എല്‍.ജെ.ഡിയില്‍ പൊട്ടിത്തെറി; ഷെയ്ഖ് പി. ഹാരിസ് രാജിവെച്ചു
Kerala News
എല്‍.ജെ.ഡിയില്‍ പൊട്ടിത്തെറി; ഷെയ്ഖ് പി. ഹാരിസ് രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th December 2021, 3:33 pm

കോഴിക്കോട്: ഷെയ്ഖ് പി. ഹാരിസ് എല്‍.ജെ.ഡിയില്‍ നിന്ന് രാജിവെച്ചു. ഹാരിസിന് പുറമെ രണ്ട് സംസ്ഥാന സെക്രട്ടറിമാരും രാജികത്ത് നല്‍കി. അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരാണ് രാജി കത്ത് നല്‍കിയത്.

പാര്‍ട്ടിക്കുള്ളിലെ വിമതര്‍ക്കെതിരെ എല്‍.ജെ.ഡി അച്ചടക്കനടപടിയെടുത്തിരുന്നു. ഷെയ്ഖ് പി.ഹാരിസും സുരേന്ദ്രന്‍ പിള്ളയുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെയായിരുന്നു നടപടി.

സമാന്തര യോഗം ചേര്‍ന്നതില്‍ വിമതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതോടെയായിരുന്നു നടപടിയുണ്ടായത്.

ഷെയ്ഖ് പി.ഹാരിസ്, സുരേന്ദ്രന്‍ പിള്ള, അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

അച്ചടക്ക ലംഘനം തുടര്‍ന്നാല്‍ നേതാക്കളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കാനും എല്‍. ജെ.ഡി ഭാരവാഹി യോഗത്തില്‍ നേരത്തെ ധാരണയായിട്ടുണ്ടായിരുന്നു.

സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ് കുമാറിന്റെ നീക്കങ്ങളാണ് എല്‍.ജെ.ഡിക്ക് മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് കാരണമെന്ന് ഇവര്‍ നേരത്തെ ആരോപിച്ചിരുന്നു.

ശ്രേയാംസ് കുമാറിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടുള്ളവരായിരുന്നു സംസ്ഥാന ഭാരവാഹി യോഗം ചേര്‍ന്നിരുന്നത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജും പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ കെ.പി. മോഹനനും ശ്രേയാംസ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചതാണ് വിമത പക്ഷത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Sheikh P. Harris resigned from LJD