| Friday, 3rd February 2023, 7:57 am

ഇന്ത്യന്‍ ഓള്‍ റൗണ്ടറെ നാണംകെടുത്തി വിന്‍ഡീസ് സൂപ്പര്‍ താരം; ഒരു ഓവറില്‍ അഞ്ച് സിക്‌സര്‍ തൂക്കി ക്ലാസിക് ഫിഫ്റ്റി; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എല്‍.ടി-20യില്‍ വിന്‍ഡീസ് സൂപ്പര്‍ താരം ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള അഴിഞ്ഞാട്ടം. ഐ.എല്‍.ടി-20യിലെ ഡെസേര്‍ട്ട് വൈപ്പേഴ്‌സ് – ദുബായ് ക്യാപ്പിറ്റല്‍സ് മത്സരത്തിലായിരുന്നു റൂഥര്‍ഫോര്‍ഡ് കൊടുങ്കാറ്റായത്.

23 പന്തില്‍ നിന്നും 50 തികച്ചാണ് കരീബിയന്‍ ഇന്റര്‍നാഷണല്‍ വൈപ്പേഴ്‌സ് നിരയില്‍ കരുത്തായത്. അര്‍ധ സെഞ്ച്വറി തികയ്ക്കാന്‍ പഞ്ഞിക്കിട്ടതാവട്ടെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യൂസുഫ് പത്താനെയും.

പത്താന്‍ എറിഞ്ഞ 16ാം ഓവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയാണ് റൂഥര്‍ഫോര്‍ഡ് തരംഗമായത്. ഓവറിലെ ആദ്യ പന്തില്‍ സാം ബില്ലിങ്‌സ് സിംഗിള്‍ നല്‍കി റൂഥര്‍ഫോര്‍ഡിന് സ്‌ട്രൈക്ക് കൈമാറിയപ്പോള്‍ വരാന്‍ പോകുന്നത് കൊടുങ്കാറ്റായിരിക്കുമെന്ന് ആരും തന്നെ കരുതിയില്ല.

ഓവറില്‍ നേരിട്ട അഞ്ച് പന്തില്‍ അഞ്ചും സിക്‌സറടിച്ചാണ് റൂഥര്‍ഫോര്‍ഡ് കസറിയത്. 1, 6, 6, 6, 6, 6, 6 എന്നിങ്ങനെയായിരുന്നു 16ാം ഓവറില്‍ റണ്‍സ് പിറന്നത്.

റൂഥര്‍ഫോര്‍ഡിനെ നേരിടാനെത്തും മുമ്പ് രണ്ട് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ പത്താന്‍ തന്റെ മൂന്നാം ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയപ്പോള്‍ വഴങ്ങിയത് 37 റണ്‍സ്. തന്റെ അവസാന ഓവറില്‍ 11 റണ്‍സും താരം വഴങ്ങിയിരുന്നു.

മൂന്ന് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയ പത്താന്‍ ഒറ്റ ഓവറില്‍ വഴങ്ങിയത് 31 റണ്‍സായിരുന്നു.

നേരത്തെ ടോസ് നേടിയ ക്യാപ്പിറ്റല്‍സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ അലക്‌സ് ഹേല്‍സിനെ വൈപ്പേഴ്‌സിന് നഷ്ടമായിരുന്നു. 18 റണ്‍സിന് മൂന്നാമന്‍ കോളിന്‍ മണ്‍റോയും കൂടാരം കയറിയിരുന്നു. രണ്ട് പന്തില്‍ നിന്നും ഒരു റണ്‍സാണ് ഇരുവരും നേടിയത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിങ്‌സിനൊപ്പം ചേര്‍ന്ന് ഓപ്പണര്‍ രോഹന്‍ മുസ്തഫ സ്‌കോര്‍ ഉയര്‍ത്തി. രോഹന്‍ പുറത്തായതോടെ ഹസരങ്കയെയും പിന്നാലെയെത്തിയ റൂഥര്‍ഫോര്‍ഡും ബില്ലിങ്‌സിനൊപ്പം ചേര്‍ന്ന് റണ്ണടിച്ചുകൂട്ടി.

ബില്ലിങ്‌സ് 48 പന്തില്‍ നിന്നും 54 റണ്‍സ് നേടി പുറത്തായപ്പോള്‍ 21 പന്തില്‍ നിന്നും 31 റണ്‍സുമായാണ് മുസ്തഫ പുറത്തായത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് വൈപ്പേഴ്‌സ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിനായി ഉത്തപ്പ വെടിക്കെട്ട് തുടങ്ങിവെച്ചു. വണ്‍ ഡൗണായെത്തിയ സിക്കന്ദര്‍ റാസയെ കൂട്ടുപിടിച്ചാണ് ഉത്തപ്പ സ്‌കോര്‍ ഉയര്‍ത്തിയത്.

ഉത്തപ്പ 21 പന്തില്‍ നിന്നും 30 റണ്‍സ് നേടി പുറത്തായപ്പോള്‍ 32 പന്തില്‍ നിന്നും 41 റണ്‍സുമായി റാസയും പുറത്തായി. ശേഷം 25 പന്തില്‍ നിന്നും 33 റണ്ണടിച്ച ക്യാപ്റ്റന്‍ റോവ്മന്‍ പവല്‍ മാത്രമാണ് ക്യാപ്പിറ്റല്‍സ് നിരയില്‍ അല്‍പമെങ്കിലും ചെറുത്ത് നിന്നത്.

നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സിന് ക്യാപ്പിറ്റല്‍സ് പോരാട്ടം അവസാനിപ്പിച്ചപ്പോള്‍ വൈപ്പേഴ്‌സ് 20 റണ്‍സിന്റെ വിജയം ആഘോഷിച്ചു.

Content highlight: Sherfane Rutherford hits 5 sixes in an over

Latest Stories

We use cookies to give you the best possible experience. Learn more