| Thursday, 25th August 2022, 9:14 pm

ഞാന്‍ കേരളത്തിലൊന്നും അല്ലല്ലോ, നോര്‍ത്തില്‍ തന്നെയല്ലേ; എനിക്കും രോഹിത്തിനും ഒരേ വയസ്, എന്നിട്ടും പ്രായത്തിന്റെ പേരില്‍ ഇങ്ങനെ തഴയണോ? ബി.സി.സി.ഐക്കെതിരെ രഞ്ജിയിലെ പുലി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ന്യൂസിലാന്‍ഡ് എ ടീമിനെ നേരിടാനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. കിവീസിനെതിരെ മള്‍ട്ടി ഫോര്‍മാറ്റ് കളിക്കുന്നതിനായുള്ള സ്‌ക്വാഡിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്.

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ താരങ്ങളും ഐ.പി.എല്‍ കണ്ടെടുത്ത സൂപ്പര്‍ താരങ്ങളുമാണ് ഇന്ത്യ എ ടീമിന്റെ ശക്തി. മൂന്ന് ടെസ്റ്റും രണ്ട് ഏകദിനവുമാണ് പരമ്പരയിലുള്ളത്.

ഇന്ത്യന്‍ ടീമിലെ സാന്നിധ്യമായ കുല്‍ദീപ് യാദവ്, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ചഹര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരുള്‍പ്പെട്ട ടീമില്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നതും കാത്തിരിക്കുന്ന താരങ്ങളുമുണ്ട്.

ഐ.പി.എല്ലിലും കഴിഞ്ഞ രഞ്ജിയും നിര്‍ണായക പ്രകടനം കാഴ്ചവെച്ച രജത് പാടിദാര്‍, രഞ്ജി ട്രോഫി കണ്ടെത്തിയ മാണിക്യക്കല്ല് സര്‍ഫറാസ് ഖാന്‍, കശ്മീര്‍ എക്‌സ്പ്രസ് എന്ന് വിളിക്കുന്ന സ്പീഡ്സ്റ്റര്‍ ഉമ്രാന്‍ മാലിക്, കെ.എസ്. ഭരത് എന്നിവരും ടീമിന്റെ ഭാഗമാണ്.

എന്നാല്‍ ബി.സി.സി.ഐ എന്നും ചെയ്യുന്നതുപോലെ തന്നെ സൗരാഷ്ട്ര സൂപ്പര്‍ താരം ഷെല്‍ഡണ്‍ ജാക്‌സണെ ഇത്തവണയും തഴഞ്ഞിരിക്കുകയാണ്. ഇന്ത്യ പ്രഖ്യാപിച്ച 16 അംഗ സ്‌ക്വാഡില്‍ കൊല്‍ക്കത്തയുടെ വിക്കറ്റ് കീപ്പര്‍ കൂടിയായ ജാക്‌സണ്‍ ഉണ്ടായിരുന്നില്ല.

ഫസ്റ്റ് ക്ലാസില്‍ ജാക്‌സണിന്റെ റെക്കോഡിന് പകരം വെക്കാന്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെ പല സൂപ്പര്‍ താരങ്ങള്‍ക്കും സാധിക്കില്ല എന്നത് ഒരു വസ്തുതയായി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് താരത്തെ ടീമിലെടുക്കാതെ മാറ്റിനിര്‍ത്തുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. ഫസ്റ്റ് ക്ലാസില്‍ 49.42 ശരാശരിയില്‍ 5,634 റണ്‍സാണ് ജാക്‌സണ്‍ സ്വന്തമാക്കിയിട്ടുള്ളത്.

തന്നെ ടീമിലെടുക്കാത്തതിന്റെ നീരസം പരസ്യമായി തന്നെ പ്രകടമാക്കിയിരിക്കുകയാണ് താരമിപ്പോള്‍. ട്വിറ്ററിലൂടെയായിരുന്നു ബി.സി.സി.ഐയെ ഒരേസമയം, കളിയാക്കിയും വിമര്‍ശിച്ചും താരം രംഗത്തെത്തിയത്.

‘ഞാന്‍ മൂന്ന് സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കും എന്ന് സ്വപ്‌നം കാണാന്‍ എനിക്ക് അവകാശമുണ്ട്. ‘ഞാന്‍ മികച്ച താരമാണ്, മികച്ച പ്രകടനം കാഴ്ചവെക്കുന്നവനാണ് പക്ഷേ എനിക്ക് വയസായി’ എന്ന കാര്യം കേട്ടുകേട്ട് ഞാന്‍ മടുത്തിരിക്കുകയാണ്. എനിക്ക് 35 വയസാണ്, അല്ലാതെ 75 അല്ല,’ ജാക്‌സണ്‍ ട്വീറ്റ് ചെയ്തു.

നിരവധി ആരാധകരാണ് ജാക്‌സണെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. 37 വയസായ ദിനേഷ് കാര്‍ത്തിക്കിനെ ടീമിലെടുക്കുമ്പോള്‍ 35 വയസായ ജാക്‌സണെ തഴയുന്നതിന്റെ യുക്തി മനസിലാവുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ, ടീം സെലക്ട് ചെയ്യുന്നതില്‍ സെലക്ടര്‍മാര്‍ പച്ചയായ വിവേചനം കാണിക്കുന്നുണ്ടെന്ന് ഷെല്‍ഡന്‍ ജാക്‌സണ്‍ പറഞ്ഞിരുന്നു.

തന്റെ പ്രായം മാത്രമാണ് സെലക്ടര്‍മാരുടെ കണ്ണില്‍ പെടുന്നതെന്നും, അല്ലാതെ തന്റെ കളിയോ സ്റ്റാറ്റ്‌സോ അവര്‍ കാണുന്നില്ലെന്നും ജാക്‌സണ്‍ തുറന്നടിച്ചിരുന്നു. തന്നെക്കാള്‍ പ്രായമുള്ളവരെ ടീമിലെടുക്കുമ്പോള്‍ തന്നെ മാത്രമാണ് പ്രായത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ വലിയ പിന്തുണയായിരുന്നു ജാക്‌സണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചിരുന്നത്.

Content Highlight: Sheldon Jakson slams BCCI for not including him India A team against New Zealand A

We use cookies to give you the best possible experience. Learn more