ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യയുടെ അട്ടിമറി വിജയത്തെ പ്രശംസിച്ച് ദുബായ് ഭരണാധികാരിയും യു.എ.ഇയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം.
വമ്പന്‍മാരായ അര്‍ജന്റീനയെ അട്ടിമറിച്ച സൗദിയുടെ വിജയം അര്‍ഹിച്ചതാണെന്നും അറേബ്യന്‍ നാടിന്റെ സന്തോഷമാണെന്നുമാണ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം പറഞ്ഞത്.
”അര്‍ഹിച്ച വിജയം, കരുത്തുറ്റ പ്രകടനം, ഇത് അറേബ്യന്‍ നാടിന്റെ വിജയം. ഞങ്ങളെ സന്തോഷിപ്പിച്ചതിന് സൗദി ദേശീയ ടീമിന് അഭിനന്ദനങ്ങള്‍,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ദുബായ് കിരീട അവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹമ്ദാന്‍ ബിന്‍ മൊഹമ്മദ് റാഷിദ് അല്‍ മഖ്തൂമും സൗദിയുടെ വിജയത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.
‘അല്‍ അക്ഥറിന് അഭിനന്ദനങ്ങള്‍, അഭിനന്ദനങ്ങള്‍ സൗദി അറേബ്യ, അഭിനന്ദനങ്ങള്‍ എല്ലാ അറബികള്‍ക്കും’ എന്നായിരുന്നു ഹമ്ദാന്‍ ബിന്‍ മൊഹമ്മദിന്റെ ട്വീറ്റ്.
ചരിത്രത്തിലാദ്യമയാണ് സൗദി അറേബ്യ അര്‍ജന്റീനയെ തോല്‍പ്പിക്കുന്നത്.
അര്‍ജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനിട്ടില്‍ ഡി മരിയ തുടങ്ങി വെച്ച മുന്നേറ്റത്തില്‍ നിന്നും ലയണല്‍ മെസി തൊടുത്ത ഷോട്ട് മികച്ചൊരു സേവിലൂടെ സൗദി കീപ്പര്‍ തട്ടിയകറ്റി.
10ാം മിനിട്ടില്‍ മെസി അര്ജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. രെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടിയാണ് മെസി ഗോളാക്കിയത്.
അദ്യ പകുതിയില്‍ മൂന്ന് തവണ സൗദി വലയില്‍ അര്‍ജന്റീന പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. രണ്ടാം പകുതിയില്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത സൗദി വീറോടെ പൊരുതുന്നതാണ് കണ്ടത്.
48ാം മിനിട്ടില്‍ സലേഹ് അല്‍ഷേരിയിലൂടെ സൗദി സമനില പിടിക്കുകയായിരുന്നു. അഞ്ച് മിനിട്ടിനുശേഷം സലേം അല്‍ദ്വാസാരി അര്‍ജന്റീനക്കെതിരെ രണ്ടാം ഗോള്‍ നേടി.
ഒരു ഗോള്‍ ലീഡെടുത്തതോടെ ആക്രമണം ഉപേക്ഷിച്ച് ഡിഫന്‍സിങ്ങിലേക്ക് തിരിഞ്ഞ സൗദി അറേബ്യന്‍ താരങ്ങളുടെ മെയ്ക്കരുത്തിന്റെയും ഗോള്‍ കീപ്പറുടെ മികവിനും മുന്നില്‍ അര്‍ജന്റീന തലകുനിക്കുകയായിരുന്നു.
Content Highlights: Sheikh Mohammed hails incredible Saudi win over Argentina at Fifa World Cup