| Friday, 13th September 2019, 5:13 pm

ഭാഷയുടെയും ദേശത്തിന്റെയും മുകളിലുള്ള അതിരുകടന്ന ഏത് കാല്‍പനികവാദവും തീവ്രവാദമാണ്

ഷിബി തെക്കയില്‍

ഒറ്റനോട്ടത്തില്‍ സമ്പൂര്‍ണ മലയാളം എന്ന് കേള്‍ക്കുമ്പോള്‍ ഒരുസംശയത്തിനുപോലും ഇടനല്‍കാതെ ആ ആശയങ്ങള്‍ പരിപൂര്‍ണമായും അടിസ്ഥാന വര്‍ഗങ്ങളോട് ചേര്‍ന്നിരിക്കുന്നവെന്ന് നമുക്കുതോന്നാം. എന്നാല്‍ അവയുടെ രാഷ്ട്രീയം വാസ്തവത്തില്‍ ഓരം ചേരുന്നത് ഫാസിസ്റ്റ് ആശയ സംഹിതകളോടും ജനാധിപത്യവിരുദ്ധതയോടുമാണ്. ഒരര്‍ത്ഥത്തില്‍ ഇത് ജാതിവാദം തന്നെയല്ലേയെന്നുവരെ നമ്മളെക്കൊണ്ട് ചിന്തിപ്പിച്ചേക്കാം. ഒരു ഭാഷ മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമാണ് എന്ന വാദമൊക്കെ അതിന്റെ മണ്ടത്തരത്തോടെ തന്നെ നമുക്ക് മറക്കാം. എന്നാല്‍പോലും ഭാഷയെ നമ്മള്‍ ഭയപ്പെടുന്നതെന്തിനാണ്? എന്തിനാണ് മലയാള ഭാഷയ്ക്ക് ഇംഗ്ലീഷ് ഭാഷയോട് ഇത്ര ഭയം? യഥാര്‍ത്ഥത്തില്‍ ആ ഭയം ആര്‍ക്ക് ആരോടാണ്?

ഭരണഭാഷയും കോടതിഭാഷയുമൊക്കെ മലയാളത്തിലുമാക്കുന്നതില്‍ തെറ്റില്ല. പക്ഷെ, സ്വകാര്യ ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും സമ്പൂര്‍ണ മലയാളം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാറിന് കഴിയുമോ? ഇല്ലെങ്കില്‍ ഭാഷയുടെ ഉത്തരാവാദിത്വം സാധാരണക്കാരന് മാത്രമാവുന്നത് ശരിയാണോ? യഥാര്‍ത്ഥത്തില്‍ ഈ വിഷയവും വലിയൊരു ചരിത്രപ്രശ്‌നമാണ്. ഇംഗ്ലീഷ് പഠിച്ച് കൊളോണിയല്‍ ഭരണത്തോടൊപ്പം ചേര്‍ന്നാണ് ഇവിടത്തെ ഉയര്‍ന്ന ജാതിവിഭാഗങ്ങള്‍ അവരുടെ സമ്പത്തിന്റെയും വൈജ്ഞാനികതയുടെയും മുകളിലുള്ള അധികാരത്തെ ഈ വര്‍ത്തമാന കാലത്തും തുടര്‍ന്നും സംരക്ഷിച്ചുവന്നത്. താഴ്ന്ന ജാതിവിഭാഗങ്ങള്‍ വൈജ്ഞാനിക മേഖലകളിലേക്ക് കടന്നുവരാതിരുന്നതിന്റേതായ എല്ലാ പ്രശ്‌നങ്ങളും അവക്കുണ്ടായിരുന്നുവെന്നു ഇന്ന് ഏറെക്കുറേ എല്ലാവര്‍ക്കും വ്യക്തമാണല്ലോ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളചരിത്രത്തിന്റെ ഒരു കാലഘട്ടത്തിലും ഇന്നുള്ള അത്രയേറെ താഴ്ന്ന ജാതിവിഭാഗങ്ങള്‍ അക്കാദമിക മേഖലകളിലേക്ക് കടന്നുവന്നിട്ടില്ല. ഇംഗ്ലീഷ് ഭാഷ അറിയാത്ത അധ്യാപകര്‍ പഠിപ്പിച്ചും വലിയ വലിയ ചരിത്രഘട്ടങ്ങള്‍ താണ്ടിയുമാണ് സാധാരണ ജനങ്ങള്‍ അക്കാദമിക മേഖലകളിലേക്ക് കടന്നുവന്നത്. അങ്ങനെയൊക്കെ ഒരു കണക്കിന് വൈജ്ഞാനികമേഖലയുടെ ഉന്നതഘട്ടങ്ങളിലേക്ക് എത്തിപ്പെട്ട ആ സാഹചര്യത്തിലാണ് ‘നിങ്ങളിനി ഇംഗ്ലീഷ് പഠിക്കേണ്ടതില്ല’ എന്ന് പറഞ്ഞ് മലയാളഭാഷയുടെ പൈതൃകത്തിന്റെ ഉത്തരാവാദിത്വം അവരുടെ മുകളില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത്.

സമ്പൂര്‍ണ മലയാളവാദം ജാതിവാദമാണോ എന്ന് സംശയിക്കപ്പെടേണ്ടെതിന്റെ സാഹചര്യം ഇവിടെയാണ്. ഭരണഭാഷയുടെയും കോടതിഭാഷയുടെയും പേരുപറഞ്ഞ് ഒരു ജനകീയമുഖമുണ്ടാക്കി സാധാണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഇപ്പോള്‍ കിട്ടുന്ന ഏറ്റവും കുറഞ്ഞപക്ഷം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള അവസരംപോലും ഇതുവഴി ഇല്ലാതാവാനുള്ള അപകടരമായ സാധ്യത നമ്മള്‍ക്ക് ചിന്തിക്കാവുന്നതിനേക്കാള്‍ വളരെ വലുതായിരിക്കും. ലോകത്തിന്റെ നാനാസ്പന്ദനങ്ങളെ വിവര്‍ത്തനങ്ങളെയും പഠനങ്ങളെയും മാത്രം വെച്ചുകൊണ്ട് എത്രനാള്‍ പഠിക്കും?

മാര്‍ക്‌സിസത്തെക്കുറിച്ച് മൂലധനത്തിന്റെ വിവര്‍ത്തനം വായിച്ച് എത്രനാള്‍ എഴുതും? ഈ വിവര്‍ത്തനങ്ങളെ മാത്രംവെച്ച് കേരളസമൂഹമെന്നും സംസ്‌കാരമെന്നുമൊക്കെ പറഞ്ഞ് സൈദ്ധാന്തിക കവാത്ത് നടത്തുമ്പോള്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാവുന്ന അവസ്ഥയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഇംഗ്ലീഷ് അധിനിവേശത്തിന്റെ ഭാഷയാണെന്ന വാദം കടന്നുവരുന്നത് സാധാരണക്കാരന് ഇംഗ്ലീഷ് പ്രാപ്യമാകുമ്പോഴാണെന്ന വസ്തുത അത്ര എളുപ്പത്തില്‍ മറച്ചുവെക്കാനാകില്ല. എല്ലാവരും എല്ലാ ഭാഷയും പഠിക്കട്ടെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സാമ്പത്തികമായും ജാതീയമായും ഉയര്‍ന്നവിഭാഗങ്ങള്‍ മാത്രമാണ് പരിപൂര്‍ണമായും ഇംഗ്ലീഷ് ഭാഷയുടെ മുകളില്‍ അധികാരം കൈവരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി ആ അധികാരം വളരെ ചെറിയതോതിലാണെങ്കില്‍ കൂടിയും അടിസ്ഥാന വര്‍ഗങ്ങളിലേക്കും കടന്നുവരട്ടെ. അതിനുശേഷം വേണമെങ്കില്‍ ചില ഭാഷകള്‍ ചിലര്‍ പഠിക്കേണ്ടതില്ല എന്നു ചിലര്‍ക്കു തീരുമാനിക്കാം.

ഉന്നത വിദ്യാഭാസരംഗത്തെ മലയാളം വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ മേഖലകളെക്കുറിച്ച് വലിയ ആശങ്കയാണുള്ളത്. എം. എ. ബിരുദമുള്ള മലയാളം വിദ്യാര്‍ത്ഥികളില്‍ എല്ലാവരുമെന്ന കണക്കില്‍ യു. ജി. സി. യോഗ്യതയുള്ളവരാണ്. എത്രപേര്‍ക്ക് സര്‍ക്കാര്‍ ജോലികൊടുക്കും? എയ്ഡഡ് കോളേജുകളില്‍ എത്രലക്ഷം രൂപയാണ് മലയാളം യു. ജി. സി. യോഗ്യതയുള്ളവര്‍ കൈക്കൂലികൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതെന്ന് വല്ല ധാരണയുമുണ്ടോ? ഇനിയും മലയാളഭാഷ നിര്‍ബന്ധമാക്കുന്നതോടെ പുറത്തുനിന്നുള്ള തൊഴിലവസരങ്ങളില്‍ മല്‍സരിക്കാനാവാതെ സാധാരണ ജനത വഴിമുട്ടിനില്‍ക്കും. അതേസമയം സ്വകാര്യ ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ ഇംഗ്ലീഷ് പഠിപ്പിക്കുകയും സാമ്പത്തികമായി സുരക്ഷിതരായവര്‍ അതുവഴി തൊഴിലവസരങ്ങളും സമ്പദ്ശേഷിയും നിലനിര്‍ത്തുകയും ചെയ്യും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കീഴാള വിഭാഗങ്ങള്‍ക്കു വേണ്ടി ഇംഗ്ലീഷ് പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇടപതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ആരംഭിയ്ക്കണമെന്ന കാഞ്ജഐലയ്യയുടെ വാദം സ്വത്വരാഷ്ട്രീയമായി അത്ര എളുപ്പത്തില്‍ തള്ളിക്കളയാന്‍ സാധിക്കില്ല. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം മലയാളം പഠിച്ചാല്‍ മതിയെന്ന് കേള്‍ക്കുമ്പോള്‍ വലിയ സുഖമൊക്കെ തോന്നാം. യഥാര്‍ത്ഥത്തില്‍ ഇതൊരു കെണിയാണ്. ഈ കെണിയിലാണ് താഴ്ന്നജാതിക്കാരന്‍ സ്വന്തം ദേശമോ ചരിത്രമോ ഇല്ലാത്ത വാമൊഴി വഴക്കം മാത്രമുള്ള നാടോടിയും ഉയര്‍ന്ന ജാതിക്കാരന്‍ രേഖാസമുച്ചയമുള്ള കൃത്യമായ ചരിത്രമുള്ളവനും ചരിത്രകാരനുമായത്. അതുകൊണ്ട് ഫോക്‌ലോറെന്നോ സമ്പൂര്‍ണ മലയാളമെന്നോ കേള്‍ക്കുമ്പോള്‍ ശരാശരി സാധാരണക്കാരന്‍ അധികം വിജൃംഭിതനാവേണ്ട. കൊളോണിയല്‍ ആധുനികതയുടെ കാലത്തുംപോലും സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന്‍റെ അര്‍ത്ഥവും തലവും വളരെ വലുതായിരുന്നു. അതിനുംമുമ്പത്തെ ചീഞ്ഞകാലത്തിലേക്കാണ് ഇത് കൊണ്ട് ചെന്നെത്തിക്കുക.

അതുകൊണ്ട് നൂറുകോടികൊണ്ട് മൂടിയാല്‍ മലയാളത്തില്‍ ഉല്‍കൃഷ്ടകവിതകളും നോവലുകളുമുണ്ടാക്കി ഭാഷയുടെ ഈടും കെല്പും കൂട്ടാമെങ്കില്‍ അതാണ് കുറേക്കൂടി യുക്തിയെന്ന് തിരിച്ചറിയണം. നമ്മുടെ ഭാഷാപ്രേമം പ്രാദേശികവാദത്തിന്റെ മണ്ടത്തരത്തിന്‍റെയും അപ്പുറത്ത് പ്രതിരോധരാഷ്ട്രീയമായി രൂപപ്പെടുത്തുമ്പോള്‍ ഇവിടത്തെ സാധാരണ ജനജീവിതത്തിന്റെയും ജ്ഞാനോല്‍പാദനത്തിന്റെയും ആഴത്തിനെയും പരപ്പിനെയും അപകടകരമായി ബാധിക്കുമെന്ന വലിയ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. എന്തൊക്കെ ഭാഷാപ്രേമം പറഞ്ഞാലും ഇവിടത്തെ ഒരു സാധാരണക്കാരനും പണക്കാരനും തമ്മിലുള്ള സാമ്പത്തികാസമത്വം നിലനിൽക്കുന്നുണ്ട്. ആ സാമ്പത്തികാസമത്വത്തെ മറികടക്കാനുളള ഏകവഴി സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സർക്കാർ ഉറപ്പുനൽകിയിട്ടുള്ള ആധുനിക വിദ്യാഭ്യാസം മാത്രമാണെന്നിരിക്കെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെതിരെയുള്ള ഏതൊരു മുന്നേറ്റവും ജാതിവാദം തന്നെയാണ്.

സെക്രട്ടേറിയേറ്റിന്റെ പടിക്കൽ നടന്നുകൊണ്ടിരിക്കുന്ന ഈ സമരം അടിസ്ഥാനപരമായി വിജയിച്ച സമരമാണ്. ഇടത് ഭരണകൂടത്തിന് ഈ ആശയത്തിൽ നിന്നും വേറിട്ട ഒരു മുഖം ഉള്ളതായി അറിയില്ല. സാഹിത്യകാരൻമാരും കാല്പനികവാദികളും എന്തുതന്നെ വിചാരിച്ചാലും ആധുനിക മലയാളഭാഷ ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചുവടുപറ്റി വളർന്നതാണെന്നത് ചരിത്രപരമായ ഒരു വസ്തുതയാണ്. സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിയുമ്പോഴേക്കും ആ വസ്തുത ഇംഗ്ലീഷ് വിദ്യാഭ്യാസം നിലവിൽ ആർജ്ജിച്ചു കഴിഞ്ഞ ഒരു ജനത മറന്നുപോയെങ്കിൽ അതുകൊണ്ട് രാഷ്ട്രീയപരമായി വലിയകുഴപ്പങ്ങളൊന്നും വരാനില്ല. പൂമുഖങ്ങളും വെറ്റിലച്ചെല്ലങ്ങളും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ആർജ്ജിച്ച അധികാരങ്ങളും ഉപേക്ഷിച്ച് വടക്കൻപാട്ടുകൾ പാടി പാടത്ത് വെയിലുകൊണ്ട് പണിക്കിറങ്ങിയാൽ അവർക്ക് വലിയ ദോഷങ്ങളൊന്നും വരാനില്ല. അങ്ങനെയുള്ള പരിസ്ഥിതി സ്നേഹം അവർക്ക് ആഢംബരം തന്നെയാണ്.

എന്നാൽ നൂറ്റാണ്ടുകളോളം പാടത്ത് അടിമപ്പണി ചെയ്തിരുന്ന കർഷകതൊഴിലാളികളും പിന്നീട് നിർമ്മാണതൊഴിലാളികളും തോട്ടം തൊഴിലാളികളുമായി മാറിയ ഈ സാധാരണജനങ്ങളും അവരുടെ കുട്ടികളും ഇംഗ്ലീഷ് വിദ്യാഭ്യാസം ആർജ്ജിച്ച് നൂറ്റാണ്ടുകളോളം അനുഭവിച്ച അടിമത്തത്തിൽ നിന്നും ഫ്യൂഡലിസത്തിൽ നിന്നും മുക്തി നേടണം എന്നാണ് ചരിത്ര വിദ്യാർത്ഥിനി എന്ന നിലയിൽ എന്റെ പക്ഷമെന്ന് വ്യക്തമാക്കട്ടെ.

ഭാഷയുടെയും ദേശത്തിന്റെയും മുളിലുള്ള അതിരുകടന്ന ഏത് കാല്പനികവാദവും തീവ്രവാദമാണ്. ഏതെങ്കിലും കാലത്ത് കേരളത്തിന് പുറത്ത് കടന്ന് രക്ഷപ്പെടാനുള്ള സാധാരണജനങ്ങളുടെ പ്രതീക്ഷപോലും കരിയിച്ചുകളയും എന്നതാണ് അതിരുകടന്ന ഈ കാല്പനികവാദത്താൽ നമ്മൾ എത്തിച്ചേരാൻ പോകുന്ന ചരിത്രപരമായ അപകടം.

ഷിബി തെക്കയില്‍

We use cookies to give you the best possible experience. Learn more