എന്താണ് റേഡിയോ അയോഡിന്‍ തെറാപ്പി, അത് എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്?
തൈറോയ്ഡ് കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി റേഡിയോ ആക്ടീവ് അയോഡിന്‍ (ഐസോടോപ്പ് I131)ന്റെ ക്ലിനിക്കല്‍ ഉപയോഗമാണ് റേഡിയോ അയോഡിന്‍ തെറാപ്പി.
നിലവിലുള്ള നാല് വ്യത്യസ്ത തരം തൈറോയ്ഡ് ക്യാന്‍സറുകളില്‍; കൂടുതലായി കണ്ടു വരുന്ന ഡിഫ്രന്‍ഷ്യേറ്റഡ് ടൈപ്പ് തൈറോയ്ഡ് ക്യാന്‍സറുകള്‍ക്കുള്ള (പാപ്പില്ലറി, ഫോളികുലാര്‍ വേരിയന്റുകള്‍) ഫലപ്രദമായ ചികിത്സാ രീതിയാണിത്.
തൈറോയ്ഡ് കാന്‍സറിനുള്ള ട്രീറ്റ്‌മെന്റ് അല്‍ഗോരിതത്തില്‍ റേഡിയോ അയോഡിന്‍ തെറാപ്പിയുടെ പങ്ക് എവിടെയാണ്?
കഴുത്തിന്റെ മുന്‍ ഭാഗത്ത് സ്വയ പരിശോധനയില്‍ രോഗി കണ്ടെത്തുന്ന തടിപ്പോ,മുഴയോ ആവാം തൈറോയ്ഡ് ക്യാന്‍സറിന്റെ കണ്ടെത്തലിലേക്ക് ആദ്യം നയിക്കുന്നത്. അല്ലെങ്കില്‍ സ്ഥിര പരിശോധനയുടെ ഭാഗമായി ചെയ്യുന്ന USG / CT സ്‌കാനില്‍ ആകസ്മികമായി കാണുന്ന ഒരു നൊഡ്യൂളിന്റെ ഇവാല്യുവേഷന്‍ ആയിട്ടും തൈറോയ്ഡ് കാന്‍സര്‍ കണ്ടെത്താം. ഇത്തരം നോഡ്യൂളുകള്‍ കാന്‍സറാണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കാന്‍; നോഡ്യൂളിലെ കോശങ്ങളെ മൈക്രോസ്‌കോപിലൂടെ വിശകലനം ചെയ്യുന്നതിനു വേണ്ടി needle biopsy അല്ലെങ്കില്‍ fine needle aspiration ചെയ്യണം.
ഒരിക്കല്‍ തൈറോയ്ഡ് കാന്‍സര്‍ ആണെന്ന് കണ്ടെത്തിയാല്‍, ഏറ്റവും ഫലപ്രദവും കൃത്യവുമായ ചികിത്സാ രീതി ശസ്ത്രക്രിയയാണ് (total thyroidectomy എന്ന ശസ്ത്രക്രിയയിലൂടെ തൈറോയ്ഡിന്റെ രണ്ട് ഭാഗങ്ങളും നീക്കംചെയ്യല്‍). മിക്ക സാഹചര്യങ്ങളിലും റേഡിയോ അയോഡിന്‍ തെറാപ്പി ആരംഭിക്കുന്നത് ശസ്ത്രക്രിയക്ക് ശേഷമായിരിക്കും.
റേഡിയോ അയോഡിന്‍ തെറാപ്പി ആവശ്യമായ സന്ദര്‍ഭങ്ങള്‍ എന്തൊക്കെയാണ്?
ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാതെ ബാക്കി നില്‍ക്കുന്ന തൈറോയ്ഡ് ടിഷ്യു ഇല്ലാതാക്കാന്‍ (നശിപ്പിക്കാന്‍) ഈ ചികിത്സ ഉപയോഗിക്കാം അല്ലെങ്കില്‍ ലിംഫ് നോഡുകളിലേക്കോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കോ വ്യാപിച്ച തൈറോയ്ഡ് ക്യാന്‍സര്‍ ചികിത്സിക്കാന്‍.
Total Thyroidectomyക്ക് ശേഷമുള്ള എല്ലാ രോഗികള്‍ക്കും റേഡിയോ അയോഡിന്‍ തെറാപ്പി ആവശ്യമുണ്ടോ?
Total Thyroidectomyക്ക് ശേഷമുള്ള രോഗിയുടെ റിസ്‌ക് പ്രൊഫൈലിനെ ആശ്രയിച്ചിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയില്‍ കാണപ്പെടുന്ന വ്യാപന ശേഷി ഇല്ലാത്ത ചെറിയ അര്‍ബുദങ്ങള്‍, ഇത് പലപ്പോഴും ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും നീക്കം ചെയ്യാം, ഇവക്ക് സാധാരണയായി റേഡിയോ ആക്ടീവ് അയോഡിന്‍ തെറാപ്പി ആവശ്യമില്ല.
റേഡിയോ അയോഡിന്‍ തെറാപ്പി ആരംഭിക്കുന്നതിന് മുന്‍പ് Whole Body Radio Iodine Scanന്റെ പങ്ക് എന്താണ്?
ഒരു രോഗിയെ റേഡിയോ അയോഡിന്‍ തെറാപ്പിക്ക് റഫര്‍ ചെയ്തതിനു ശേഷം ആദ്യം ചെയ്യേണ്ടത് ഒരു Whole Body Radio Iodine Scan ആണ് . ഈ സ്‌കാന്‍ നടത്താന്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഏകദേശം 3 ആഴ്ചകള്‍ (തൈറോയ്ഡ് ഹോര്‍മോണ്‍ സപ്‌ളിമെന്റ് ഇല്ലാതെ) ആവശ്യമാണ്. TSH (തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍) ശസ്ത്രക്രിയ്ക്ക് ശേഷം അഭികാമ്യമായ തലത്തിലേക്ക് ഉയരാന്‍ അനുവദിക്കുന്നതിനാണ് ഈ ഇടവേള നല്‍കിയിരിക്കുന്നത്.
RAI തെറാപ്പി ഏറ്റവും ഫലപ്രദമാകണമെങ്കില്‍, രക്തത്തില്‍ ഉയര്‍ന്ന തോതില്‍ TSH (Thyroid-Stimulating Hormone) ഉണ്ടായിരിക്കണം. ഈ ഹോര്‍മോണാണ് തൈറോയ്ഡ് ടിഷ്യുവിനെ (കൂടാതെ കാന്‍സര്‍ കോശങ്ങളെയും) റേഡിയോ ആക്ടീവ് അയോഡിന്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ടി.എസ്.എച്ച് ലെവല്‍ ഒരു നിശ്ചിത നിലവാരത്തിന് മുകളിലായിക്കഴിഞ്ഞാല്‍, 131-അയോഡിന്റെ വളരെ ചെറിയ ഓറല്‍ ഡോസ് ഉപയോഗിച്ചാണ് ഡയഗ്‌നോസ്റ്റിക് പഠനം നടത്തുന്നത്. ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് കഴുത്തില്‍ തൈറോയ്ഡ് ടിഷ്യു അവശേഷിക്കുന്നുണ്ടോ എന്നും, നീക്കം ചെയ്യാതെ കഴുത്തില്‍ നോഡുകളുടെ രൂപത്തിലോ അല്ലെങ്കില്‍ ശ്വാസകോശത്തിലോ, എല്ലുകളിലോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ വ്യാപിച്ചുകിടക്കുന്ന കാന്‍സറിന്റെ സാന്നിധ്യവും ഈ സ്‌കാനിംങ് വഴി നിര്‍ണ്ണയിക്കുന്നു.
എന്താണ് റീകോമ്പിനന്റ് ടി.എസ്.എച്ച്, ഡയഗ്‌നോസ്റ്റിക് സ്‌കാനിംഗിന് മുന്‍പ് എല്ലാവര്‍ക്കും അത് ആവശ്യമുണ്ടോ?
ക്ഷീണം, വിഷാദം, ശരീരഭാരം, ഉറക്കക്കുറവ്, മലബന്ധം, പേശിവേദന, ഏകാഗ്രത കുറവ് എന്നിവയുള്‍പ്പെടെയുള്ള ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍ക്ക് കാരണമാകും എന്നതാണ് രോഗിയുടെ ടി.എസ്.എച്ച് ലെവല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സമയ ഇടവേളയുടെ ഒരു പോരായ്മ. ഒരു സാധാരണ രോഗിയില്‍ ഇവ സൗമ്യമായിരിക്കുമെങ്കിലും, അനിയന്ത്രിതമായ പ്രമേഹം അല്ലെങ്കില്‍ കഠിനമായ ഹൃദയ രോഗങ്ങള്‍ ഉള്ളവരില്‍ ഈ ലക്ഷണങ്ങള്‍ വഷളായേക്കാം. അതിനാല്‍, തൈറോയ്ഡ് ഹോര്‍മോണ്‍ തടഞ്ഞുവയ്ക്കാതെ ടി.എസ്.എച്ച് അളവ് ഉയര്‍ത്താനുള്ള മറ്റൊരു മാര്‍ഗ്ഗം സ്‌കാനിംഗിന് മുന്‍പ് തൈറോട്രോപിന്‍ (തൈറോജന്‍) ഇന്‍ജക്ഷന്‍ നല്‍കലാണ്. പക്ഷെ ഈ മരുന്ന് വളരെ വില കൂടിയതാണ്.
ഡയഗ്‌നോസ്റ്റിക് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍, റേഡിയോ അയോഡിന്‍ തെറാപ്പി എങ്ങനെയാണ് നടത്തുന്നത്?
രോഗിയുടെ Diagnostic Whole Body പഠനത്തിന്റെയും , അതുപോലെ തന്നെ risk profileനെയും പരിഗണിച്ച് (രക്ത പരിശോധനഫലം, കാന്‍സറിന്റെ ഉപവിഭാഗം, കാന്‍സറിന്റെ ആക്രമണോത്സുകതയൊക്കെ കണക്കിലെടുത്ത് ) ഡോസ് അല്ലെങ്കില്‍ എത്ര മാത്രം റേഡിയോ അയോഡിന്‍ നല്‍ക്കേണ്ടി വരുമെന്ന് ആദ്യം കണക്കാക്കുന്നു. രോഗത്തിന്റെ അളവ് കൂടുതല്‍ ഉണ്ടെങ്കില്‍ അതിന് ആനുപാതികമായി ഡോസും വര്‍ദ്ധിപ്പിക്കുന്നു. റേഡിയോ ആക്ടീവ് അയോഡിന്‍ I131 കാപ്‌സ്യൂളിലോ പാനീയത്തിന്റെ രൂപത്തിലോ വായിലൂടെ നല്‍കുന്നു. ഇത് എടുത്തതിനുശേഷം, രോഗി റേഡിയോ ആക്റ്റിവിറ്റി പ്രസരിപ്പിക്കുന്നതു കൊണ്ട് നിരന്തരമായ നിരീക്ഷണത്തില്‍ ഒറ്റമുറിയില്‍ തനിച്ചായിരിക്കാന്‍ രോഗിയെ നിര്‍ദ്ദേശിക്കുന്നു. റേഡിയോ ആക്ടിവിറ്റി ലെവലുകള്‍ നിര്‍ദ്ദിഷ്ട അളവില്‍ താഴെ വന്നതിനുശേഷം മാത്രമേ രോഗിയെ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കൂ. അതിനാല്‍, മിക്ക രോഗികള്‍ക്കും പ്രൊസീജ്യയറിനു ശേഷം ഒന്നോ അതിലധികമോ ദിവസത്തേക്ക് അഡ്മിഷന്‍ ആവശ്യമായി വന്നേക്കാം.
എല്ലാ രോഗിക്കും റേഡിയോ അയോഡിന്‍ തെറാപ്പിക്ക് അഡ്മിഷന്‍ ആവശ്യമുണ്ടോ?
ഇല്ല, പരിമിതമായ രീതിയില്‍ രോഗമുള്ളവര്‍ക്ക് മിനിമം നിശ്ചിത ഡോസ് ആവശ്യമായി വന്നേക്കാം. ഈ രോഗികള്‍ അഡ്മിറ്റ് ആവേണ്ടതില്ല, തെറാപ്പി കഴിഞ്ഞ് വീട്ടിലേക്ക് പോകാം.
റേഡിയോ-അയോഡിന്‍ എടുക്കുന്നതിന് മുന്‍പ്, റേഡിയോ-അയോഡിന്‍ തെറാപ്പിയില്‍ ഒരാള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അല്ലെങ്കില്‍ തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണ്?
പ്രത്യുല്‍പാദന പ്രായത്തിലുള്ള സ്ത്രീകളാണെങ്കില്‍, ഗര്‍ഭധാരണം ഈ തെറാപ്പിക്ക് അഭികാമ്യമല്ലാത്തതിനാല്‍ രോഗി ഗര്‍ഭിണിയല്ലെന്ന് സ്ഥിരീകരിക്കണം. രോഗിക്ക് ഗര്‍ഭിണിയാണോയെന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കില്‍ urine pregnancy testലൂടെ ഗര്‍ഭധാരണം ഇല്ലായെന്ന് ഉറപ്പു വരുത്തുന്നതാണ് നല്ലത്. റേഡിയോ അയോഡിന്‍ തെറാപ്പി കഴിഞ്ഞ് ചുരുങ്ങിയത് ആറു മാസത്തിനു ശേഷമേ ഗര്‍ഭവതിയാകാവൂ. റേഡിയോ-അയോഡിന്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിന് (ഭ്രൂണം) ഉണ്ടാകാനിടയുള്ള ദോഷം ( സാധ്യത കുറവാണെങ്കിലും) കണക്കിലെടുത്താണ് ഈ നടപടികള്‍ കൈക്കൊള്ളുന്നത്.
മുലയൂട്ടുന്ന അമ്മമാര്‍ , മുലയൂട്ടുന്ന കാര്യം ഡോക്ടറെ അറിയിക്കേണ്ടതുണ്ട്. റേഡിയോ-അയോഡിന്‍ സാന്നിദ്ധ്യം മുലപ്പാലില്‍ കാണപ്പെടുന്നതിനാല്‍, തെറാപ്പി എടുത്തതിനുശേഷം രോഗി മുലയൂട്ടല്‍ നിര്‍ത്തേണ്ടതുണ്ട്. തെറാപ്പി പൂര്‍ത്തിയാകുന്നതുവരെ ശസ്ത്രക്രിയ്ക്ക് ശേഷം തൈറോക്‌സിന്‍ സപ്ലിമെന്റേഷന്‍ നിര്‍ത്തുന്നതിനൊപ്പം, അയോഡിന്‍ അടങ്ങിയ ചില ഭക്ഷണങ്ങള്‍ (കടല്‍ വിഭവങ്ങള്‍, ചില മള്‍ട്ടിവിറ്റമിന്‍ കാപ്‌സ്യൂളുകള്‍) പ്രൊസിജ്യയറിനു മുന്‍പ് ഒഴിവാക്കണം. മറ്റെല്ലാ ഭക്ഷണവും സാധാരണപോലെ കഴിക്കാം. പുറമെ പുരട്ടുന്ന അയോഡിന്‍ന്റെ ഉയര്‍ന്ന സാന്ദ്രത ഉള്ള (അയോഡെക്‌സ് പോലുള്ള) ലേപനങ്ങള്‍ ഒഴിവാക്കണം.
റേഡിയോ ആക്ടീവ് അയോഡിന്‍ കഴിച്ചതിനുശേഷം വെറും വയറ്റിലാണ് റേഡിയോ അയോഡിന്‍ കഴിക്കുന്നത്. കുറച്ച് സമയത്തേക്ക് (2 മണിക്കൂര്‍) രോഗി എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ പാടില്ല, അതുകൊണ്ട് ശരീരത്തിന് റേഡിയോ അയോഡിന്‍ ആഗിരണം ചെയ്യാനുള്ള സമയം ലഭിക്കുന്നു. ആഗിരണം കഴിഞ്ഞ്, രോഗിക്ക് സാധാരണ ഭക്ഷണം കഴിക്കാം. രോഗിയോട് ധാരാളം വെള്ളം കുടിക്കാനും ഇടക്കിടെ മൂത്രമൊഴിക്കാനും നിര്‍ദ്ദേശിക്കുന്നു. തെറാപ്പിക്ക് ശേഷം റേഡിയോ അയോഡിന്‍ സാന്നിദ്ധ്യം ഉമിനീര്‍ ഗ്രന്ഥികളില്‍ ഇല്ലാതാക്കാന്‍ ഉമിനീര്‍ സ്രവണം വര്‍ദ്ധിപ്പിക്കാന്‍ പുളിയുള്ള മിഠായികള്‍ ഇടക്കിടെ ഉപയോഗിക്കുന്നത് നല്ലതാണ്.
രോഗിയുടെ അടുത്ത ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും മറ്റു ആളുകളുടെയും റേഡിയേഷന്‍ എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിന് റേഡിയോ അയോഡിന്‍ തെറാപ്പിക്ക് ശേഷം ഏകദേശം രണ്ട് ആഴ്ച ചില റേഡിയോ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ രോഗിയോട് നിര്‍ദ്ദേശിക്കുന്നു. രോഗികള്‍ എല്ലാവരോടും സാമൂഹിക അകലം പാലിക്കണം. വീട്ടില്‍ ഗര്‍ഭിണികളോ, ചെറിയ കുഞ്ഞുങ്ങളോ വീട്ടില്‍ ഉണ്ടെങ്കില്‍ ഈ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. എന്നിരുന്നാലും കര്‍ശനമായ ഒറ്റപ്പെടല്‍ ആവശ്യമില്ല. രോഗിക്ക് അവരുടെ പരിചാരകരുമായി 2 മീറ്റര്‍ അകലം പാലിച്ചു സംസാരിക്കാനും കഴിയുന്നത്ര കുറഞ്ഞ സമയം ചെലവഴിക്കാനും കഴിയും.റേഡിയോ അയോഡിന്‍ മൂത്രത്തിലൂടെയും, വിയര്‍പ്പിലൂടെയും പുറന്തള്ളപ്പെടുന്നതിനാല്‍, ഉപയോഗിച്ചതിന് ശേഷം രണ്ട് തവണ ടോയ്ലറ്റ് ഫ്‌ലഷ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. രോഗികളുടെ വസ്ത്രങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് കഴുകേണ്ടതാണ്. രോഗി പാചക ജോലികള്‍ കഴിവതും ഒഴിവാക്കുക.
റേഡിയോ അയോഡിന്‍ കഴിച്ച് പരമാവധി 2 ആഴ്ച മാത്രമേ ഈ മുന്‍കരുതലുകളെല്ലാം എടുക്കേണ്ടതുള്ളൂ. ഭക്ഷണ നിയന്ത്രണങ്ങളൊന്നും ഇല്ലാത്തതിനാല്‍ രോഗിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. റേഡിയോ അയോഡിന്‍ തെറാപ്പിക്ക് ശേഷം, തൈറോക്‌സിന്‍ (തൈറോക്‌സിന്‍ ഹോര്‍മോണ്‍) ഗുളികകള്‍ രോഗി കഴിക്കണം, ഇത് ദിവസത്തില്‍ ഒരിക്കല്‍ അതിരാവിലെ എടുക്കാവുന്നതാണ്.
റേഡിയോ അയോഡിന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?
റേഡിയോ അയോഡിന്‍ കഴിച്ചതിനുശേഷം, ഇത് ആമാശയത്തില്‍ നിന്ന് ആഗിരണം ചെയ്യപ്പെടുകയും പ്രത്യേകമായി തൈറോയ്ഡ് ഗ്രന്ഥിയിലും, സര്‍ജറി കഴിഞ്ഞ് ബാക്കി വരാവുന്ന തൈറോയ്ഡ് കോശങ്ങളിലോ, വിദൂരവ്യാപന സ്ഥലങ്ങളിലോ കേന്ദ്രീകരിക്കപ്പെടുന്നു. ഈ കോശങ്ങളില്‍ കേന്ദ്രീകരിച്ച് കഴിഞ്ഞാല്‍, റേഡിയോ അയോഡിന്‍ പുറത്തുവിടുന്ന വികിരണം ഉപയോഗിച്ച് അവയെ നശിപ്പിക്കപ്പെടുന്നു. രണ്ടാഴ്ചയോ അല്ലെങ്കില്‍ മാസങ്ങളോ എടുത്ത് പതുക്കെ സംഭവിക്കുന്നതാണിത്. മറ്റു ശരീര ഭാഗങ്ങളിലെ ഭൂരിഭാഗം റേഡിയോ അയോഡിന്‍ ദിവസങ്ങള്‍ക്കുള്ളില്‍ മൂത്രത്തിലൂടെ പുറന്തള്ളപ്പെടും. വളരെ ചെറിയ അളവില്‍ ഉമിനീരിലൂടെയും, വിയര്‍പ്പിലൂടെയും പുറത്ത് വിടുന്നു.
റേഡിയോ അയോഡിന്‍ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതുണ്ടോ?
റേഡിയോ അയോഡിന്‍ തെറാപ്പി സുരക്ഷിതവും, ബുദ്ധിമുട്ടില്ലാത്തതും , കാലങ്ങളായി അംഗീകരിക്കപ്പെട്ടതുമായ ഒരു ചികിത്സാ രീതിയാണ്. റേഡിയോ അയോഡിന്‍ എടുക്കുന്ന മിക്ക രോഗികളും പാര്‍ശ്വഫലങ്ങളെക്കുറിച്ച് പരാതിപ്പെടാറില്ല. കഴുത്തില്‍ നേരിയ വേദനയോ, തടിപ്പോ, ഓക്കാനം അല്ലെങ്കില്‍ ചിലപ്പോള്‍ ഛര്‍ദ്ദി എന്നിവ ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങളാണ്. ഇത് മരുന്നുകളിലൂടെ നിയന്ത്രിക്കാനാകും. ചിലപ്പോള്‍ ഉമിനീര്‍ ഗ്രന്ഥിയില്‍ വേദനയോ, വീക്കമോ കാണാറുണ്ട്. തെറാപ്പിക്ക് ശേഷം ച്യൂയിംഗം, പുളിയുള്ള മിഠായി അല്ലെങ്കില്‍ പുളി എന്നിവ ഇടക്കിടെ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. സെക്കണ്ടറി കാന്‍സര്‍ , റേഡിയേഷന്‍ മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ എന്നിവയെ കുറിച്ച് രോഗികള്‍ ആശങ്കാകുലരാകാറുണ്ട്.
ദീര്‍ഘകാല പഠനങ്ങള്‍ നീണ്ട കാലത്തേക്കുള്ള പാര്‍ശ്വഫലങ്ങളുടെ വളരെ കുറഞ്ഞ അപകട സാദ്ധ്യതയേ കാണിക്കുന്നുള്ളൂ. ഒന്നിലധികം ഡോസുകള്‍ ആവശ്യമുള്ള ഒരു രോഗിയില്‍, റേഡിയോ അയോഡിന്‍ തെറാപ്പി ആരംഭിക്കുന്നത് എല്ലായ്‌പ്പോഴും റിസ്‌ക് ടു ബെനിഫിറ്റി റേഷ്യോ നോക്കിയാണ്. RAI ഉപയോഗിച്ചുള്ള ചികിത്സകള്‍ കാരണം വലിയ അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുന്ന പുരുഷന്മാര്‍ക്ക് ബീജങ്ങളുടെ എണ്ണം കുറവായിരിക്കാം അല്ലെങ്കില്‍ വന്ധ്യതയുണ്ടാകാം. അപൂര്‍വ്വമായി ഒന്നിലധികം റേഡിയോ അയോഡിന്‍ ഡോസുകള്‍ ആവശ്യമുള്ളതോ അല്ലെങ്കില്‍ ഒരു വലിയ ക്യുമുലേറ്റീവ് ഡോസിന് ശേഷമോ അത്തരം രോഗികള്‍ക്ക് സ്‌പേം ബാങ്കിംഗ് നിര്‍ദ്ദേശിക്കുന്നു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും റേഡിയോ അയോഡിന്‍ നല്‍കില്ല. ഭ്രൂണത്തിന് അപകടസാധ്യതയുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാന്‍, ചികിത്സ കഴിഞ്ഞ് 6 മാസത്തേക്ക് ഗര്‍ഭധാരണം മാറ്റിവയ്ക്കാനും ശുപാര്‍ശ ചെയ്യുന്നു. അതേസമയം, മുമ്പ് റേഡിയോ ആക്ടീവ് അയോഡിന്‍ സ്വീകരിച്ച മാതാപിതാക്കള്‍ക്ക് ജനിച്ച കുട്ടികളില്‍ യാതൊരു ദോഷഫലങ്ങളും രേഖപ്പെടുത്തിയിട്ടില്ല. കീമോ അല്ലെങ്കില്‍ റേഡിയോ തെറാപ്പിക്ക് ശേഷം ഉണ്ടാകാവുന്ന താല്‍ക്കാലിക മുടി കൊഴിച്ചില്‍ റേഡിയോ അയോഡിന്‍ തെറാപ്പിയില്‍ ഉണ്ടാകില്ല.
റേഡിയോ അയോഡിന്‍ തെറാപ്പിക്ക് ശേഷം follow up ചികിത്സ എങ്ങനെയാണ്?
റേഡിയോ അയോഡിന്റെ ഒരു ഡോസിന് ശേഷം, രോഗിയുടെ ഭാരം അനുസരിച്ച് ഉചിതമായ അളവില്‍ തൈറോക്‌സിന്‍ (തൈറോയ്ഡ് ഹോര്‍മോണ്‍) ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. രോഗി കൃത്യമായി മുടക്കമില്ലാതെ തൈറോക്‌സിന്‍ കഴിക്കേണ്ടതാണ് ഇല്ലെങ്കില്‍ കാന്‍സര്‍ കോശത്തിന്റെ തുടര്‍ വളര്‍ച്ച്ക്ക് സാധ്യതയുണ്ടാവും. ചികിത്സിക്കുന്ന ഡോക്ടറുടെ പതിവ് മെഡിക്കല്‍ ഫോളോ-അപ്പ് ആവശ്യമാണ്. തെറാപ്പിയുടെ ഫലം അറിയാനായി റേഡിയോ അയോഡിന്‍ തെറാപ്പിക്ക് ശേഷം 6 മാസം കഴിഞ്ഞ് Whole Body Scan ചെയ്യുന്നു. സ്‌കാനിന്റെയും മറ്റ് രക്തപരിശോധനകളുടെയും ഫലത്തെ ആശ്രയിച്ച് കൂടുതല്‍ ചികിത്സ അല്ലെങ്കില്‍ ഫോളോ അപ്പ് തീരുമാനിക്കുന്നു.
രോഗിക്ക് ഒന്നിലധികം ഡോസ് റേഡിയോ-അയോഡിന്‍ ആവശ്യമുണ്ടോ?
രോഗാവസ്ഥ കുറഞ്ഞ രീതിയില്‍ കാണപ്പെടുന്ന മിക്ക രോഗികളിലും (ശേഷിക്കുന്ന തൈറോയ്ഡ് അല്ലെങ്കില്‍ കഴുത്തിലെ നോഡുകള്‍ മാത്രം) അവശേഷിക്കുന്ന ട്യൂമര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഒരു ഡോസ് റേഡിയോ അയോഡിന്‍ മതിയാകും. ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചതോ, രോഗവ്യാപനം കൂടിയ അളവില്‍ ഉള്ളതോ ആയ രോഗികളില്‍, ഒന്നിലധികം ഡോസുകള്‍ ആവശ്യമായി വന്നേക്കാം.
തൈറോയ്ഡ് കാന്‍സറിനോട് ഒരു രോഗിയുടെ ശരിയായ സമീപനം എന്തായിരിക്കണം?
ചില അപൂര്‍വ വകഭേദങ്ങള്‍ ഒഴികെ, കൃത്യമായി രോഗനിര്‍ണയത്തിന് സാധിക്കുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമായ കാന്‍സര്‍ ആണ് തൈറോയ്ഡ് കാന്‍സര്‍ എന്നത് രോഗി മനസ്സിലാക്കേണ്ടതാണ്. സര്‍ജറി തന്നെയാണ് കൃത്യമായ ചികിത്സ. അതിനു ശേഷം ആവശ്യമെങ്കില്‍ റേഡിയോ അയോഡിന്‍ തെറാപ്പിയും ശരിയായ രീതിയിലുള്ള ചികിത്സയും കൃത്യമായ ഫോളോ അപ്പും കൊണ്ട്, ഒരു സാധാരണ വ്യക്തിയെപ്പോലെ ആയുര്‍ദൈര്‍ഘ്യവും, ഗുണനിലവാരമുള്ള ഒരു ജീവിതം നയിക്കാന്‍ കാന്‍സര്‍ രോഗികള്‍ക്ക് കഴിയും. ക്യാന്‍സര്‍ സ്ഥിരീകരിച്ചിരിക്കുന്നു എന്നത് രോഗിയെ തളര്‍ത്തേണ്ടതിനു പകരം, തൈറോയ്ഡ് ക്യാന്‍സര്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്ന അറിവില്‍ നേരത്തെയുള്ള ചികിത്സകളും കൃത്യമായ ഫോളോ അപ്പും അവലംബിക്കുകയാണ് ഈ രോഗത്തെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Dr. Shelvin Kumar writes about thyroid cancer & radio-iodine therapy