ഷെയ്ഖ് ഹസീനയെ എത്രയും വേഗം മടക്കി അയക്കണം; ഇന്ത്യയ്ക്ക് നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്
World News
ഷെയ്ഖ് ഹസീനയെ എത്രയും വേഗം മടക്കി അയക്കണം; ഇന്ത്യയ്ക്ക് നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd December 2024, 7:14 pm

ധാക്ക: ആഭ്യന്തരകലാപത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഉടന്‍ വിട്ടയക്കണെമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സര്‍ക്കാര്‍. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെതുടര്‍ന്നുണ്ടായ കൂട്ടക്കൊലയില്‍ ഷെയ്ഖ് ഹസീനയ്ക്ക് പങ്കുണ്ടെന്നും അതിനാല്‍ അവര്‍ വിചാരണ നേരിടണമെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറിയ നയതന്ത്ര കത്തില്‍ പറയുന്നു.

ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര ഉപദേഷ്ടാവായ ജഹാംഗീര്‍ ആലമാണ് ഹസീനയെ വിട്ടക്കണമെന്നാവശ്യപ്പെട്ട് വിദേശ കാര്യമന്ത്രാലയത്തിന് കത്ത് നല്‍കിയത്.

ആഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയില്‍ അഭയം തേടുന്നത്. ബംഗ്ലാദേശിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രാജ്യം വിട്ട ഹസീന രാഷ്ട്രീയ അഭയത്തിനായി ബ്രിട്ടനെ സമീപിച്ചെങ്കിലും അവര്‍ ആ ആവശ്യം നിഷേധിച്ചതോടെയാണ് ഹസീന ഇന്ത്യയില്‍ എത്തുന്നത്.

ധാക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണല്‍ (ഐ.സി.ടി) ഹസീനയ്ക്കും അവരുടെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന വിവിധ മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍, സൈനിക, സിവില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

നിയമപ്രകാരമായ നടപടികള്‍ നേരിടാന്‍ ഹസീന എത്രയും പെട്ടെന്ന് മടങ്ങി എത്തണമെന്ന് വിദേശകാര്യമന്ത്രി തൗഹിദ് ഹുസൈനും ആവശ്യപ്പെടുകയുണ്ടായി. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കൈമാറ്റ ഉടമ്പടി പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം.

‘ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്കായി ഷെയ്ഖ് ഹസീനയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഒരു നയതന്ത്ര കുറിപ്പ് അയച്ചിട്ടുണ്ട്,’ വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈന്‍ പറഞ്ഞു.

കഴിഞ്ഞ മാസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇടക്കാല പ്രധാനമന്ത്രിയായ മുഹമ്മദ് യൂനുസും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ഇടക്കാല സര്‍ക്കാരിന്റെ 100 ദിവസം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുമായി സംസാരിക്കവെയാണ് യൂനുസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹസീന സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിനിടെ വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഉള്‍പ്പെടെ 1,500 ഓളം പേര്‍ കൊല്ലപ്പെടുകയും 19,931 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് മുഹമ്മദ് യൂനുസ് അവകാശപ്പെട്ടത്. കൂടാതെ ഇന്ത്യയില്‍ നിന്ന് ഹസീന നടത്തുന്ന രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ശെരിയല്ലെന്നും യൂനുസ് അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Sheikh Hasina should be sent back as soon as possible; Bangladesh has given a diplomatic letter to India