ന്യൂദല്‍ഹി: 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസ് മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതാണെന്ന് കോൺഗ്രസ് നേതാവും മുൻ ദൽഹി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ഇന്നത്തെ കാലത്ത് ഇത്തരം സംഭവങ്ങൾ സാധാരണയായി നടക്കുന്നതാണെന്നും അവർ പറഞ്ഞു. ‘മിറര്‍ നൗ’ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷീല ദീക്ഷിത് വിവാദ പരാമർശം നടത്തിയത്.
ദൽഹിയിലെ സുരക്ഷ മെച്ചപ്പെടുത്താൻ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണെന്നും ദീക്ഷിത് പറഞ്ഞു.
‘രാജ്യത്ത് ഇപ്പോൾ അനേകം പീഡനങ്ങൾ നടക്കുന്നുണ്ട്. പത്രത്തിലെ ചെറിയൊരു വാര്‍ത്ത മാത്രമായി അതൊതുങ്ങും. കുട്ടികള്‍ വരെ പീഡനത്തിനിരയാകുന്നുണ്ട്. ഇതിൽ ചിലത് മാത്രമാണ് രാഷ്ട്രീയവത്കരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി സി.സി.ടി.വിയും വഴിവിളക്കുകളും സ്ഥാപിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ ചുമതലയിൽപ്പെട്ട കാര്യമല്ല. ഡൽഹി സർക്കാർ കേന്ദ്രസർക്കാരിന്റെ കീഴിലാണ്.’ ദീക്ഷിത് പറയുന്നു.
2012 ഡിസംബർ 16ന് ആണ് ഓടിക്കൊണ്ടിരുന്ന ബസിൽ ഫിസിയോതെറപ്പി വിദ്യാർഥിനി ജ്യോതി സിംഗ് പാണ്ഡെ കൂട്ടമാനഭംഗത്തിനിരയായത്. സംഭവത്തിൽ കുറ്റാരോപിതരായ നാല് പേരെ തൂക്കികൊല്ലാൻ ദൽഹി ഹൈകോടതി വിധിച്ചിരുന്നു. പ്രതികളിൽ ഒരാൾ തിഹാർ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്യുകയുണ്ടായി.
കുറ്റകൃത്യം നടന്നതിന് ശേഷം രാജ്യത്തെ സ്ത്രീസുരക്ഷ നിയമങ്ങൾ അന്നത്തെ യു.പി.എ. സർക്കാർ ശക്തമാക്കിയിരുന്നു. സംഭവത്തിനെതിരെ അന്ന് മുഖ്യമന്ത്രിയായിരുന്ന ദീക്ഷിത് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു.