ബംഗ്ലാദേശ് കലാപത്തിന് പിന്നിൽ പാകിസ്ഥാൻ ചാരസംഘടന: ഷെയ്ഖ് ഹസീനയുടെ മകൻ
Worldnews
ബംഗ്ലാദേശ് കലാപത്തിന് പിന്നിൽ പാകിസ്ഥാൻ ചാരസംഘടന: ഷെയ്ഖ് ഹസീനയുടെ മകൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th August 2024, 1:43 pm

ധാക്ക: ബംഗ്ലാദേശ് കലാപത്തിന് പിന്നിൽ പാകിസ്ഥാൻ ചാരസംഘടനായ ഐ.എസ്.ഐ ആണെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസെദ് ജോയ്. ബംഗ്ലാദേശിലെ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ഇൻ്റർ സർവീസസ് ഇൻ്റലിജൻസ് ഏജൻസിയുടെ ഇടപെടലുകൾ ഉണ്ടെന്നും അതിനുള്ള തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ പാകിസ്ഥാൻ ചാരസംഘടനായ ഐ.എസ്.ഐ ആണ്. സാഹചര്യതെളിവുകൾ കണക്കിലെടുക്കുമ്പോൾ എനിക്ക് അതിൽ ഉറപ്പുണ്ട്. ബംഗ്ലാദേശിൽ ഉണ്ടായ ആക്രമണങ്ങളും പ്രതിഷേധങ്ങളും വളരെ ഏകോപിതവും സൂക്ഷ്മമായി ആസൂത്രണം ചെയ്തതുമാണ്. സോഷ്യൽ മീഡിയയിലൂടെ അവിടുത്തെ കലാപ സാഹചര്യം ആളിക്കത്തിക്കാനുള്ള മനഃപൂർവമായ ശ്രമങ്ങളുമുണ്ടായിരുന്നു,’ ജോയ് പറഞ്ഞു.

സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർക്കാർ എന്തുതന്നെ ചെയ്‌താലും അവർ അത് കൂടുതൽ വഷളാക്കാൻ ഐ.എസ്.ഐ ശ്രമിച്ചുകൊണ്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസിനെ ആക്രമിക്കാൻ കലാപകാരികൾ ഉപയോഗിച്ച തോക്കുകൾ തീവ്രവാദ സംഘടനകൾക്കും വിദേശ ശക്തികൾക്കും മാത്രം നൽകാൻ കഴിയുന്ന തരത്തിലുള്ളവയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിൽ ജനാധിപത്യം പുനർസ്ഥാപിച്ചാലുടൻ ഷെയ്ഖ് ഹസീന തിരിച്ചെത്തുമെന്നും ജോയ് പറഞ്ഞു.

76കാരിയായ ഷെയ്ഖ് ഹസീന തീർച്ചയായും ബംഗ്ലാദേശിലേക്ക് മടങ്ങുമെങ്കിലും സജീവമായ രാഷ്ട്രീയക്കാരിയായി തിരിച്ചെത്തുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ജോയ് പറഞ്ഞു.

ഷെയ്ഖ് മുജീബ് (ഷെയ്ഖ് മുജീബുർ റഹ്മാൻ) കുടുംബത്തിലെ അംഗങ്ങൾ തങ്ങളുടെ ആളുകളെ ഉപേക്ഷിക്കുകയോ അവാമി ലീഗിനെ ചതിച്ചുകളയുകയോ ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

‘ബംഗ്ലാദേശിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ രാഷ്ട്രീയ പാർട്ടിയാണ് അവാമി ലീഗ്. അതിനാൽ ഞങ്ങൾക്ക് ഞങ്ങളുടെ ജനങ്ങളിൽ നിന്ന് അകന്നു പോകാനാവില്ല. ജനാധിപത്യം പുനർസ്ഥാപിക്കപ്പെട്ടാൽ ഹസീന തീർച്ചയായും ബംഗ്ലാദേശിലേക്ക് മടങ്ങും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

തൻ്റെ അമ്മയെ സംരക്ഷിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ സർക്കാരിനും ജോയ് നന്ദി പറഞ്ഞു. അതോടൊപ്പം ബംഗ്ലാദേശിൽ ജനാധിപത്യം പുനർസ്ഥാപിക്കുന്നതിന് സമ്മർദം ചെലുത്താൻ സഹായിക്കണമെന്നും അദ്ദേഹം ഇന്ത്യയോട് അഭ്യർത്ഥിച്ചു.

അവാമി ലീഗിനെ ‘ഇന്ത്യയുടെ എല്ലാ കാലത്തെയും സഖ്യകക്ഷി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അന്താരാഷ്ട്ര സമ്മർദം വളർത്തി ബംഗ്ലാദേശിലെ അവാമി ലീഗ് നേതാക്കളുടെ സുരക്ഷ ഇന്ത്യ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 

 

Content Highlight: Sheikh Hasina’s son claims Pakistan ISI behind Bangladesh unrest. Here’s why