ന്യൂദല്‍ഹി: മുന്‍ ദല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീലാദീക്ഷിത് ഈസ്റ്റ് ദല്‍ഹി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
പതിനഞ്ച് വര്‍ഷം ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് തന്നെയാണ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്നും സീറ്റ് പിടിച്ചെടുക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
ബി.ജെ.പി യുടെ മഹേഷ് ഗിരിയാണ് ഇപ്പോള്‍ ഈസ്റ്റ് ദല്‍ഹിയെ പ്രതിനിധീകരിക്കുന്നത്.
ഷീലാ ദീക്ഷിതിന്റെ മകനും മുന്‍ രാജ്യ സഭാ, ലോക്‌സഭാ എം പിയുമായിരുന്ന ,സന്ദീപ് ദീക്ഷിതിന് 2014 ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം നഷ്ടപ്പെടുകയായിരുന്നു.
ആംആദ്മി-കോണ്‍ഗ്രസ് സംഖ്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ഷീലാദീക്ഷിതിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുമായി സഖ്യമുണ്ടാക്കിയാല്‍ അത് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നായിരുന്നു ഷീലാ ദീക്ഷിതിന്റെ നിലപാട്. എന്നാല്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചാല്‍ ദല്‍ഹിയില്‍ ആം ആദ്മിയുമായി സഖ്യമായി മത്സരിക്കാമെന്നും ഷീലാ ദീക്ഷിത് പറഞ്ഞിരുന്നു.
ദല്‍ഹിയിലെ ആംആദ്മി -കോണ്‍ഗ്രസ് ധാരണയെ ചൊല്ലി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. കെജ്‌രിവാളിനെ കുറ്റപ്പെടുത്തി രാഹുലാണ് അദ്യം രംഗത്തെത്തിയത്. ഇതിന് മറുപടിയുമായി കെജ്‌രിവാളും രംഗത്തെത്തിയതോടെ തര്‍ക്കം പരസ്യമാവുകയായിരുന്നു.