| Monday, 12th August 2024, 1:40 pm

രാജി സമര്‍പ്പിക്കുന്നതിന് മുന്‍പ് ഷെയ്ഖ് ഹസീന അത്തരത്തിലൊരു കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് മകന്‍ സജീബ് വസെദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ഷെയ്ഖ് ഹസീന രാജി വെക്കുന്നതിന് മുമ്പ് തയ്യാറാക്കിയ കത്തിലെ ഉള്ളടക്കം എന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന ആരോപണവുമായി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസെദ് രംഗത്ത്. കഴിഞ്ഞ ദിവസം തന്റെ രാജിക്ക് പിന്നില്‍ അമേരിക്കയാണെന്ന തരത്തില്‍ ഷെയ്ഖ് ഹസീന പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബംഗ്ലാദേശിലെ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് യു.എസിന് നല്‍കാന്‍ താന്‍ തയ്യാറാകാത്തതിനാല്‍ തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യു.എസ് ശ്രമം നടത്തിയെന്ന് ഹസീന ആരോപിച്ചതായി ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

‘എന്റെ അമ്മ രാജി സമര്‍പ്പിക്കുന്നതിന് മുന്‍പ് തയ്യാറാക്കിയ സന്ദേശം എന്ന പേരില്‍ ഒരു പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത പൂര്‍ണ്ണമായും വ്യാജവും കെട്ടിച്ചമച്ചതുമാണ്. ധാക്കയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പോ ശേഷമോ എന്റെ അമ്മ അത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ല. ഈ കാര്യം ഞാന്‍ അമ്മയോട് ചോദിച്ച് സ്ഥിരീകരിച്ചതാണ്,’ വസെദ് എക്‌സില്‍ കുറിച്ചു.

ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന് പിന്നില്‍ യു.എസ് ആണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞതാതായി കഴിഞ്ഞ ദിവസം ‘ദി ഇക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹസീന രാജി വെക്കുന്നതിന് മുന്‍പ് രാജ്യത്തെ ജനങ്ങളുമായി സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും അത് കത്ത് രൂപത്തില്‍ എഴുതി തയ്യാറാക്കിയുരുന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കത്തിലാണ് യു.എസിനെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്.

ഒരുപക്ഷെ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് അമേരിക്കയ്ക്ക് വിട്ട് നല്‍കിയിരുന്നെങ്കില്‍ ഭരണത്തില്‍ തുടരാമായിരുന്നെന്ന് ഹസീന പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ വാദം 2023ല്‍ പാര്‍ലമെന്റിലും ഹസീന ഉന്നയിച്ചിരുന്നു.

ബംഗ്ലാദേശില്‍ പവിഴപ്പുറ്റുകളാല്‍ രൂപം കൊണ്ട ഏക ദ്വീപാണ് സെന്റ് മാര്‍ട്ടിന്‍ ദ്വീപ്. ഇത് നാരിക്കേല്‍ സിന്‍സിറ എന്ന പേരിലും അറിയപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് സെന്റ് മാര്‍ട്ടിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

എന്നാല്‍ സെന്റ് മാര്‍ട്ടിന്‍ വിവാദത്തില്‍ ഹസീനയുടെ വാദം തള്ളിക്കൊണ്ട് യു.എസ് പ്രസ്താവന ഇറക്കിയിരുന്നു. തങ്ങള്‍ക്ക് ദ്വീപ് പിടിച്ചെടുക്കാന്‍ യാതൊരു താല്‍പര്യവുമില്ലെന്ന് പറഞ്ഞ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ മുന്നോട്ട് വന്നിരുന്നു.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രൂപപ്പെട്ട ആഭ്യന്തരകലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശിന്റെ ഇടക്കാല പ്രധാനമന്ത്രിയായി നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ചുമതലയേറ്റു.

Content Highlight: Sheikh Hasina’s son denies media report about Hasina’s resignation

We use cookies to give you the best possible experience. Learn more