'മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയെങ്കില്‍ പോട്ടെ'; പ്രീമിയര്‍ ലീഗിലെ മറ്റൊരു സൂപ്പര്‍ ക്ലബ്ബ് സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ ഷെയ്ഖ്
Football
'മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയെങ്കില്‍ പോട്ടെ'; പ്രീമിയര്‍ ലീഗിലെ മറ്റൊരു സൂപ്പര്‍ ക്ലബ്ബ് സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ ഷെയ്ഖ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th October 2023, 3:06 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ ഖത്തര്‍ നേരത്തെ ശ്രമിച്ചിരുന്നു. ക്ലബ്ബ് വില്‍ക്കാന്‍ ഉടമസ്ഥരായ ഗ്ലേസിയര്‍ കുടുംബം കഴിഞ്ഞ വര്‍ഷം നവംബറില്‍ അറിയിച്ചതിന് പിന്നാലെ ഖത്തര്‍ ശെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി യുണൈറ്റഡിന് ബിഡ് നല്‍കുകയായിരുന്നു.

ഷെയ്ഖ് ജാസിമിന്റെ ഖത്തര്‍ കണ്‍സോര്‍ഷ്യവും ബ്രിട്ടീഷ് ശതകോടീശ്വരന്‍ സര്‍ ജിം റാഡ്ക്ലിഫുമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ബിഡ് നല്‍കിയവരില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്.

എന്നാല്‍ നൂറ് ശതമാനം ക്യാഷ് ബിഡ് നല്‍കാമെന്നും ക്ലബ്ബിന്റെ പേരിലുള്ള കടം ഏറ്റെടുക്കാമെന്നും ജാസിം അറിയിച്ചിട്ടും യുണൈറ്റഡ് വിട്ടുനല്‍കാന്‍ ഗ്ലേസിയേഴ്‌സ് തയ്യാറായില്ലെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

സ്‌പോര്‍ട്‌സ് മാധ്യമമായ മിററിന്റെ റിപ്പോര്‍ട്ട് പ്രകാരം ഷെയ്ഖ് ജാസിം മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സ്വന്തമാക്കാന്‍ തയ്യാറായിരിക്കുകയാണ്.

യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ അറബ് കമ്പനികളുടെ നിക്ഷേപങ്ങള്‍ തുടരുകയാണ്. പി.എസ്.ജി, മാഞ്ചസ്റ്റര്‍ സിറ്റി, ന്യൂ കാസില്‍ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളത് അറബ് കമ്പനികളും ശതകോടീശ്വരന്മാരുമാണ്.

Content Highlights: Sheikh Jasim could turn attention to buying Premier League club Tottenham Hotspur