| Thursday, 13th October 2022, 2:16 pm

പിടിച്ചുമാറ്റിയത് നന്നായി, അല്ലേല്‍ തല്ലി തീര്‍ന്നേനെ രണ്ടും; റായിഡുവും ജാക്‌സണും തമ്മില്‍ ഏറ്റുമുട്ടല്‍; കാരണം കേട്ട് ചിരിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിലെ ഇന്നലത്തെ മത്സരത്തില്‍ ഗ്രൗണ്ടില്‍ തീ പാറുന്ന ഏറ്റുമുട്ടലായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലുമല്ലായിരുന്നു പക്ഷെ ഈ ചൂടേറിയ മത്സരം നടന്നത്. രണ്ട് താരങ്ങള്‍ തമ്മിലായിരുന്നു.

അമ്പാട്ടി റായിഡുവും ഷെല്‍ഡണ്‍ ജാക്ക്‌സണും തമ്മില്‍ തുടങ്ങിയ വാക്കുതര്‍ക്കമാണ് കയ്യേറ്റത്തിന്റെ വക്കിലെത്തിയത്. ഗ്രൂപ്പ് ഡിയിലെ സൗരാഷ്ട്രയും ബറോഡയുമായും തമ്മിലുള്ള മാച്ചിനിടെയായിരുന്നു സംഭവം.

സൗരാഷ്ട്രയുടെ ഇന്നിങ്‌സിലെ ഒമ്പതാം ഓവര്‍ നടക്കുന്നു. ബാറ്റ് ചെയ്യുന്നത് ഷെല്‍ഡണ്‍ ജാക്ക്‌സണ്‍. ബറോഡ ക്യാപ്റ്റനായ റായിഡു എന്തോ പറയുന്നതും പിന്നാലെ ജാക്ക്‌സണ്‍ താരത്തിനടുത്തേക്ക് ദേഷ്യത്തില്‍ നടന്നുവരുന്നതുമാണ് പിന്നീട് കാണുന്നത്. പിന്നെ അത് വാക്കേറ്റവും ചെറിയ ഉന്തും തള്ളലുമൊക്കെയായി.

ഒടുവില്‍ മറ്റ് കളിക്കാരും അമ്പയറുമാരും എത്തിയാണ് രണ്ട് പേരെയും പിടിച്ചുമാറ്റിയത്. പക്ഷെ ജാക്ക്‌സണ്‍ ക്രീസിലേക്ക് മടങ്ങിയിട്ടും കലിയടങ്ങാതിരുന്ന റായിഡു പിന്നീട് കുറച്ച് സമയം കൂടി അമ്പയറോട് തര്‍ക്കം തുടര്‍ന്നു.

പന്ത് നേരിടാന്‍ ജാക്ക്‌സണ്‍ ഒരുപാട് സമയം എടുക്കുന്നതായിരുന്നു റായിഡുവിനെ ചൊടിപ്പിച്ചത്. വെറുതെ വൈകിപ്പിക്കുകയാണെന്നായിരുന്നു റായിഡുവിന്റെ പരാതി.

കുറച്ചൊക്കെ രോഷം നല്ലതാണെന്നും ഇത് എല്ലാവരെയും കൂടുതല്‍ ആവേശത്തോടെ കളിക്കാന്‍ പ്രാപ്തരാക്കുമെന്നുമായിരുന്നു കമന്റേറ്റര്‍മാരിലൊരാള്‍ പറഞ്ഞത്. പക്ഷെ കാര്യങ്ങള്‍ അതിരുവിടരുതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

എന്തായാലും സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. മറ്റ് കളിക്കാര്‍ ഇടപെട്ട് പിടിച്ചുമാറ്റിയത് നന്നായെന്നും ഇല്ലെങ്കില്‍ നല്ല തല്ല് നടന്നേനെ എന്നുമാണ് പലരും കമന്റുകളില്‍ പറയുന്നത്.

പന്ത് നേരിടാന്‍ നേരം വൈകിയെന്നതിന്റെ പേരില്‍ ഇങ്ങനെ ദേഷ്യപ്പെടണോയെന്നാണ് റായിഡുവിനോട് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. നേരത്തെയും എതിര്‍ കളിക്കാരോടും സ്വന്തം ടീമിനോടും അനാവശ്യമായി താരം ദേഷ്യപ്പെട്ടിട്ടുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം മത്സരത്തില്‍ ബറോഡയെ സൗരാഷ്ട്ര പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു നേടിയത്.

35 പന്തില്‍ നിന്നും 60 റണ്‍സ് നേടിയ മിതേഷ് പട്ടേലും 33 പന്തില്‍ നിന്നും 51 റണ്‍സ് നേടിയ വിഷ്ണു സോളങ്കിയുമാണ് ബറോഡക്ക് വേണ്ടി തിളങ്ങിയത്. ക്യാപ്റ്റന്‍ റായിഡു ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര രണ്ട് പന്ത് ശേഷിക്കേ 176 റണ്‍സ് നേടി കളി അവസാനിപ്പിച്ചു.

Content Highlight: Sheldon Jackson, Ambati Rayudu get involved in heated fight- video

We use cookies to give you the best possible experience. Learn more