Cricket
എജ്ജാതി ഫിനിഷിങ്...എറിഞ്ഞവന്റെയും കണ്ടവരുടെയും കിളി പോയി; കൊടുങ്കാറ്റായി അയ്യരിന്റെ പടയാളി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 01, 12:33 pm
Friday, 1st March 2024, 6:03 pm

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. കറാച്ചി കിങ്‌സിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഗ്ലാഡിയേറ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ ഷെറഫാനെ റൂഥര്‍ ഫോഡാണ് ഗ്ലാഡിയേറ്റേഴ്‌സ്. അവസാന ഓവറില്‍ 15 റണ്‍സ് വിജയിക്കാന്‍ ആവശ്യമുള്ളപ്പോള്‍ രണ്ട് സിക്‌സുകളും ഒരു ഫോറും പായിച്ചു കൊണ്ടായിരുന്നു താരം സ്വന്തം ടീമിനെ വിജയത്തിലെത്തിച്ചത്.

അവസാന ഓവറില്‍ നേരിട്ട ആദ്യ രണ്ടു പന്തിലും റൂഥര്‍ ഫോര്‍ഡ് സിക്‌സ് നേടി. എന്നാല്‍ പിന്നീടുള്ള രണ്ട് പന്തുകളില്‍ നിന്നും താരത്തിന് റണ്‍സ് ഒന്നും നേടാന്‍ സാധിച്ചിരുന്നില്ല. അഞ്ചാം പന്തില്‍ രണ്ട് റണ്‍സും അവസാന പന്തില്‍ ഫോറും നേടികൊണ്ടായിരുന്നു താരം ഗ്ലാഡിയേറ്റസിനെ വിജയത്തിലെത്തിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കറാച്ചി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. ജെയിംസ് വിന്‍സ് 25 പന്തില്‍ 37 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളാണ് ജെയിംസിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഗ്ലാഡിയേറ്റേഴ്‌സ് ബൗളിങ് നിരയില്‍ അബ്രാര്‍ അഹമ്മദ് മൂന്ന് വിക്കറ്റും അകീല്‍ ഹുസൈന്‍, ഉസ്മാന്‍ താരിക് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്ലാഡിയേറ്റേഴ്‌സ് ബാറ്റിങ് നിരയില്‍ റൂഥര്‍ഫോര്‍ഡ് 31 പന്തില്‍ 58 റണ്‍സും ജേസണ്‍ റോയ് 31 പന്തില്‍ 52 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഗ്ലാഡിയേറ്റേഴ്‌സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Sherfane Rutherford great finish in PSL