| Friday, 26th September 2014, 8:10 am

ഷെയ്ഖ് ഹസീനയെ കളിയാക്കിയുള്ള ഗാനം: ബംഗ്ലാദേശില്‍ യുവാവിന് 7 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും പിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്മാനെയും പരിഹസിക്കുന്ന ഗാനമുണ്ടാക്കി മൊബൈല്‍ഫോണ്‍വഴി പ്രചരിപ്പിച്ച യുവാവിന് ഏഴു വര്‍ഷം തടവു ശിക്ഷ. 25 കാരനായ ടൊന്‍മോയ് മൊല്ലിക്കാണ് ശിക്ഷിക്കപ്പെട്ടത്.

ബംഗ്ലാദേശ് സൈബര്‍ ട്രൈബ്യൂണലാണ് ശിക്ഷ വിധിച്ചത്. ഖുല്‍ന ജില്ലയില്‍ സംഗീത സി.ഡി വില്‍ക്കുന്ന കട നടത്തുകയായിരുന്നു മൊല്ലിക്ക്. ഏഴ് വര്‍ഷം തടവിന് പുറമേ 10,000 ടാക്ക പിഴയടക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, മൊല്ലിക്കിനൊപ്പം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റാഫിഖുല്‍ ഇസ്‌ലാമിനെ കോടതി വെറുതെ വിട്ടു. മൊല്ലിക്കിന്റെ സി.ഡി കസ്റ്റമറാണ് റാഫിഖുല്‍.  പ്രധാനമന്ത്രിയെ പരിഹസിക്കുന്ന ഗാനം ഉച്ചഭാഷിണി ഉപയോഗിച്ച് പ്രക്ഷേപണം ചെയ്‌തെന്ന ആരോപണമാണ് റാഫിഖുലിനെതിരെയുള്ളത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 26നാണ് ഇരുവരും അറസ്റ്റിലായത്. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ഐ.സി.ടി നിയമപ്രകാരമുള്ള 300 ഓളം കേസുകളാണ് ബംഗ്ലാദേശ് പോലീസിന്റെ അന്വേഷണത്തിലുള്ളത്. ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റിട്ടതിന് ഒരു യൂണിവേഴ്‌സിറ്റി പ്രഫസറും, മുന്‍ സൈനികനും മറ്റ് നിരവധി പേര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ഹസീനയെയും പിതാവിനെയും കളിയാക്കുന്ന ഗാനമുണ്ടാക്കിയ മൊല്ലിക്ക്, തന്റെ കടയിലെത്തുന്നവര്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് ഗാനം വിപുലമായി പ്രചരിക്കപ്പെടുകയും ചെയ്തു.

അതിനിടെ, ട്രൈബ്യൂണല്‍ വിധിയ്‌ക്കെതിരെ മൊല്ലിക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more