലിലുണ്ട്.

ഈ സിനിമയിലുടനീളം വളരെ പ്രതികൂലമായ സാഹചര്യങ്ങൾ ആയിരുന്നു. മോഹൻലാലിനെ പോലൊരു നടൻ രണ്ടര മാസം ഒരു കോട്ടയിൽ ഒറ്റപെട്ട് കഴിയുകയായിരുന്നു. ഒരു മലയാളി പോലും ഇല്ലായിരുന്നു. പക്ഷെ എന്നിട്ട് പോലും ആ സൗഹൃദത്തിനൊന്നും ഒരു മാറ്റവുമില്ല. എനിക്ക് പലപ്പോഴും കുറ്റബോധം തോന്നിയിരുന്നു, എന്റെ സിനിമയിലേക്ക് വന്നിട്ട് ലാൽ ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നല്ലോ എന്നോർത്തിട്ട്.

ഒരാളോട് പോലും സംസാരിക്കാൻ കഴിയാതെ പൊക്രാൻ കോട്ടയ്ക്ക് അകത്തായിരുന്നു ലാൽ. ആ ഒരു ഒറ്റപ്പെടൽ ഞാൻ കാരണം ലാലിന് ഉണ്ടായല്ലോ എന്ന ബുദ്ധിമുട്ടാണ് എനിക്ക്.

പക്ഷെ ലാൽ ഒരിക്കലും അത് പ്രകടിപ്പിച്ചിട്ടില്ല,’ഷിബു ബേബി ജോൺ പറയുന്നു.

Content Highlight: Shibu Baby Jhon Talk About Mohanlal