ഷെയ്ഖ് ഹസീനയുടെ അഭയം ഒരിക്കലും ഇന്ത്യയുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കില്ല: ബംഗ്ലാദേശ്
national news
ഷെയ്ഖ് ഹസീനയുടെ അഭയം ഒരിക്കലും ഇന്ത്യയുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കില്ല: ബംഗ്ലാദേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2024, 1:38 pm

ധാക്ക: ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കുന്നത് ഒരിക്കലും ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ദോഷകരമായി ബാധിക്കില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹൊസെയ്ന്‍.

നിലവില്‍ ഇന്ത്യയുടെ അതിഥിയായി ദല്‍ഹിയില്‍ കഴിയുന്ന ഹസീനയ്ക്ക് എത്രകാലം വേണമെങ്കിലും ഇന്ത്യയില്‍ തുടരാമെന്നും, ഹസീനയുടെ ഈ രാഷ്ട്രീയ അഭയം, ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ഒരു വിധത്തിലും ദോഷകരമായി ബാധിക്കില്ലെന്നും തൗഹിദ് ഹൊസെയിന്‍ വ്യക്തമാക്കി.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശില്‍ ചുമതലയേറ്റതിന് ശേഷം, ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞ് ബി.എന്‍.പി നേതാവ് ഗയേശ്വര്‍ റോയി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തല്‍ ഇന്ത്യയ്ക്കും ഷെയ്ഖ് ഹസീനയ്ക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ്.

‘ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെ സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ്. അവിടെ പരസ്പര വിശ്വാസത്തിന്റെ പുറത്താണ് സൗഹൃദങ്ങള്‍ നിലനില്‍ക്കുന്നത്. ഞങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധം എന്നത്തേയും പോലെ ദൃഢമായി കാത്തുസൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്.

ഇപ്പേള്‍ ഹസീനയുടെ ഇന്ത്യയിലെ അഭയവുമായി ഉയര്‍ന്ന് വരുന്ന ചോദ്യം തികച്ചം സാങ്കല്‍പ്പികം മാത്രമാണ്. കാരണം ഒരു വ്യക്തി(ഷെയ്ഖ് ഹസീന) മറ്റൊരു രാജ്യത്ത് താമസിക്കുന്നത് എങ്ങനെയാണ് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്നത്,’ ഹൊസെയ്ന്‍ ചോദിച്ചു.

ആഭ്യന്തര കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇടക്കാല സര്‍ക്കാര്‍ എപ്രകാരമാണ് കൈകാര്യം ചെയ്യുക എന്ന കാര്യത്തില്‍ ഭരണകൂടം ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പറഞ്ഞ ഹൊസയ്ന്‍ ഈ വിഷയം നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും പറഞ്ഞു.

എന്നാല്‍ ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കിയതിനെതിരെ ബംഗ്ലാദേശിലെ പ്രതിപക്ഷ നേതാക്കള്‍ ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തുന്ന ഭീഷണികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹസീനയ്ക്ക് താല്‍ക്കാലിക അഭയം വാഗ്ദാനം ചെയ്ത ഇന്ത്യയുടെ നടപടി ഒരിക്കലും ബംഗ്ലാദേശുകാര്‍ ക്ഷമിക്കില്ലെന്ന് ബി.എന്‍.പി പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

സംവരണവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ബംഗ്ലാദേശില്‍ ഇതുവരെ 300ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

തുടര്‍ന്ന് സൈന്യത്തിന്റെ ആവശ്യപ്രകാരം രാജി വെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാഷ്ട്രീയ അഭയത്തിനായി ബ്രിട്ടനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ലഭിച്ചില്ല. മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കുന്നത് വരെ ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

 

Content Highlight: Sheikh Hasina’s stay in India wouldn’t effect the bilateral relations with Bangladesh