മിന്നൽ മുരളിക്ക് ശേഷം വിളികൾ അധികവും വന്നത് പുറത്തുനിന്നായിരുന്നു: ഷെല്ലി
Entertainment
മിന്നൽ മുരളിക്ക് ശേഷം വിളികൾ അധികവും വന്നത് പുറത്തുനിന്നായിരുന്നു: ഷെല്ലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th March 2024, 10:59 am

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ഷെല്ലി. കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഷെല്ലി പിന്നീട് സിനിമയിലും തിരക്കുള്ള നടിയായി.

ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളി എന്ന ചിത്രത്തിലെ ഷെല്ലിയുടെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തിയേറ്ററിൽ ഓടികൊണ്ടിരിക്കുന്ന ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രത്തിലും ഷെല്ലിയൊരു കേന്ദ്ര കഥാപാത്രമാണ്.

 

താൻ അഭിനയിച്ച സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഷെല്ലി. മിന്നൽ മുരളി കണ്ട് ലോകത്തെ പല ഭാഗത്തുള്ളവരും തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും കൂടുതൽ വിളികൾ വന്നത് കേരളത്തിന് പുറത്തുനിന്നാണെന്നും ഷെല്ലി പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.

‘റാം സംവിധാനം ചെയ്‌ത ‘തങ്ക മീങ്കൾ’ എന്ന തമിഴ് സിനിമയിലെ എന്റെ കഥാപാത്രം കണ്ടാണു മിന്നൽ മുരളിയിലെ ഉഷയ്ക്കായി സംവിധായകൻ ബേസിൽ വിളിക്കുന്നത്. ലോകത്തിൻ്റെ പലഭാഗങ്ങളിൽ നിന്ന് ആളുകൾ മിന്നൽ മുരളി കണ്ട് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നാൽ, ആ സിനിമയ്ക്കു ശേഷം അഭിനയിക്കാൻ കൂടുതൽ വിളികൾ വന്നതു കേരളത്തിനു പുറത്തു നിന്നാണ്.

മലയാള സിനിമയിൽ അഭിനയിക്കാൻ അധികം പേരൊന്നും വിളിച്ചിട്ടുമില്ല. മിന്നൽ മുരളി കഴിഞ്ഞ് ഒന്നര വർഷത്തിനു ശേഷമാണ് ഒരു മലയാള സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. പുതുമുഖ സംവിധായകൻ ശരൺ വേണുഗോപാലിൻ്റെ സംവിധാനത്തിലുള്ള ‘നാരയണീൻ്റെ മൂന്നാൺമക്കൾ’ എന്ന സിനിമയിലേക്കായിരുന്നു അത്.

ഇതിനിടെ തെലുങ്കിൽ ശെയ്ത്താൻ എന്ന വെബ് സീരീസ് ചെയ്തു‌. തമിഴിൽ ശെൽവ രാഘവൻ സംവിധാനം ചെയ്‌ത നാനേ വരുവേൻ എന്ന സിനിമയിലും അഭിനയിച്ചു. ‘സ്വകാര്യം സംഭവബഹുലം’ എന്ന മലയാള സിനിമയ്ക്കും ശേഷമാണ് ഒരു സർക്കാർ ഉത്പന്നം എന്ന സിനിമയിൽ അഭിനയിച്ചത്. ഇതിൽ ആദ്യം തിയേറ്ററിൽ വന്നത് ഒരു സർക്കാർ ഉത്പന്നമാണ്. ആ സിനിമയ്ക്കായി എന്നെ വിളിച്ചത് അതിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തറാണ്. അദ്ദേഹം അടുത്തിടെ വിട്ടുപോയി. ഒരു തമിഴ് സിനിമയും റിലീസ് ആകാനുണ്ട്,’ഷെല്ലി പറയുന്നു.

Content Highlight: Shelly Talk About Her Films