ആഫ്രിക്കന്‍ ഗെയിംസിലെ മെന്‍സ് ടി-20 ടൂര്‍ണമെന്റില്‍ കെനിയക്ക് തകര്‍പ്പന്‍ വിജയം. സൗത്ത് ആഫ്രിക്കയെ 70 റണ്‍സിനായിരുന്നു കെനിയ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ നാല് ഓവറില്‍ 18 റണ്‍സ് വിട്ടു നല്‍കിയ രണ്ട് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമാണ് ഷെ എന്‍ഗോഞ്ചേ നടത്തിയത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് കെനിയന്‍ താരം സ്വന്തമാക്കിയത്. ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന അസോസിയേറ്റഡ് താരം എന്ന നേട്ടമാണ് ഷെ എന്‍ഗോഞ്ചേ സ്വന്തമാക്കിയത്. 99 വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്.
98 വിക്കറ്റുകള്‍ നേടിയ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയെ മറികടന്നു കൊണ്ടായിരുന്നു കെനിയന്‍ താരത്തിന്റെ മുന്നേറ്റം. അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെനിയ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്.
കെനിയന്‍ നിരയില്‍ കോളിന്‍സ് ഒബൂയ 47 പന്തില്‍ 58 റണ്‍സ് നേടി നിര്‍ണായകമായി. ഏഴ് ഫോറുകളും രണ്ട് സിക്സുകളും ആണ് കോളിന്‍സിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 15 ഓവറില്‍ 71 റണ്‍സിന് പുറത്താവുകയായിരുന്നു. മത്സരത്തില്‍ കെനിയയുടെ ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് ആര്‍ണവ് പട്ടേല്‍ നടത്തിയത്. മൂന്ന് ഓവറില്‍ 15 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. എന്‍ഗോഞ്ചേ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു.
22 പന്തില്‍ 22 റണ്‍സ് നേടിയ ജോര്‍ജ് ആന്‍ഡ് വാന്‍ ഹീര്‍ഡന്‍ ആണ് സൗത്ത് ആഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ബാക്കിയുള്ള താരങ്ങള്‍ക്ക് ഒന്നും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
Content Highlight: Shem Ngoche create a new record