ലഖ്‌നൗ: അയോധ്യയിലെ ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് ഇറാനിലെ സമോന്നത ഷിയാ പുരോഹിതന്‍ ആയത്തുള്ള അലി അല്‍ സിസ്താനി പുറത്തിറക്കിയ ഫത്വ അംഗീകരിക്കാത്തതിന് ഉത്തര്‍ പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വിയെ സമുദായത്തില്‍ നിന്നും പുറത്താക്കിയതായി പുരോഹിത സമൂഹം. ക്ഷേത്രനിര്‍മാണത്തിനായി ബാബറി മസ്ജിദ് നിന്നിരുന്ന വഖഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകൊടുക്കാമെന്ന റിസ്വിയുടെ നിലപാടിനെ എതിര്‍ത്തുകൊണ്ടായിരുന്നു ഫത്വ.
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നിലപാടുകളെത്തുടര്‍ന്ന് റിസ്വിയെ ഷിയാ വിഭാഗത്തില്‍ നിന്നും പുറത്താക്കുന്നതായി മുതിര്‍ന്ന ഷിയാ പുരോഹിതന്‍ മൗലാനാ കാല്‍ബേ ജവാദാണ് പ്രഖ്യാപിച്ചത്. ലോകമെങ്ങുമുള്ള ഷിയാകളെ റിസ്വി നാണംകെടുത്തിയെന്നാണ് ജവാദിന്റെ ആരോപണം.
റിസ്വിയെപ്പോലുള്ളവര്‍ ഇസ്‌ലാമിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും ഇതിനു കാരണം അവര്‍ക്കുമേലുള്ള സമ്മര്‍ദ്ദമോ യജമാനന്മാരെ പ്രീതിപ്പെടുത്താനുള്ള തത്രപ്പാടോ ആകാമെന്ന് ജവാദ് അഭിപ്രായപ്പെടുന്നു. ആയത്തുള്ള അലി അല്‍ സിസ്താനിയുടെ ഫത്വ നിഷേധിക്കുന്നത് ചിന്തിക്കാന്‍പോലുമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: രാഹുല്‍ ഗാന്ധി അഴുക്കുജലത്തിലെ കീടം മാത്രം; മാനസികരോഗത്തിനു ചികിത്സിക്കണമെന്നും കേന്ദ്രമന്ത്രി ചൗബേ
“സിസ്താനിയുടെ ഫത്വ നിഷേധിക്കുന്നവര്‍ക്ക് ഷിയാ ആയി തുടരാനുള്ള അവകാശമില്ല. ബാബറി കേസില്‍ കോടതിയുടെ തീരുമാനം അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഞങ്ങള്‍ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ റിസ്വി ധൃതിവയ്ക്കുകയാണ്. തന്റേതല്ലാത്ത ഭൂമി എങ്ങിനെയാണ് റിസ്വിക്ക് ദാനം ചെയ്യാന്‍ സാധിക്കുക?” ജവാദ് ചോദിക്കുന്നു.
എന്നാല്‍, പുറത്താക്കല്‍ നിഷേധിച്ച് റിസ്വിയും രംഗത്തെത്തിയിട്ടുണ്ട്. “ബാബറി മസ്ജിദ് കേസിലെ സാക്ഷിയാണ് മൗലാനാ ജവാദ്. അതിനാലാണ് അദ്ദേഹം ഷിയാ വഖഫ് ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും. എത്ര വലിയ പുരോഹിതനായാലും, ഇസ്‌ലാമില്‍ നിന്നും ആരേയും പുറത്താക്കാനുള്ള അധികാരം ആര്‍ക്കുമില്ല” റിസ്വി പറയുന്നു.
ഉത്തര്‍ പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് പിന്തുടരുക ഇന്ത്യന്‍ ഭരണഘടനയാണ്, ഫത്വയല്ല. ബാബറി മസ്ജിദ് കേസിലെ അന്യായക്കാരെ പിന്തുണയ്ക്കാന്‍ ബോര്‍ഡിനു മേല്‍ രാജ്യാന്തര കേന്ദ്രങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ട്. ആയത്തുള്ള സിസ്താനിയുടെ ഫത്വയും ഈ തന്ത്രത്തിന്റെ ഭാഗമാണ്. തീവ്രവാദികളുടെ വാക്കനുസരിച്ചല്ല ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും റിസ്വി മാധ്യമങ്ങളോടു തുറന്നടിച്ചു.
ഹൈന്ദവവിശ്വാസങ്ങളുടെ ഭാഗമാണ് അയോധ്യയിലെ രാമക്ഷേത്രമെന്നും, രാജ്യത്തെ വിവിധ സമൂഹങ്ങളുടെ വികസനത്തില്‍ ബോര്‍ഡ് ബദ്ധശ്രദ്ധരാണെന്നും റിസ്വി പറയുന്നു. ഹിന്ദുക്കള്‍ക്ക് അവരുടെ അവകാശം ലഭിക്കണം, മുസ്‌ലിങ്ങള്‍ ആരുടേയും അവകാശം തട്ടിയെടുക്കാതിരിക്കണം. ലോകത്തെ എല്ലാ മുസ്‌ലിങ്ങളും എതിരു നിന്നാലും ബോര്‍ഡിന്റെ നിലപാടില്‍ മാറ്റമില്ലെന്നും റിസ്വി തറപ്പിച്ചു പറയുന്നു.