| Friday, 21st July 2023, 4:31 pm

ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് നേരെ വി.എസ്. അപവാദം നടത്തിയത് പാര്‍ട്ടി നിര്‍ദേശപ്രകാരം: ഷിബു ബേബി ജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് നേരെ മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ അപവാദം പാര്‍ട്ടി നിര്‍ദേശപ്രകാരമാണെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആരോ എഴുതി വിട്ടത് വായിക്കുകയായിരുന്നു വി.എസ് എന്നും അദ്ദേഹം മാധ്യമളോട് പറഞ്ഞു. അതിന്റെ പിന്നില്‍ ഒരു പാര്‍ട്ടിയുടെ നിലപാട് തന്നെയാണെന്ന് വ്യക്തമാണെന്നും ഷിബു പറഞ്ഞു.

‘ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്കെതിരെ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ ഞാനും സാക്ഷിയാണ്. അതിപ്പോള്‍ വി.എസ് ആണ് പറഞ്ഞത്‌ പോകാം, പക്ഷേ ആ അഞ്ച് വര്‍ഷക്കാലവും വി.എസ് സ്വന്തമായിട്ട് ഒന്നും പറഞ്ഞില്ല. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആരോ എഴുതി വിട്ടത് മാത്രം വായിച്ചതാണ്.

അന്നേരം അതിന്റെ പിന്നില്‍ ഒരു പാര്‍ട്ടിയുടെ നിലപാട് തന്നെയാണെന്ന് വ്യക്തമല്ലേ. പാര്‍ട്ടി നിയോഗിക്കുന്നയാളാണല്ലോ വി.എസിന് പ്രസംഗം എഴുതി കൊടുക്കുന്നത്. പാര്‍ട്ടി എഴുതി കൊടുത്തത് വി.എസ്. പ്രസംഗിച്ചുവെന്നെയുള്ളൂ. അതിലെങ്കിലും ഒരു തെറ്റുപറ്റിയെന്ന്, രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്ന് പറയാനുള്ള ബേസിക് മര്യാദയെങ്കിലും കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഈയൊരു ജനവികാരത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കൂടെ നല്ലത് പറഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ എതിരാകുമോയെന്ന് കണ്ടുകൊണ്ടാണ് സി.പി.ഐ.എം ഉമ്മന്‍ ചാണ്ടി മഹാനാണെന്ന് ഇപ്പോള്‍ പറയുന്നത്,’ അദ്ദേഹം പറഞ്ഞു.

രണ്ട് പെണ്‍മക്കളുള്ള, പേരക്കുട്ടികളടക്കമുള്ള വ്യക്തിയെ സ്ത്രീ വിഷയത്തില്‍ പ്രതിക്കൂട്ടിലാക്കി പ്രതികരണം നടത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി മഹാനാണെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഉമ്മന്‍ചാണ്ടി മഹാനാണെന്ന് പറഞ്ഞുകൊണ്ട് പലരും പ്രസ്താവന കൊടുക്കുമ്പോള്‍ തെറ്റുപറ്റിയെന്നൊരു വാചകം കൂടി പറയുകയാണെങ്കില്‍ അതിന് ഒരു അര്‍ത്ഥമുണ്ട്. രാഷ്ട്രീയ പ്രശ്‌നങ്ങളെ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യേണ്ടതിന് പകരം നീചമായി വ്യക്തിഹത്യ നടത്തി. രണ്ട് പെണ്‍മക്കളുള്ള, പേരക്കുട്ടികളടക്കമുള്ള വ്യക്തിയെ സ്ത്രീ വിഷയത്തില്‍ പ്രതിക്കൂട്ടിലാക്കി പ്രതികരണം നടത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി മഹാനാണെന്ന് പറയുന്നത്.

ഞാന്‍ ശ്രീ ഉമ്മന്‍ ചാണ്ടിയുടെ മഹത്വം കാണുന്നത് ഇതിലൊന്നുമല്ല. ഈ വിഷയം പൊന്തി വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വിശ്വസനീയത കൊടുത്തത് ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ ഗസ്റ്റ് ഹൗസില്‍ വെച്ച് കണ്ടുവെന്നതിനാണ്.

നിയമസഭയിലടക്കം ഇത് വെച്ച് ആഞ്ഞടിച്ചപ്പോള്‍ എന്റെ അടുത്ത് സ്വകാര്യമായി പങ്കുവെച്ച കാര്യം ഞാന്‍ പുറത്ത് പറയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതാണ് പല അഭ്യൂഹങ്ങള്‍ക്കെല്ലാം വഴിവെച്ചത്. പക്ഷേ, ഞാന്‍ ഒറ്റക്കായിരുന്നില്ല, എന്നോടൊപ്പം ഒരു മാധ്യമപ്രവര്‍ത്തകനും ഉണ്ടായിരുന്നുവെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. മരിക്കുന്നത് വരെ എന്താണവിടെ പറഞ്ഞതെന്ന് പരാമര്‍ശിച്ചില്ലെന്നതിലാണ് ഞാന്‍ അദ്ദേഹത്തിന്റെ മഹത്വം കാണുന്നത്.

ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍ ഒരു മന്ത്രിക്ക് എന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നാണ്, ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്. ആരെയാണോ അദ്ദേഹം സംരക്ഷിക്കാന്‍ ശ്രമിച്ചത് അവര് തന്നെ പില്‍കാലത്ത് ആ അവിഹിത ബന്ധം കൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള വ്യാജ രേഖകള്‍ പോലും ചമച്ചുവെന്നുള്ള സാഹചര്യമുണ്ട്. എന്നിട്ട് പോലും ആ മനുഷ്യന്‍ പറഞ്ഞില്ല. അതിനെയാണ് മഹത്വം എന്ന് പറയുന്നത്,’ ഷിബു പറഞ്ഞു.

നെഞ്ചത്ത് കല്ലെറിഞ്ഞതിനേക്കാള്‍ ആഴത്തില്‍ കഠാര കുത്തിക്കേറ്റിയ തരത്തിലുള്ള വേദനയും സഹിച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി കേരളത്തിലെ സാധാരണ ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച ദിവസമുണ്ട്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സംസാരിച്ചിട്ടില്ലാത്ത ആ സ്ത്രീയെ പരാമര്‍ശിച്ച് കൊണ്ട്, ബിജു രാധാകൃഷ്ണന്‍ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഒരു സി.ഡിയുണ്ടെന്ന് പറഞ്ഞു. അതില്‍ എന്റെ പേരും പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെയും വേറൊരു മന്ത്രിയുടെയും സി.ഡിയുണ്ടെന്നാണ് പറഞ്ഞത്.

ഞാനത് പുച്ഛിച്ച്, പരിഹസിച്ച് തള്ളിയെങ്കിലും ആ സി.ഡിയെടുക്കാന്‍ പോയ ദിവസം ഒരു അങ്കലാപ്പുണ്ടായി. എന്താണ് എടുത്ത് കൊണ്ട് പോകുന്നതെന്ന് ആര്‍ക്കറിയാം. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍ ഉണ്ട്. അപ്പോള്‍ ആ മനുഷ്യന്‍ അനുഭവിച്ചതെന്താണ്.

യഥാര്‍ത്ഥത്തില്‍ കല്ലെറിഞ്ഞ് പരിക്കേറ്റതിലുള്ള ചെറിയ മുറിവല്ല, നെഞ്ചത്ത് കല്ലെറിഞ്ഞതിനേക്കാള്‍ ആഴത്തില്‍ കഠാര കുത്തിക്കേറ്റിയ വേദനയും സഹിച്ചുകൊണ്ട് ആ മനുഷ്യന്‍ കേരളത്തിലെ സാധാരണ ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിച്ചുവെന്ന് മഹത്വം മറ്റൊരു തലത്തിലേക്കെത്തുകയാണ്.

ഇനിയെങ്കിലും രാഷ്ട്രീയ പൊതുപ്രവര്‍ത്തനത്തിന് പുതിയൊരു പാത വെട്ടിത്തുറന്ന് തന്നാണ് അദ്ദേഹം പോയിരിക്കുന്നത്. ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും പഠിക്കേണ്ട അനവധി പാഠങ്ങള്‍ നല്‍കിയാണ് പോയത്. ഈ സന്ദര്‍ഭത്തില്‍ വൃത്തിക്കെട്ട രാഷ്ട്രീയം ഇനി കേരളത്തില്‍ ഉണ്ടാകില്ലെന്നെങ്കിലുമുള്ള പൊതു തീരുമാനം ഉണ്ടാകണമെന്നാണ് എനിക്ക് പറയാനുള്ളത്.

ഞങ്ങള്‍ക്ക് ഒരു തെറ്റുപറ്റിയെന്ന് അംഗീകരിച്ച് കൊണ്ട് പറഞ്ഞാല്‍ ആത്മാര്‍ത്ഥതയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ സി.പി.ഐ.എമ്മിനെ വല്ലാതെ ആശങ്കപ്പെടുത്തി. ഒരു തുടര്‍ഭരണമെന്ന ചര്‍ച്ച അന്ന് തന്നെ ആരംഭിച്ചു. ഒരു ജൈത്രയാത്ര മുന്നോട്ട് പോയപ്പോള്‍ അന്ന് തന്നെ ബോധപൂര്‍വം ഉമ്മന്‍ചാണ്ടിയുടെ ജനപിന്തുണ തകര്‍ക്കണമെന്ന തീരുമാനം അവര്‍ എടുത്തിരുന്നു.

അതിന്റെ ഭാഗമായി മെനഞ്ഞെടുത്ത കഥകളാണ് കേരള രാഷ്ട്രീയത്തില്‍ എന്നന്നേക്കുമായിട്ടുമുള്ള ഏറ്റവും മോശപ്പെട്ട അല്ലെങ്കില്‍ കറുത്ത അധ്യായമായി കേരള രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ പോകുന്നത്,’ ഷിബു ബേബി ജോണ്‍ പറഞ്ഞു.

content highlights: shibu baby jhon about vs achuthananthan’

We use cookies to give you the best possible experience. Learn more