| Tuesday, 26th August 2014, 3:21 pm

കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവച്ചു. മിസോറാമിലേക്ക് സ്ഥലം മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി കഴിഞ്ഞ ദിവസം ഷീല ദീക്ഷിത് കൂടിക്കാഴ്ച നടത്തിയിരുന്നു.

രാഷ്ട്രപതിക്ക് ഇന്നലെ രാജിക്കത്ത് നല്‍കിയിരുന്നതായി ഷീല ദീക്ഷിത് പറഞ്ഞു. രാജി സ്വന്തം നിലക്കെടുത്ത തീരുമാനമാണെന്നും മറ്റു ഗവര്‍ണര്‍മാരുടെ രാജിയുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മൂന്നു തവണ ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മാര്‍ച്ച് 11ന് കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണറായി ചുമതലയേറ്റത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറാണ് അവരെ കേരള ഗവണര്‍റായി നിയമിച്ചത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷീലാ ദീക്ഷിത് വിസമ്മതിക്കുകയായിരുന്നു.

മിസോറാമിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനും നാഗാലാന്‍ഡിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് വക്കം പുരുഷോത്തമനും ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. യു.പി.എ സര്‍ക്കാര്‍ നിയമിച്ച പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍, ഗോവ ഗവര്‍ണര്‍ ബി.വി വാഞ്ചു തുടങ്ങിയവരും ബി.ജെ.പി അധികാരത്തിലെത്തിയതോടെ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more