ഡാലസ്: മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകക്കേസില്‍ വളര്‍ത്തമ്മ സിനി മാത്യൂസിനെ വെറുതെ വിട്ടു. ഷെറിന്റെ മരണത്തില്‍ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് സിനിയെ കുറ്റവിമുക്തയാക്കിയത്. എന്നാല്‍ കേസില്‍ മറ്റൊരു പ്രതിയായ സിനിയുടെ ഭര്‍ത്താവ് വെസ്ലി മാത്യൂസ് വിചാരണ നേരിടണം.
പുറത്തുവന്ന സിനി മകളെ കാണുന്നതിനുള്ള അവകാശവും പാസ്‌പോര്‍ട്ടും വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടതായി സിനിയുടെ അറ്റോര്‍ണി ഹീത്ത് ഹാരിസ് പറഞ്ഞു. താന്‍ മോചിതയായത് ദൈവാനുഗ്രഹമാണെന്നും മകളുമായി സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും സിനി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഭര്‍ത്താവിനെക്കുറിച്ച് പ്രതികരിക്കാന്‍ സിനി തയാറായില്ല. അറസ്റ്റിലായതിനു പിന്നാലെ കുട്ടിയിലുള്ള ഇരുവരുടേയും അവകാശം എടുത്തു കളഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സിനിക്ക് സ്വന്തം കുഞ്ഞിനെ കാണാന്‍ ഉടന്‍ സാധിക്കില്ല. ഇവരുടെ കുഞ്ഞ് ബന്ധുവിനൊപ്പമാണ് ഇപ്പോഴുള്ളത്.
2017 ഒക്‌ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. റിച്ചഡ്‌സണിലെ വീട്ടില്‍ നിന്ന് ഷെറിന്‍ മാത്യൂസിനെ കാണാതാവുകയും പീന്നിട് വീടിന് ഒരു കിലോ മീറ്റര്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ വളര്‍ത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ഉപേക്ഷിച്ചുവെന്നാണ് സിനിക്കെതിരായ കേസ്.
എന്നാല്‍ സിനി ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയി എന്ന് പൊലീസിന് തെളിയിക്കാന്‍ സാധിക്കാതിരുന്നതാണ് ഇവരുടെ മോചനത്തിലേയ്ക്ക് വഴി തുറന്നത്. ഭക്ഷണം കഴിക്കാന്‍ പോയതിന്റെ ബില്ലുകളോ മൊഴികളോ അന്വേഷണത്തില്‍ കണ്ടെത്താനായില്ല.
അതേസമയം, നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസംമുട്ടി കുട്ടി മരിച്ചെന്നാണ് വെസ്‌ലിയുടെ മൊഴി. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുവെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു.
വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡി.എന്‍.എ സാംപിളുകളില്‍ നിന്നാണ് ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.