'ഇത് മനുഷ്യത്വമല്ല, വോട്ടിനുവേണ്ടിയാണ്' റോഹിംഗ്യകളെ സ്വീകരിക്കുന്ന ബംഗ്ലാദേശ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തസ്‌ലീമ നസ്‌റിന്‍
India
'ഇത് മനുഷ്യത്വമല്ല, വോട്ടിനുവേണ്ടിയാണ്' റോഹിംഗ്യകളെ സ്വീകരിക്കുന്ന ബംഗ്ലാദേശ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തസ്‌ലീമ നസ്‌റിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th September 2017, 3:46 pm

ന്യൂദല്‍ഹി: മ്യാന്‍മറില്‍ നിന്നും പലായനം ചെയ്യുന്ന റോഹിംഗ്യന്‍ മുസ്‌ലീങ്ങള്‍ക്ക് അഭയം നല്‍കിക്കൊണ്ടിരിക്കുന്ന ബംഗ്ലാദേശിലെ ഷെയ്ക്ക് ഹസീന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി തസ്‌ലീമ നസ്റ്രിന്‍.

മുസ്‌ലീങ്ങള്‍ ആയതിനാലും അവരെ വോട്ടുബാങ്കായി ഉപയോഗിക്കാമെന്നതിനാലുമാണ് ബംഗ്ലാദേശി സര്‍ക്കാര്‍ റോഹിംഗ്യകള്‍ക്ക് അഭയം നല്‍കുന്നതെന്നാണ് തസ്‌ലീമ നസ്റ്രിന്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് അവരുടെ അഭിപ്രായ പ്രകടനം.

” റോഹിംഗ്യകള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കിയിരിക്കുകയാണ്. ഇവര്‍ ഹിന്ദുക്കളോ ബുദ്ധിസ്റ്റുകളോ, ക്രിസ്ത്യാനികളോ ആയിരുന്നെങ്കില്‍ എന്താവും സ്ഥിതി? അഭയം നല്‍കുന്നത് മനുഷ്യത്വത്തിന്റെ പേരിലല്ല, വോട്ടിനുവേണ്ടിയാണ്.” എന്നാണ് തസ്‌ലീമയുടെ ട്വീറ്റ്.


Also Read: ‘എന്റെ പിറന്നാള്‍ ഇങ്ങനെയാണ്’ ഇപ്പോള്‍ പിറന്നാള്‍ ആശംസ ചോദിച്ചുവാങ്ങുന്ന മോദി പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് പറഞ്ഞത്


ദിവസം 18,000 പേര്‍ എന്ന നിലയില്‍ ഇതുവരെ നാലുലക്ഷത്തിലേറെ പേരാണ് ബംഗ്ലാദേശ് അതിര്‍ത്തി കടന്നതെന്നാണ് യു.എന്‍ ശനിയാഴ്ച പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. റോഹിംഗ്യകളെ സഹായിക്കാനായി കോക്‌സ് ബസാര്‍ ജില്ലയില്‍ 2000 ഏക്കര്‍ ഭൂമിയുണ്ടെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പുതുതായി വന്നവരുടെ കണക്കുകളും ബംഗ്ലാദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തസ്‌ലീമ നസ്‌റിന്റെ അഭിപ്രായ പ്രകടനം വന്നിരിക്കുന്നത്.