ലഖ്‌നൗ: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിര്‍ബന്ധമായി ത്രിവര്‍ണപതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യണമെന്ന നിര്‍ദ്ദേശത്തിനൊപ്പം പുതിയ ആവശ്യം കൂടി മുന്നോട്ടുവച്ച് ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ്. ബോര്‍ഡിനു കീഴിലുള്ള സ്ഥാപനങ്ങളിലും സ്‌കൂളുകളിലും “ഭാരത് മാതാ കീ ജയ്” എന്ന് നിര്‍ബന്ധമായും കുട്ടികളെക്കൊണ്ട് വിളിപ്പിക്കണമെന്നാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. മേല്‍നോട്ടക്കാരും കമ്മറ്റികളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിര്‍ദ്ദേശം.
“സമുദായത്തിനകത്തെ സാക്ഷരതക്കുറവ് മുതലെടുത്ത് രാജ്യത്തെ അധിക്ഷേപിക്കാന്‍ പഠിപ്പിക്കുന്ന ചില മതഭ്രാന്തന്മാരും പുരോഹിതന്മാരുമുണ്ട്. അത്തരക്കാരെ ബോര്‍ഡ് വച്ചുപൊറുപ്പിക്കില്ല. സ്വാതന്ത്ര്യദിനം നമുക്കെല്ലാം അഭിമാനിക്കാനുള്ള ദിവസമാണ്. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ശരിയായ രീതിയില്‍ അത് ആഘോഷിക്കുക തന്നെ വേണം.” ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്‌വി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.
പതാകയുയര്‍ത്തലും ദേശീയ ഗാനാലാപനവും നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും റിസ്‌വി പറയുന്നു. കേന്ദ്ര ഷിയാ വഖഫ് ബോര്‍ഡിനു കീഴില്‍ വരുന്ന എല്ലാ സ്‌കൂളുകളിലും കോളേജുകളിലും മദ്രസകളിലും നിര്‍ദ്ദേശമെത്തിച്ചിട്ടുണ്ട്. രാജ്യത്തോടുള്ള ഭക്തി കാണിക്കാനായി എല്ലാ വിദ്യാര്‍ത്ഥികളും “ഭാരത് മാതാ കി ജയ്” എന്നു വിളിക്കുകയും വേണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും റിസ്‌വി മുന്നറിയിപ്പു നല്‍കുന്നുണ്ട്.
എന്നാല്‍, വലിയ പ്രതിഷേധങ്ങളാണ് റിസ്‌വിയുടെ നിര്‍ദ്ദേശത്തിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എല്ലാ സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യാറുണ്ടെന്ന് സുന്നി പുരോഹിതനായ മൗലാനാ സൂഫിയാന്‍ നിസാമി പറയുന്നു. “ഇങ്ങനെയല്ല ദേശസ്‌നേഹം പഠിപ്പിക്കേണ്ടത്. ഇങ്ങനെ ആരും ഞങ്ങളെ ദേശസ്‌നേഹികളാക്കാന്‍ ശ്രമിക്കുകയും വേണ്ട. ഇത് ശരിയായ രീതിയല്ല.” നിര്‍ദ്ദേശത്തോടു പ്രതികരിച്ചുകൊണ്ട് നിസാമി പറയുന്നു.
ദേശഭക്തി എങ്ങനെ കാണിക്കണമെന്ന് നിര്‍ബന്ധപൂര്‍വം നിര്‍ദ്ദേശിക്കാന്‍ പാടില്ലെന്ന് ഷിയാ പുരോഹിതനായ സയ്ഫ് അബ്ബാസും പറയുന്നു. “എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കെല്ലാമറിയാം. ഞങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ല.” അബ്ബാസ് കൂട്ടിച്ചേര്‍ത്തു.