‘The time will come when people such as I will look upon the murder of (other) animals as they now look upon the murder of human beings.’ Leonardo Da Vinci. Da Vinci Code.
അമിത് വി. മാസുര്‍കറുടെ ‘ന്യൂട്ടണു’ ശേഷമുള്ള ചലച്ചിത്രമാണ് ‘ഷേര്‍ണി’. ‘ന്യൂട്ടണ്‍’ ഏറെ ശ്രദ്ധനേടിയ സിനിമയാണ്. ആമസോണ്‍ പ്രൈമില്‍ റിലീസായ ‘ഷേര്‍ണി’ ന്യൂട്ടണ്‍ സിനിമയുമായി പ്രമേയപരവും പ്രതിപാദനപരവുമായ ചില സാദൃശ്യങ്ങള്‍ പങ്കിടുന്നുണ്ട്. ന്യൂട്ടണിലെ നായക കഥാപാത്രമായ ന്യൂട്ടണ്‍ കുമാറിന്റെ സത്യസന്ധതയും തൊഴില്‍പരമായ അര്‍പ്പണ ബോധവും ആരോടും മുഖം നോക്കാതെ അഭിപ്രായം വെട്ടിത്തുറന്നു പറയാനുള്ള ആത്മധൈര്യവും സമാനമായ വിധത്തില്‍ തന്നെ ‘ഷേര്‍ണി’യിലെ ഡി.എഫ്.ഒവിന്റെ കഥാപാത്രമായ വിദ്യ വിന്‍സെന്റും പ്രകടിപ്പിക്കുന്നു. വിദ്യ വിന്‍സെന്റിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിദ്യാ ബാലനാണ്.
ന്യൂട്ടണ്‍ കുമാര്‍ എന്ന ഗുമസ്ത തലത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി അഭിനയിക്കുന്നത് രാജ് കുമാര്‍ റാവുവാണ്. ന്യൂട്ടണ്‍ കഥനടക്കുന്നത് ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് അധീന മേഖലയായ ദണ്ഡകാരണ്യത്തിലാണ്. ഇതിനോട് ചേര്‍ന്നുകിടക്കുന്ന മധ്യപ്രദേശിലെ വനപ്രദേശമാണ് ‘ഷേര്‍ണി’യിലെ ഭൂമിക.
വനസ്ഥലി പശ്ചാത്തലം മാത്രമായല്ല നിലകൊള്ളുന്നത്. ആഖ്യാനത്തില്‍ സവിശേഷമായ സ്ഥാനവും വഹിക്കുന്നു. കാടും ആദിവാസി ജീവിതവും ആഖ്യാനത്തിലെ സുപ്രധാന ഘടകമാണ്. കാടിന്റെ പെരും വിസ്തൃതിയെ സ്‌ക്രീനില്‍ പ്രകടിതമാക്കുന്ന ഡ്രോണ്‍ ഷോട്ടുകള്‍ രണ്ടിലും സമാനമായ രീതിയില്‍ തന്നെ കാണാം. സര്‍ക്കാര്‍ സംവിധാനവും, ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും, ആദിവാസികളല്ലാത്ത രാഷ്ട്രീയ നേതൃത്വവും അവരില്‍ നിന്നൊക്കെ അകന്നും എന്നാല്‍ അവരാല്‍ നിയന്ത്രിക്കപ്പെട്ടും ചൂഷണവിധേയമായും മറ്റൊരു കാലത്തിലും വ്യവസ്ഥയിലും ജീവിതം നയിക്കുന്ന ആദിവാസി സമൂഹത്തിന്റെ അനുഭവലോകം രണ്ടു സിനിമകളിലും അനാവരണം ചെയ്യുന്നുണ്ട്. എങ്കിലും രണ്ടിലേയും ആദിവാസി ജീവിതത്തിന്റെ പ്രതിപാദനം നാഗരികമായ കാഴ്ചയിലൂടെയാണെന്ന് മാത്രം.
നാഗരികമായ നോട്ടങ്ങളില്‍ വനഭംഗി കാല്പനികമായ ഒരു അനുഭവമാണ്. എന്നാല്‍ ‘ഷേര്‍ണി’യിലും ‘ന്യൂട്ടണി’ലും വനം അപകടം പതിയിരിക്കുന്ന സ്ഥലങ്ങളാണ്. വനാതിര്‍ത്തികളിലും കാടിന്റെ അകങ്ങളിലും താമസിക്കുന്നവര്‍ക്ക് വനം ജീവിതാവശ്യങ്ങള്‍ക്കുള്ള വിഭവസ്രോതസ്സായിരിക്കെ തന്നെ കാട് നാഗരികമായ കാല്പനികമായ അനുഭൂതി മാത്രം പ്രദാനം ചെയ്യുന്ന ഒരിടമാകാന്‍ വഴിയില്ല. അവര്‍ കാടിന്റെ ആവാസവ്യവസ്ഥയുടെ തന്നെ ഭാഗമാണ്.
വനത്തെക്കുറിച്ചുള്ള സര്‍ക്കാറിന്റെ ആകാംക്ഷകള്‍ മറ്റൊരു നിലയ്ക്കുള്ളതാണ്. വന്യമൃഗങ്ങള്‍ വിഹരിക്കുന്നു എന്ന് മാത്രമല്ല ഭരണകൂടം ഭീകരതയോടെ കാണുന്ന മാവോയിസ്റ്റുകളും പതിയിരിക്കുന്ന ഇടമാണ് വനഭൂമി. നഗരത്തിലെ പൊലീസിനേക്കാള്‍ അധികാരമുണ്ട് കാട്ടില്‍ വനംവകുപ്പിന്. വനമെന്നാല്‍ ഉപയോഗാവശ്യങ്ങള്‍ക്കുള്ള വിഭവമാണെന്ന കൊളോണിയല്‍ കാഴ്ചപ്പാടില്‍ നിന്ന് തെല്ലൊക്കെ സര്‍ക്കാര്‍ സമീപനം മാറിയിട്ടുണ്ടെന്നത് വാസ്തവമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും പുതിയ പാരിസ്ഥിതിക സാക്ഷരതയുടെയും പരിസരത്തില്‍ ഏറെക്കുറെ സന്തുലിതമായ കാഴ്ചപ്പാടോടെയാണ് സര്‍ക്കാരും മാധ്യമങ്ങളും വനപ്രദേശത്തെ കാണുന്നത്.
എന്നിട്ടും വനംകൊള്ളയും മരംമുറിയും നിര്‍ബാധം നടക്കുന്നുവെന്നുള്ളത് നമ്മുടെ മുമ്പിലെ യാഥാര്‍ത്ഥ്യമാണ്. പരിസ്ഥിതിയോ വികസനമോ എന്ന നെടുങ്കന്‍ പ്രശ്‌നം ജനങ്ങള്‍ക്ക് നേരെയെറിഞ്ഞുകൊണ്ടാണ് എല്ലാ കൊള്ളയും അരുതായ്മകളും ഭരണവര്‍ഗം നടത്തിയെടുക്കുന്നത്. വികസന വിരുദ്ധന്‍ അധമാവസ്ഥയുടെ സൂചകമാവുകയും പരിസ്ഥിതി വിരുദ്ധന്‍ എന്നത് മനുഷ്യഗുണകാംക്ഷിയായും നിലകൊള്ളുന്ന വിചിത്ര മാധ്യമ പൊതുബോധമാണ് നമ്മുടേത്.
വന്യജീവികളും വനാതിര്‍ത്തികളില്‍ താമസിക്കുന്ന മനുഷ്യരും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷവും ഗൗരവമായ പ്രശ്‌നമായി നിലനില്‍ക്കുന്നു. നിര്‍ധനരും നിസ്സഹായരുമായ വനപ്രദേശങ്ങളില്‍ താമസിക്കുന്ന ഗ്രാമീണരുടെ പ്രശ്‌നം ഉയര്‍ത്തിക്കാണിച്ചാണ് പലപ്പോഴും വനം കൈയേറ്റവും അതിന്റെ മറവില്‍ വനം കൊള്ളയും ന്യായീകരിക്കപ്പെടുന്നത്. ഇത് അത്യാവശ്യം നല്ല സ്വാധീനമുള്ള ലോബിയാണ്. മത സാമുദായിക പിന്തുണയും ഇതിനുണ്ട്. ഈ ലോബിയുമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മറ്റൊരു വിഭാഗവും കൂടിയുണ്ട്. വന്‍കിട ബിസിനസ് താല്പര്യമാണ് ഇതിന്റെ പിറകില്‍.
കൊളോണിയല്‍ സമീപനത്തിന്റെ തുടര്‍ച്ചയും നവലിബറല്‍ മൂലധന സമാഹരണത്തിന്റെ ആഗോള താല്പര്യങ്ങളും ഒത്തുചേരുന്നു മൂന്നാംലോക രാജ്യങ്ങളിലെ പ്രകൃതി വിഭവങ്ങളെ കൊള്ള ചെയ്തുകൊണ്ടുപോകാനുള്ള കോര്‍പേറേറ്റ് കാര്‍ട്ടലുകളുടെ തിരക്കിട്ട ഉദ്യമങ്ങളില്‍. ഇന്ത്യയിലെ വനങ്ങളിലെ ധാതുസമ്പത്ത് വികസിത മുതലാളിത്ത രാജ്യങ്ങളുടെ ഉപഭോഗ ആവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങളാണ്. ചെമ്പും, കല്‍ക്കരിയും വനപ്രദേശങ്ങളില്‍ നിന്ന് ഖനനം ചെയ്താണ് കൊണ്ടുപോകുന്നത്.
ധാതുസമ്പന്നമായ വനപ്രദേശങ്ങളില്‍ നിന്ന് ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള കോര്‍പറേറ്റ് നീക്കങ്ങള്‍ക്കെതിരായ ചെറുത്തുനില്പുകളും ആദിവാസി അതിജീവന സമരങ്ങളും മാവോവാദികളുടെ സാനിധ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് അടിച്ചമര്‍ത്തുകയാണ്. ആദിവാസികളുടെ സംരക്ഷകരായി വന്ന മാവോവാദികള്‍ ആദിവാസികള്‍ക്ക് മറ്റൊരു ഭീഷണിയായി മാറി എന്നതാണ് യാഥാര്‍ഥ്യം. വനപ്രദേശത്തോട് ചേര്‍ന്നുതന്നെ കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് ആദിവാസികളുടെയും ആദിവാസികളല്ലാത്ത ഇതര ജാതിവിഭാഗങ്ങളില്‍പ്പെട്ട ഗ്രാമീണരുടെയും ഉപജീവനോപാധി.
വനഭൂമിയും കൃഷിഭൂമിയും ചേര്‍ന്നുകിടക്കുന്നതുകൊണ്ട് പലപ്പോഴും വന്യജീവികള്‍ ഇവരുടെ കൃഷിയിടങ്ങളിലേക്ക് കയറി കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും വനപ്രദേശങ്ങളിലേക്ക് അനുമതിയില്ലാതെ അധിനിവേശം നടത്തിയെന്നതിന്റെ പേരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് അറസ്റ്റ് ഉള്‍പ്പെടെ ഭീഷണി നേരിട്ടുകൊണ്ടാണ് ഗ്രാമീണര്‍ ജീവിക്കുന്നത്. ഇതിനു പരിഹാരം എന്ന നിലയ്ക്കാണ് ഗ്രാമീണരെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വനസംരക്ഷണ സമിതികള്‍ രൂപീകരിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്.
ഇതുപ്രകാരം ഗ്രാമീണര്‍ക്ക് കൂടി വനസംരക്ഷണത്തിന്റെ ഉത്തരവാദിത്വം വരുന്നു എന്ന് മാത്രമല്ല തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ പങ്കാളിത്തവും വരുന്നു. ഇതൊക്കെയാണെങ്കിലും, വനഭൂമിയുടെ വിസ്തീര്‍ണം കുറഞ്ഞുവരികയും അതോടെ വന്യജീവികള്‍ കൃഷിയിടങ്ങളിലേക്ക് കടന്നുവരികയും ചെയ്യുന്നു. ഇത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചിരിക്കുന്നു. വന്യജീവികളുടെ എണ്ണത്തിലെ വര്‍ദ്ധനയും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും കണ്‍സെര്‍വേഷന്‍ മുന്‍നിര്‍ത്തിയുള്ള പുതിയ നടപടികള്‍ ഗ്രാമീണരെ ബോധ്യപ്പെടുത്താന്‍ പറ്റാതെ പരാജയപ്പെടുന്ന സ്ഥിതിയുമുണ്ടാകുന്നു.
വന്യജീവികളും മനുഷ്യരും തമ്മിലെ സംഘര്‍ഷം ചിലപ്പോള്‍ മുറുകിയും ചിലപ്പോള്‍ പരിഹരിച്ചും പാരിസ്ഥിതിക സന്തുലിതം നിലനിര്‍ത്തിപോകുമ്പോള്‍ തന്നെ വന്യജീവികള്‍ ഏറ്റവുമധികം കൊലചെയ്യപ്പെടുന്നത് വേട്ടക്കാരുടെ തോക്കിനിരയായിക്കൊണ്ടു തന്നെയാണ്. വന്യജീവികളെ വെടിവെച്ചു വീഴ്ത്തി വിശേഷപ്പെട്ട ശരീരഭാഗങ്ങള്‍ അവയില്‍ നിന്ന് കവര്‍ന്ന് വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര അധോലോകം പലയിടങ്ങളിലും പ്രവര്‍ത്തിക്കുന്നുവത്രെ.
ഇതിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനെയും നിയമ സംവിധാനത്തെയും ഏറ്റവും സഹായിക്കാനാകുന്നതും കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന ഗ്രാമീണര്‍ക്ക് തന്നെയാണ്. കടുവ സംരക്ഷണ പദ്ധതി വിഭാവനം ചെയ്യപ്പെടുന്നത് ഈ പരിസരത്തിലാണ്. കടുവ സംരക്ഷണ മേഖല പ്രത്യേകമായി തിരിച്ചുകൊണ്ട് അവിടെ ഗ്രാമീണരുടെ കൂടെ സഹകരണത്തോടെ സംരക്ഷണ പദ്ധതി നടപ്പാക്കുന്നു. ഇന്ത്യയുടെ ദേശീയ മൃഗം എന്ന നിലയ്ക്കും കടുവ സംരക്ഷണ പദ്ധതിയാണ് വന്യജീവികളുടെ കാര്യത്തില്‍ ഏറ്റവും വലിയ സാമ്പത്തിക വിഹിതം ലഭിക്കുന്ന പദ്ധതി. ഇന്ത്യയിലെ ഏറ്റവും ഫണ്ടഡ് ആനിമല്‍ കടുവയാണെന്നാണ് പറയുന്നത്.
ഒരു ഘട്ടത്തില്‍ വളരെ വിരളമായിക്കൊണ്ടിരുന്ന ഇന്ത്യന്‍ കടുവ വംശനാശ ഭീഷണി നേരിട്ടിരുന്ന സ്ഥിതിയുണ്ടായിരുന്നു. കടുവകളുടെ സംരക്ഷണം പരിസ്ഥിതിക സന്തുലിതം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും ഗ്രാമങ്ങളില്‍ ഭക്ഷണം തേടിയെത്തുന്ന കടുവ വലിയ പുകിലുകള്‍ സൃഷ്ടിച്ചുകൊണ്ട് വാര്‍ത്തയില്‍ നിറയുകയും എപ്പോഴുമെന്നപോലെ കടുവയെ ജീവനോടെ പിടിക്കണോ അതോ വെടിവെച്ചു കൊല്ലണോ എന്ന് വാദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുകയും ചെയ്യുന്നു.
കടുവയുടെ ആക്രമത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും മനുഷ്യര്‍ക്ക് തന്നെ പരിക്കേല്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും മനുഷ്യരുടെ സ്വത്തിനും ജീവനുമുള്ള പ്രാമുഖ്യത ഉന്നയിച്ചുകൊണ്ടുള്ള വാദത്തിനാണ് സ്വാഭാവികമായും അപ്രമാദിത്വം ലഭിക്കുക. ചില ഘട്ടങ്ങളില്‍ വന്യജീവികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നമായും പ്രതിപാദിക്കപ്പെടുന്നു. പരിസ്ഥിതി സംരക്ഷണം ഗൗരവമര്‍ഹിക്കുന്ന പ്രശ്‌നമാണെങ്കിലും രാഷ്ട്രീയ ഭരണ നേതൃത്വം മനുഷ്യരുടെ പക്ഷത്തു നിന്ന് പരിഹാരം കാണാന്‍ നിര്‍ബന്ധിതമാകുന്നു. അതിനായി വന്യജീവിയെ അപായപ്പെടുത്തേണ്ടി വന്നാലും.
പരിസ്ഥിതി പ്രവര്‍ത്തകരാണ് മിണ്ടാപ്രാണികള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താറുള്ളത്. പക്ഷേ അതൊക്കെ തന്നെ മനുഷ്യര്‍ക്ക് വേണ്ടിയുള്ള വാദഗതികളില്‍ മുങ്ങിപോവുകയാണ് പതിവ്. അങ്ങനെ മനുഷ്യരും പ്രകൃതിയും ഇരുതട്ടുകളിലാവുന്ന വ്യവഹാരം ആത്യന്തികമായി ചൂഷണാധിഷ്ഠിത വികസനത്തിന് അനുകൂലമാവുകയാണ് പതിവ്.
മനുഷ്യരുടെ പക്ഷത്തുനിന്ന് പറയുകയാണെങ്കില്‍ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ കൃഷിയാണ് വന്യജീവികളാല്‍ നശിപ്പിക്കപ്പെടുന്നത്. വളര്‍ത്തുമൃഗങ്ങളെ വനത്തില്‍ നിന്ന് നാട്ടിലേക്ക് ഇരതേടി കയറിവരുന്ന കടുവയും പുലിയും പിടിച്ചുകൊണ്ടുപോകുമ്പോള്‍ ജീവിതാശ്രയമാണ് വഴി മുട്ടുന്നത്. പക്ഷേ ഇതിനേക്കാളൊക്കെ ഭീതിദമാണ് മനുഷ്യര്‍ തന്നെ വന്യജീവികള്‍ക്ക് ഇരയാകുന്നത്. വന്യജീവികളുടെ ആക്രമത്തില്‍ കുടുംബത്തിലെ ഒരംഗം നഷ്ടപ്പെടുമ്പോള്‍ അതുണ്ടാക്കുന്ന ആഘാതത്തെ മറ്റൊന്നും പകരംവെച്ച് സമാശ്വസിപ്പിക്കാന്‍ ആകില്ല.
നഗരങ്ങളില്‍ ജീവിക്കുന്നവരുടെ കാല്പനിക ഭാവനകളിലെ വനഭൂമിയേയല്ല വനപ്രദേശത്തെ പരിസര വാസികളുടെ അനുഭവലോകത്തിലുള്ളത്, മാത്രവുമല്ല വനപ്രദേശമായതുകൊണ്ട് ഒട്ടനവധി സര്‍ക്കാര്‍ തലത്തിലെ തടസ്സങ്ങളും നേരിടേണ്ടി വരുന്നു. വനപ്രദേശങ്ങളില്‍ ജീവിക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുച്ഛമായ ആനുകൂല്യം മുതലാക്കി റിസോര്‍ട്ട് മാഫിയകളാണ് അതിന്റെ പ്രധാന ഗുണഭോക്താക്കളാകുന്നത്.
വനസ്ഥലികള്‍ കൈയേറി കൃഷി ചെയ്തുവരുന്നെങ്കിലും ഭൂമി വനപ്രദേശമായി തന്നെ രേഖകളില്‍ നിലനില്‍ക്കുന്നതുകൊണ്ട് അതിന്റെമേല്‍ അവകാശം ലഭ്യമാകാതെയും പോകുന്നു. കാലികളെ മേയ്ക്കാന്‍ വനഭൂമി ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാകുന്നു. വന്‍ മാഫിയയ്ക്ക് മരം വെട്ടി കടത്താനുള്ള എല്ലാവിധ സൗകര്യവും രാഷ്ട്രീയഉദ്യോഗസ്ഥ പിന്തുണയോടെ ഒത്താശ ചെയ്തുകൊടുക്കപ്പെടുമ്പോള്‍ കര്‍ഷകര്‍ സങ്കീര്‍ണമായ പ്രശ്ങ്ങളെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.
കര്‍ഷകരുടെ പ്രശ്‌നത്തെ വളരെ അനുഭാവപൂര്‍വവും അനുതാപത്തോടെയും കാണുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനം വളരെ സങ്കീര്‍ണതകളുള്ളതായതുകൊണ്ട് വ്യക്തികളുടെ അനുതാപത്തിനു പരിമിതികളുണ്ട്. അടിസ്ഥാനപരമായി സര്‍ക്കാര്‍ മുറപോലെ എന്ന നിസ്സംഗഭാവത്തിനപ്പുറം എന്തു വികാരപ്പെട്ടിട്ടും കാര്യമില്ല.
കാട്, വന്യജീവികള്‍, ആദിവാസികള്‍, കാടിനോട് ചേര്‍ന്നു ജീവിക്കുന്ന ഗ്രാമീണരായ കര്‍ഷകര്‍, മാവോവാദികള്‍, ചെറുതും വലുതുമായ വനംകൊള്ളക്കാര്‍, മൃഗവേട്ടയില്‍ അനുഭൂതി കണ്ടെത്തുന്ന നായാട്ടുകാര്‍, റിസോര്‍ട്ട് ബിസിനസില്‍ ഏര്‍പ്പെട്ടവര്‍, വനംവകുപ്പ്, അതിലെ ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥ സംവിധാനത്തിലെ ശ്രേണീഘടന, പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി സംരക്ഷണ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി അല്പസ്വല്പം കാല്പനിക ഭാവത്തോടെ വനത്തെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍, പ്രാദേശിക തലത്തിലെയും ഉയര്‍ന്ന തലങ്ങളിലെയും രാഷ്ട്രീയക്കാര്‍, ഈ പറഞ്ഞവരെക്കാളൊക്കെ സ്വാധീനവും നിക്ഷിപ്ത താല്‍പര്യവുമുള്ള വനഭൂമിക്ക് മേല്‍ കഴുകനെപോലെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ചുകൊണ്ട് പോകാന്‍ തയ്യാറായി നില്‍ക്കുന്ന കോര്‍പറേറ്റ് അധിനിവേശ ശക്തികള്‍ ഇതാണ് വനലോകവുമായി ബന്ധപ്പെട്ട തല്പരകക്ഷികള്‍ (stakeholders).
‘ഷേര്‍ണി’യില്‍ ഇതില്‍ പലരും അവരുടെ ഭാഗം കൃത്യമായും തന്മയത്വത്തോടെയും അവതരിപ്പിച്ചിരിക്കുന്നു. ഇവര്‍ ഓരോരുത്തരും വനപരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള വ്യത്യസ്ത വീക്ഷണങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
കാട്ടില്‍ നിന്ന് നാട്ടിലേക്ക് ഇറങ്ങിയ കടുവ ഗ്രാമീണരുടെ ജീവനും സ്വത്തിനും ഭീഷണിയുര്‍ത്തുന്ന സാഹചര്യത്തില്‍ അതിനെ കെണിവെച്ച് പിടിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ‘ഷേര്‍ണി’ സിനിമ തുടങ്ങുന്നത്. വനപാലകര്‍ കടുവയെ തിരിച്ചറിയാനായി മരങ്ങളില്‍ ക്യാമറ ഘടിപ്പിക്കുന്നു. കടുവയെ പിടികൂടി തിരിച്ചു കാട്ടിലേക്ക് തന്നെ വിടാനാണ് വനപാലകര്‍ ഉദ്ദേശിക്കുന്നത്. ഇതിനു ചുക്കാന്‍ പിടിക്കുന്നത് ഡി.എഫ്.ഒ വിദ്യാ വിന്‍സെന്റാണ്. വിദ്യാ ബാലന്‍ അവതരിപ്പിക്കുന്ന ഡി.എഫ്.ഒ കഥാപാത്രം മലയാളിയാണ്. അവര്‍ ഈ സവിശേഷ ഉത്തരവാദിത്വത്തില്‍ പ്രവേശിച്ചിട്ട് ഏതാണ്ട് ആഴ്ചകളെ ആയിട്ടുള്ളൂ.
സത്യസന്ധയായ ഓഫീസര്‍ എന്ന നിലയില്‍ ശക്തമായ നടപടികളെടുക്കാന്‍ അവര്‍ ഒരുക്കമാണ്. എങ്കിലും അവരുടെ എല്ലാ നീക്കങ്ങള്‍ക്കും തടയിടുന്നത് മേലുദ്യോഗസ്ഥനായ ബന്‍സാലാണ്. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്തു നല്ല മെയ്‌വഴക്കമുള്ള നിക്ഷിപ്തതാല്പര്യക്കാരനായ ഉദ്യോഗസ്ഥനാണ് ബന്‍സാല്‍.
കടുവ നാട്ടിലേക്ക് ഇറങ്ങിയതില്‍ ഗ്രാമീണര്‍ അങ്ങേയറ്റം പരിഭ്രാന്തിയിലാണ്. പശു മുതലായ വളര്‍ത്തുമൃഗങ്ങളെ കടുവ പിടിച്ചുകൊണ്ടുപോകുന്നു. ജീവനും ഭീഷണിയുണ്ട്. അതിനു പുറമേ, വനപ്രദേശങ്ങളില്‍ വിഭവങ്ങള്‍ ശേഖരിക്കാനും പശുക്കളെ മേയ്ക്കാനുമുള്ള അനുവാദം പിന്‍വലിക്കപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തിലാണ് ഈ സംഭവം നടക്കുന്നതെന്നതിനാല്‍ രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ ഭയത്തെ പരമാവധി മുതലെടുക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്. പ്രദേശത്തെ എം.എല്‍.എയായ ജി.കെ. വനംവകുപ്പ് മേധാവികളുടെ സഹായത്തോടെ ഇതില്‍ ഇടപെടാന്‍ ശ്രമിക്കുന്നു. അയാളെ എതിര്‍ക്കുന്ന പ്രതിപക്ഷത്തെ നേതാവ് എം.എല്‍.എ യുടെ പരാജയമാണിതിനു കാരണമെന്നു വരുത്തി അതില്‍ നിന്ന് അനുകൂലമായ അന്തരീക്ഷവും സൃഷ്ടിക്കാനുള്ള പണിയിലാണ്.
വിദ്യാ വിന്‍സെന്റ് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥ സംഘത്തിന് ഏറ്റവും പ്രധാനമായത് കടുവ ഏതാണെന്നു തിരിച്ചറിയുക എന്നതാണ്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് കടുവയെക്കുറിച്ചുള്ള ഏതാണ്ട് ധാരണ രൂപീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും കൃത്യത വരുത്താന്‍ ഡി.എന്‍.എ ടെസ്റ്റ് ആവശ്യമായി വരുന്നു. ഇതിന് അവരെ സഹായിക്കുന്നത് ഹസ്സന്‍ നൂറാനി എന്ന ജന്തുശാസ്ത്ര അദ്ധ്യാപകനാണ്. സര്‍വ ചരാചരങ്ങളില്‍ ഒന്ന് മാത്രമാണ് മനുഷ്യനെന്നും മനുഷ്യര്‍ക്ക് ഇതര ജീവവര്‍ഗങ്ങളുടെ മേല്‍ ഒരു അപ്രമാദിത്വവുമില്ലെന്നും മനുഷ്യരും മൃഗങ്ങളും ശത്രുക്കളല്ല മിത്രങ്ങളാണെന്നും പഠിപ്പിക്കുന്ന അല്പസ്വല്പം കിറുക്കുമൊക്കെയുള്ള അസ്സല്‍ പരിസ്ഥിതിവാദിയായ ഹസ്സന്‍ നൂറാനിയെ മികവോടെ അവതരിപ്പിച്ചിരിക്കുന്നു വിജയ റാസ്.
ഇതിനിടയില്‍ വനത്തിലേക്ക് വിറകുപെറുക്കാന്‍ പോയ ഒരു സ്ത്രീ കടുവയുടെ ആക്രമത്തില്‍ കൊല്ലപ്പെടുന്നു. ഇത് വലിയ പുകിലുകള്‍ സൃഷ്ടിക്കുന്നു. വിഷയം മാധ്യമ ശ്രദ്ധ നേടുന്നു. കടുവയെ കൊല്ലുകയല്ലാതെ മറ്റു പോംവഴികളില്ല എന്ന നിഗമനത്തിലേക്ക് എത്തുന്നതിനെ വിദ്യാവിന്‍സെന്റും ഹസ്സന്‍ നൂറാണിയും എതിര്‍ക്കുന്നു. ഡി.എന്‍.എ പരിശോധനയില്‍ പെണ്‍ കടുവയാണെന്ന് തിരിച്ചറിയുന്നു. വനപാലകര്‍ അതിനെ തിരിച്ചറിയാന്‍ നല്‍കിയിട്ടുള്ള ഐഡി നമ്പര്‍ ടി12 എന്നാണ്. പെണ്‍കടുവ ഒറ്റയ്ക്കല്ല രണ്ടു കുഞ്ഞുങ്ങളുമുണ്ടെന്നു തിരിച്ചറിയുന്നു. ഈ അറിവ് പ്രധാനമാണ്.
മനുഷ്യരെ കൊല്ലുന്നതുകൊണ്ടു കടുവകള്‍ മനുഷ്യ തീനികളാവുന്നില്ല. മനുഷ്യരെ ആക്രമിച്ചു മനുഷ്യ മാംസം രുചിക്കുന്ന ഘട്ടം എന്ന് പറയുന്നത് കടുവകള്‍ക്ക് വേട്ടയാടി ഇര പിടിക്കാനുള്ള കഴിവ് പലകാരണങ്ങള്‍കൊണ്ടും പറ്റാതെ വരുമ്പോള്‍ മാത്രമാണ്. പക്ഷേ പെണ്‍കടുവ മനുഷ്യരെ ആക്രമിക്കുന്നത് കുഞ്ഞുങ്ങള്‍ കൂടെയുള്ളതിനാലാണ്. ആ സമയങ്ങളില്‍ പെണ്‍കടുവകള്‍ കൂടുതല്‍ ആക്രമകാരികളാകും. പെണ്‍കടുവയെയും കുഞ്ഞുങ്ങളെയും ഒരേ സമയം പിടികൂടി കാട്ടിലേക്ക് തിരിച്ചയക്കുക എന്നതാണ് വിദ്യാ വിന്‍സെന്റും ഹസ്സന്‍ നൂറാണിയും ലക്ഷ്യംവെയ്ക്കുന്നത്.
പക്ഷേ കടുവ മനുഷ്യരെ കൊന്നതോടെ സംഭവത്തിന്റെ ഗതി മാറുന്നു. ആദ്യം പ്രത്യക്ഷപ്പെട്ടത് കടുവ വേട്ടക്കാരന്‍ രഞ്ജന്‍ രാജാഹര്‍ഷാണ്. പിന്റു ഭായ് എന്നാണ് അയാളുടെ വിളിപ്പേര്. ഒരു മല്ലന്‍. തലമുറ തലമുറകളായി കടുവ വേട്ടക്കാരുടെ പരമ്പരയില്‍പ്പെട്ടൊരാള്‍ എന്നയാള്‍ തന്നെ വീമ്പടിക്കുന്നു. രാജകുടുംബക്കാരനാണ്. പ്രിയദര്‍ശന്റെ ‘കിലുക്ക’ത്തിലെ ജഗതി അവതരിപ്പിച്ച ജോജിയെ വിരട്ടാന്‍ വരുന്ന ഗുണ്ടാ കഥാപാത്രത്തെ ഓര്‍ക്കുന്നില്ലേ. ശരത് സക്‌സേന അവതരിപ്പിച്ച ആ കഥാപാത്രം. അയാളുടെ വേട്ടക്കാരനായുള്ള ഭാവപ്പകര്‍ച്ചയെക്കുറിച്ച് വെറുതെയൊന്നു ആലോചിച്ചു നോക്കൂ! പിന്റു ഭായ്ക്ക് മുകളില്‍ നല്ല പിടിയുണ്ട്. രാജവംശമാണ്. അയാള്‍ കടുവയെ വെടിവെച്ചിടാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ബൃഹത്തായതാണ് അയാളുടെ ബയോഡാറ്റ. മൃഗവേട്ടയില്‍ അഗ്രഗണ്യന്‍.
തോക്കെടുത്തു വെടിവെക്കാന്‍ മാത്രമേ അറിയൂ. മൃഗപ്പറ്റു പോകട്ടെ മനുഷ്യപ്പറ്റു പോലുമില്ല. രാജരക്തമാണല്ലോ സിരകളില്‍ ഓടുന്നത്. കടുവയെ വെടിവെച്ചിടുമെന്ന ധിക്കാരത്തോടെയാണ് അയാള്‍ രംഗത്തിറങ്ങുന്നത്. പക്ഷേ അയാള്‍ക്ക് ഒരബദ്ധം പറ്റുന്നുണ്ട്. വനം വകുപ്പിന്റെ അനുവാദമില്ലാതെ രാത്രിയില്‍ വേട്ടക്കിറങ്ങി. നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. കുറ്റാരോപിതനായ അയാള്‍ രാത്രിയ്ക്ക് രാത്രി സ്ഥലം വിട്ടു പോവുകയാണ്.
പക്ഷേ അതിനിടിയില്‍ ഒരാള്‍ കൂടി മരിക്കുന്നു.
പെണ്‍കടുവയാണ് കുറ്റാരോപിത. യഥാര്‍ത്ഥത്തില്‍ കൊന്നത് കടുവയല്ല കരടിയാണ്. ഹസന്‍ നൂറാനി രഹസ്യമായി വിദ്യാ വിന്‍സെന്റിനോട് ഇക്കാര്യം പറയുന്നുണ്ട്. പക്ഷേ ആ സത്യത്തിന് അവിടെ വിലയില്ല. കടുവ തന്നെയാണ് കൊന്നതെന്ന് സ്ഥാപിക്കുന്നതിലാണ് പലരുടെയും താല്പര്യം. തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഉന്നത തലത്തില്‍ നിന്ന് തന്നെ ഇടപെടലുണ്ടാവുകയാണ്. ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ സംഭവത്തെ സെന്‍സേഷണലൈസ് ചെയ്തിരിക്കുന്നു. ഒരിക്കല്‍ കൂടി വേട്ടക്കാരന്‍ പിന്റു ഭായ് പ്രത്യക്ഷപ്പെടുകയാണ്. ഇത്തവണ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്.
പിന്റു ഭായ്ക്ക് തിടുക്കമാണ് കടുവയെ കൊന്നൊടുക്കാന്‍. അയാള്‍ക്ക് കാടിനെക്കുറിച്ചും വന്യജീവികളെക്കുറിച്ചും ഒരു ചുക്കും അറിയില്ല. പുലിയുടെ വിസര്‍ജ്യം പരിശോധിച്ചിട്ട് അത് കടുവയുടേതാണെന്ന് പറയുന്നു. മറ്റൊരു കടുവയെ വെടിവെച്ച് വീഴ്ത്താന്‍ പോയതായിരുന്നു. പക്ഷേ കൂടെയുണ്ടായിരുന്ന ഗാര്‍ഡിന്റെ ഇടപെടലില്‍ പാഷ എന്ന് പേരിട്ടു വിളിക്കുന്ന കടുവ ഭാഗ്യംകൊണ്ടു മാത്രം രക്ഷപ്പെട്ടു. എന്നാല്‍ അയാളുടെ രണ്ടാമത്തെ വരവില്‍ അയാള്‍ക്ക് നാട്ടുകാരുടെ ഇടയില്‍ ചില ഇന്‍ഫോര്‍മറെ ലഭിക്കുന്നു. ഒപ്പം തന്നെ അയാള്‍ക്ക് ഏറ്റവും പിന്തുണ കിട്ടുന്നത് നാങ്കിയ സാര്‍ എന്ന വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നാണ്.
നീരജ് കാബി അവതരിപ്പിക്കുന്ന നാങ്കിയ സര്‍ക്കാര്‍ ഉന്നത തലങ്ങളില്‍ കാണുന്ന സവിശേഷ പ്രകൃതമുള്ള ഉദ്യോഗസ്ഥ ജീവികളാണ്. വലിയ വിപ്ലവകാരികളായാണ് തൊഴില്‍ ജീവിതം ആരംഭിക്കുക. പോകെപോകെ തൊഴിലിലെ ഉയര്‍ച്ചകള്‍ പ്രതീക്ഷിച്ച് അവര്‍ ചെറിയ ചെറിയ ഒത്തുതീര്‍പ്പുകളില്‍ തുടങ്ങി പയ്യെ പയ്യെ ഉന്നത സ്ഥാനങ്ങള്‍ പ്രാപ്യമാകാന്‍ രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ഉറ്റമിത്രമാകുന്നു. ഒരേസമയം സിവില്‍ സാമൂഹിക പ്രസ്ഥാനങ്ങളുമായി രമ്യതയിലാണെന്ന് പ്രതീതി സൃഷ്ടിക്കുകയും ഭരണവര്‍ഗ താല്പര്യങ്ങളുടെ ഏറ്റവും വലിയ കാവലാളായി വര്‍ത്തിക്കുകയും ചെയ്യുന്ന ഈ ഉദ്യോഗസ്ഥര്‍ തീര്‍ത്തും അഴിമതിക്കാരായ ഉദ്യോഗസ്ഥരേക്കാള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടവരാണ്.
അധികാര പ്രയോഗങ്ങള്‍ക്ക് ഏതുവഴിയും സ്വീകരിക്കാന്‍ മടിക്കാത്ത ഇവര്‍ക്ക് അനേക മുഖഭാവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിയും. നാങ്കിയ സാറിന്റെ സത്യസന്ധതയിലും കര്‍മകുശലതയിലും തെല്ലുപോലും സംശയിക്കാത്ത വിദ്യാവിന്‍സെന്റ് ഒടുക്കം തിരിച്ചറിയുന്നത് പിന്റുവിന്റെ കടുവ വേട്ടയ്ക്ക് ലഭിച്ച പിന്തുണയില്‍ നാങ്കിയയ്ക്കും കൈയുണ്ടെന്നാണ്. ഇതിനു കാരണം, പിന്റു എന്ന ദുരമൂത്ത വേട്ടക്കാരന്‍ പെണ്‍കടുവയെ യാതൊരുവിധ പ്രകോപനവുമില്ലാതെ വെടിവെച്ചു വീഴ്ത്തി എന്നതാണ്. അതിനു നാങ്കിയ സാറില്‍ നിന്ന് ലഭിച്ച പിന്തുണ വിദ്യയെ നടുക്കുകയാണ്. അയാളുടെ പ്രവര്‍ത്തനത്തെ ‘കഷ്ടം’എന്നാണ് വിദ്യ മുഖത്തുനോക്കി വിശേഷിപ്പിക്കുന്നത്. അധികാരത്തിന്റെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന അയാളുടെ പുരുഷ ഈഗോയ്ക്ക് പക്ഷേ വിദ്യയുടെ പ്രതികരണത്തെ ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല.
ഈ സംഭവത്തോടെ വിദ്യ രാജിവെക്കാന്‍ ഉറപ്പിക്കുകയാണ്. പിന്നീട് ആ തീരുമാനം ഉപേക്ഷിക്കുന്നു. എങ്കിലും അവര്‍ സ്ഥലം മാറ്റപ്പെടുകയാണ്. സ്ഥലംമാറ്റത്തിന് മുമ്പ് ഗ്രാമീണരില്‍ നിന്ന് അവര്‍ക്ക് പെണ്‍കടുവയുടെ കുഞ്ഞുങ്ങളെ കണ്ടെത്തി എന്ന വിവരം ലഭിക്കുകയാണ്. പെണ്‍കടുവയെപോലെ രണ്ടു കടുവക്കുഞ്ഞുങ്ങളും മനുഷ്യരെ കൊല്ലുന്നതാണെന്ന വാദം പിന്റു ഉന്നയിച്ചുകൊണ്ടിരിക്കുന്ന സമയമാണത്. കടുവവേട്ടയെ സെന്‍സേഷണലൈസ് ചെയ്ത അതേ മാധ്യമങ്ങള്‍ അനാഥരായ കടുവക്കുഞ്ഞുങ്ങളെ ഓര്‍ത്തു കേഴുകയാണ്. കടുവക്കുഞ്ഞുങ്ങളെ ശിക്കാരികളില്‍ നിന്ന് രക്ഷിക്കുക എന്നത് പ്രധാനമായൊരു കര്‍ത്തവ്യമായാണ് വിദ്യാ വിന്‍സെന്റ് സ്ഥാനം ഒഴിയുന്നതിനു മുമ്പ് സ്വയമേറ്റെടുക്കുന്നത്.
‘ഷേര്‍ണി’ യിലെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളില്‍ ഒന്നാണ് വിദ്യാവിന്‍സെന്റ് ആദിവാസി മിത്രങ്ങളുടെ സഹായത്തോടെ അമ്മ നഷ്ടപ്പെട്ട കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്. പാറയുടെ ഇടുക്കില്‍ അമ്മയെ കാത്തിരിക്കുന്ന രണ്ടു കടുവക്കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ നിസ്സഹായതയും ഭയവും ദൈന്യതയും നിഴലിക്കുന്നു. നഗരത്തില്‍ നിന്നു വന്ന ശിക്കാരി പിന്റുവിനോ രാഷ്ട്രീയ ഉദ്യോഗസ്ഥ വര്‍ഗത്തിനോ മനസ്സിലാവാത്തതും അവര്‍ക്ക് ഉള്ളാലെ ഇല്ലാത്തുതുമായ അനുതാപം ധാരാളമായി ആദിവാസി സമൂഹത്തിനുണ്ട്. അവര്‍ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നില്ല. വനത്തിന്റെ ആവാസവ്യവസ്ഥയില്‍ എങ്ങനെ സന്തുലിതത്വത്തോടെ ജീവിക്കാമെന്നുള്ളതാണ് അവരുടെ മുമ്പിലെ കാതലായ പ്രശ്‌നം. പക്ഷേ അതിനു തടസ്സം നില്‍ക്കുന്നതും സന്തുലിതത്വത്തെയും ഗ്രാമീണ ജീവിത വ്യവസ്ഥയെയും തകിടം മറിക്കുന്നതും മൂലധന സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുമാണ്. അവര്‍ നവലിബറല്‍ വികസന കൊള്ളയുടെ കൈയാള്‍ക്കാരായാണ് വനഭൂമികളിലേക്ക് പ്രവേശിക്കുന്നത്.
വേട്ട വികസനത്തിന്റെ (predatory development) ഭീതിദയാഥാര്‍ത്ഥ്യത്തെ കാണിച്ചുതരുന്ന നമ്മെയാകെ നടുക്കുന്ന ടോപ് ആംഗിളില്‍ നിന്നുള്ള ഡ്രോണ്‍ ഷോട്ടുണ്ട് ‘ഷേര്‍ണി’യില്‍. ആ ഒരൊറ്റ ദൃശ്യം മതി വനപരിസ്ഥിതിക്ക് നവലിബറല്‍ കൊള്ള ഏല്‍പിച്ച ആഘാതം മനസ്സിലാക്കാന്‍. രണ്ടുവശത്തേക്കും പരന്നു കിടക്കുന്ന വനഭൂമിക്ക് മദ്ധ്യേ ആഴത്തില്‍ കുഴിച്ചുപോയ ചെമ്പ് ഖനനം ചെയ്തുകൊണ്ടിരിക്കുന്ന ഭൂഭാഗത്തിന്റെ ദൃശ്യമാണത്. കാനനപാതയില്‍ മൃഗങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് വഴി മുടക്കുന്ന വിധമാകുന്നു ഖനനഭൂമി. ഈ സവിശേഷ ദൃശ്യം ഒരു ട്രോപ് (trope) എന്ന നിലയില്‍ നരവംശാധിഷ്ഠിത കാലത്തിന്റെ വിപര്യയങ്ങളുടെ ദൃഷ്ടാന്തം കൂടിയാകുന്നു.
മറ്റൊരു ശ്രദ്ധേയമായ ദൃശ്യമുള്ളത് സ്റ്റഫ് ചെയ്തു വെച്ച പക്ഷി മൃഗാദികളുടേതാണ്. സ്ഥാനമാറ്റം കിട്ടിയ വിദ്യാ വിന്‍സെന്റിനെ താരതമ്യേന ലഘുവായ ഉത്തരവാദിത്വത്തിലേക്ക് നിയമിക്കുന്നു. പരിസ്ഥിതി വിദ്യാഭ്യാസത്തിനും വിനോദ കാഴ്ചകള്‍ക്കുമായി സ്ഥാപിച്ചിട്ടുള്ള മ്യൂസിയത്തിന്റെ ഉത്തരവാദിത്വമാണ് അത്. കൊളോണിയല്‍ കാലം മുതല്‍ വേട്ടയാടപ്പെട്ട മൃഗങ്ങളുടെ സ്റ്റഫ് ചെയ്ത രൂപങ്ങളാണ് അവിടെ അത്രയും. അതിന്റെ സമീപദൃശ്യങ്ങള്‍ ഒന്നൊന്നായി ക്യാമറ പകര്‍ത്തുന്നു ഒടുവിലത്തെ രംഗങ്ങളില്‍. സ്റ്റഫ് ചെയ്തുവെച്ച ഓരോ മൃഗത്തിന്റെയും കണ്ണുകളില്‍ തിളങ്ങി നില്‍ക്കുന്നത് കാടിന്റെ ഓര്‍മയാണ്.
കടപ്പാട്- ചന്ദ്രിക ആഴ്ചപ്പതിപ്പ്
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sherni – Movie Review – Damodar Prasad