ന്യൂദല്‍ഹി: സോനഭദ്രയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാന്‍ അനുവാദം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു സമരം നടത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പിന്തുണച്ചുകൊണ്ടും സമരം ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുമാണ് ഷീലാ ദീക്ഷിതിന്റെ രാഷ്ട്രീയജീവിതം അവസാനിച്ചത്. സമരം അവസാനിച്ചില്ലെങ്കില്‍ ബി.ജെ.പി ആസ്ഥാനത്തിനു മുന്നില്‍ സമരം ആരംഭിക്കണമെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ഷീല നല്‍കിയ അവസാന നിര്‍ദേശം.
പ്രിയങ്കയെ കരുതല്‍ തടങ്കലിലാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ ദല്‍ഹി ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ വെള്ളിയാഴ്ച രാവിലെ പ്രതിഷേധം നടത്താന്‍ ഷീല ആഹ്വാനം ചെയ്തിരുന്നു. പക്ഷേ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് അവര്‍ക്കു പങ്കെടുക്കാന്‍ സാധിച്ചില്ല. ഷീലയുടെ അസാന്നിധ്യത്തില്‍ മുതിര്‍ന്ന നേതാവ് ഹാരൂണ്‍ യൂസഫാണു പ്രതിഷേധത്തിനു നേതൃത്വം നല്‍കിയത്.
ഇന്നലെ വൈകിട്ട് ദല്‍ഹി സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിതിന്റെ അന്ത്യം. നിലവില്‍ ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു. കേരളത്തില്‍ ഗവര്‍ണറായിരുന്നു. അഞ്ച് മാസത്തോളമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ ദല്‍ഹി മുഖ്യമന്ത്രിയായിരുന്നു. 1998 മുതല്‍ 2013 വരെയുള്ള കാലത്താണ് ഷീല ദല്‍ഹി മുഖ്യമന്ത്രിയായിരുന്നത്.
ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു. അരവിന്ദ് കെജ്രിവാളിനോട് 2013-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് ഷീല ദീക്ഷിത് മാറി നിന്നിരുന്നു. അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയപ്പോഴാണ് ഷീല് വീണ്ടും അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.