വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്. വാനം തൊടുന്ന വമ്പനടികളും മൂളിപ്പറക്കുന്ന സിക്‌സറുകളും വിന്‍ഡീസ് ബാറ്റര്‍മാരുടെ കളിയഴകും കാണികളെ ഹരം കൊള്ളിക്കാരുണ്ട്.
വിവിയന്‍ റിച്ചാര്‍ഡും ക്ലൈവ് ലോയ്ഡും മുതല്‍ ക്രിസ് ഗെയ്‌ലും പൊള്ളാര്‍ഡും കടന്ന് ഇപ്പോഴുള്ള യുവതാരങ്ങള്‍ വരെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ വമ്പനടിയുടെ ലെഗസി കൈവിടാതെ കാക്കുന്നവരാണ്.
എന്നാല്‍ ഇപ്പോഴിതാ, വമ്പനടികള്‍ കാരണം വിന്‍ഡീസ് താരം ഷെല്‍ഡോണ്‍ കോട്രലിന് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. ഒരു വിന്‍ഡീസുകാരന്‍ ബാറ്റ് ചെയ്യുന്നതിന്റെ ഏഴയലത്ത് കാര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പേസര്‍ ഷെല്‍ഡോണ്‍ കോട്രെല്‍ പറയുന്നത്.
അയര്‍ലാന്‍ഡുമായി നടന്ന ഏകദിന മത്സരത്തിനിടെയാണ് രസകരമായ സംഭവം നടന്നത്. അയര്‍ലാന്‍ഡ് താരം ജോഷ്വ ലിറ്റില്‍ എറിഞ്ഞ 48ാം ഓവറിലെ മൂന്നാം പന്ത് ഓറ്റിയന്‍ സ്മിത്ത് സിക്‌സറിന് തൂക്കി. എക്‌സ്ട്രാ കവറിന് മുകളിലൂടെ 84 മീറ്റര്‍ ദൂരം പറന്നായിരുന്നു പന്ത് ലാന്‍ഡ് ചെയ്തത്.
ഇതെല്ലാം കഴിഞ്ഞ് കോട്രെല്‍ പോസ്റ്റ് ചെയ്ത് ചിത്രമാണ് ഏറെ ചിരിയുണര്‍ത്തുന്നത്. ‘ഒരു വെസ്റ്റ് ഇന്‍ഡീസ് താരം ബാറ്റ് ചെയ്യുമ്പോള്‍ ഒരിക്കലും നിങ്ങളുടെ കാര്‍ അടുത്തെങ്ങും തന്നെ പാര്‍ക്ക് ചെയ്യരുത്,’ എന്ന് ക്യാപ്ഷനൊപ്പം തന്റെ പ്രിയപ്പെട്ട കാറിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്.
കോട്രലിന് സന്തോഷിക്കാനായി മത്സരം വെസ്റ്റ് ഇന്‍ഡീസ് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 10 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലാന്‍ഡ് 245 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.