ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്‍ മാത്യു ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളിയായ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം.
കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. സിനിക്കെതിരെ രണ്ടു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നത്. 10,000 യുഎസ് ഡോളര്‍ വരെ പിഴയും ഈടാക്കിയേക്കാം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നുള്ള വിവരങ്ങള്‍ വച്ചാണു കുറ്റം ചാര്‍ത്തിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ഡാല്ലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഫെയ്ത് ജോണ്‍സണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
“പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഈ കേസില്‍ കൊലപാതകത്തിന് സാധ്യത കാണുന്നുണ്ട്. ഈ കേസില്‍ തെളിവുകള്‍ ഇപ്പോഴും മറഞ്ഞു കിടക്കുകയാണ്. തങ്ങളുടെ മുമ്പിലുള്ളത് വളരെ വലിയൊരു കേസ് ആണ്. ഈ കേസിന്റെ ഗൗരവം ചോര്‍ന്നു പോകാതെ പിന്തുടരാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം. ഈ കേസിന് തടസ്സമുണ്ടാക്കുന്ന ഒരു തരത്തിലുള്ള കാര്യങ്ങളും തങ്ങള്‍ അനുവദിക്കില്ലെന്നും ജോണ്‍സണ്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് വടക്കന്‍ ടെക്സാസിലെ റിച്ചാര്‍ഡ്സണിലെ വീട്ടില്‍ നിന്നും ഷെറിനെ കാണാതായത്. ഒക്ടോബര്‍ 22ന് വീടിന് സമീപത്തെ കലുങ്കിനടിയില്‍ നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്ന് വെസ്‌ലിയെ നേരത്തേ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പാലുകുടിക്കാത്തതിന് വീടിന് വെളിയില്‍ നിര്‍ത്തിയ കുട്ടിയെ കാണാതായെന്നാണ് ഇയാള്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പിന്നീടാണ് നിര്‍ബന്ധിച്ച് പാലുകുടിപ്പിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് വെസ്‌ലി പൊലീസിന് മൊഴി നല്‍കിയത്.
കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നെന്നും ഭര്‍ത്താവും കുട്ടിയും തമ്മിലുള്ള പ്രശ്നം താനറിഞ്ഞില്ലെന്നുമായിരുന്നു വെസ്‌ലിയുടെ ഭാര്യയും ഷെറിന്റെ വളര്‍ത്തമ്മയുമായ സിനി പോലീസിന് മൊഴി നല്‍കിയത്. മൊഴികളില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് സിനിയെയും അറസ്റ്റു ചെയ്യുകയുണ്ടായി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സിനിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയതായി കണ്ടെത്തുകയായിരുന്നു.
മലയാളി ദമ്പതികളായ വെസ്‌ലിയും സിനിയും ബിഹാറിലെ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്ക് കാഴ്ചക്കുറവും സംസാര വൈകല്യവുമുണ്ടായിരുന്നു.