| Friday, 23rd October 2015, 7:08 pm

നിരാശപ്രകടിപ്പിച്ച് ബി.സി.സി.ഐക്ക് ഷെഹര്യാര്‍ഖാന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: ഇന്ത്യ പാകിസ്ഥാന്‍ ക്രിക്ക്രറ്റ് പരമ്പരയ്ക്കായുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ നിന്നും പിന്മാറിയത് നിരാശാജനകമായിപ്പൊയെന്ന് കാണിച്ച് ബി.സി.സി.ഐയ്ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹര്യാര്‍ ഖാന്റെ കത്ത് . ചര്‍ച്ചയ്ക്കായി മുംബൈയിലെത്തിയ പി.സി.ബി പ്രതിനിധികളോട് ബി.സി.സി.ഐ സ്വീകരിച്ച സമീപനം നിരാശാവഹമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ബി.സി.സി.ഐയുടെ ക്ഷണം സ്വീകരിച്ചാണ് തങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയിലെത്തിയത് എന്നാല്‍ അര്‍ഹമായ ആതിഥ്യമര്യാദ പോലും ബി.സി.സിഐ കാണിച്ചില്ല. ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധമുയര്‍ന്നതിന്റെ പേരില്‍ ഉറപ്പ് നല്‍കിയ പ്രതിനിധി കൂടിക്കാഴ്ച്ച ഒഴിവാക്കിയത് ദുഃഖകരമാണെന്നും കത്തില്‍ പറയുന്നു.

ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര ഡിസംബറില്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി കഴിഞ്ഞയാഴ്ച്ചയാണ് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികളുടെ ചര്‍ച്ച തീരുമാനിച്ചിരുന്നത്. എന്നാല്‍ ബി.സി.സിഐയുടെ ഈ നീക്കത്തിനെതിരെ ശിവസേന രംഗത്ത് വരികയായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ബി.സി.സി.ഐ ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്.

We use cookies to give you the best possible experience. Learn more