'എന്തുകൊണ്ടവിടെ പൊലീസും സി.ആര്‍.പി.എഫും ഉണ്ടായില്ല? ഷുജത് ബുഖാരിയുടെ കൊലപാതകത്തിനു പിന്നില്‍ ഏജന്‍സികളെന്ന് കുടുംബം വിശ്വസിക്കുന്നുവെന്ന് ഷെഹ്‌ല റാഷിദ്
Jammu Kashmir
'എന്തുകൊണ്ടവിടെ പൊലീസും സി.ആര്‍.പി.എഫും ഉണ്ടായില്ല? ഷുജത് ബുഖാരിയുടെ കൊലപാതകത്തിനു പിന്നില്‍ ഏജന്‍സികളെന്ന് കുടുംബം വിശ്വസിക്കുന്നുവെന്ന് ഷെഹ്‌ല റാഷിദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th June 2018, 10:02 am

 

ജമ്മു കശ്മീര്‍: മാധ്യമപ്രവര്‍ത്തകന്‍ ഷുജത് ബുഖാരിയുടെ കൊലപാതകത്തിനു പിന്നില്‍ ഏജന്‍സികളെന്ന സംശയമുയര്‍ത്തി കശ്മീര്‍ സ്വദേശികൂടിയായ ആക്ടിവിസ്റ്റ് ഷെഹ്‌ല റാഷിദ്. കൊലപാതകത്തിനു പിന്നില്‍ സര്‍ക്കാര്‍ ഏജന്‍സികളാണെന്നാണ് കുടുംബം വിശ്വസിക്കുന്നതെന്നും അവര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

” ഷുജത് സാഹബിന്റെ മരണാനന്തര പ്രാര്‍ത്ഥനകള്‍ നടത്തി. ഭാര്യയും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകളും പത്താം ക്ലാസില്‍ പഠിക്കുന്ന മകനുമാണ് അദ്ദേഹത്തിനുള്ളത്. എങ്ങനെ അദ്ദേഹത്തെ കൊല്ലാന്‍ കഴിഞ്ഞുവെന്നാണ് സംസ്‌കാര ചടങ്ങിനെത്തിയ എല്ലാവരും അത്ഭുതപ്പെട്ടത്. എന്തുകൊണ്ടവിടെ പൊലീസോ സി.ആര്‍.പി.എഫോ ഉണ്ടായില്ല? യെന്ന് ചോദിച്ചുകൊണ്ട് ഇത് ഏജന്‍സികളുടെ പണിയാണെന്ന് അവര്‍ വിശ്വസിക്കുന്നു” എന്നായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്.


Also read:താങ്കളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു; യോഗി സര്‍ക്കാരിനെതിരായ കഫീല്‍ഖാന്റെ പോരാട്ടത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ ഗാന്ധി


ബുഖാരിയുടെ കൊലപാതകത്തെ അപലപിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തുവന്നിരുന്നു. “ഞാനെന്താ പറയുക. കുറച്ചുദിവസം മുമ്പാണ് അദ്ദേഹം എന്നെ വന്നു കണ്ടുപോയത്.” എന്നാണ് റൈസിങ് കശ്മീരിനോട് മുഫ്തി പറഞ്ഞത്.

അതിനിടെ, ബുഖാരിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാലാമത്തെയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വെളുത്ത ടീഷര്‍ട്ട് ധരിച്ച താടിയുള്ളയാളുടെ ഫോട്ടായാണ് പൊലീസ് പുറത്തുവിട്ടത്. വെടിയേറ്റു കിടന്ന ബുഖാരിയുടെ അവസ്ഥ കാറിന്റെ ഡോര്‍തുറന്ന് ഇയാള്‍ പരിശോധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ അഭിപ്രായം രേഖപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് ഷുജാദ് ബുഖാരി കൊല്ലപ്പെടുന്നത്.

കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ഇത്തരത്തിലെ ആദ്യ റിപ്പോര്‍ട്ട് എന്ന അടിക്കുറിപ്പോടെ ബുഖാരി റിപ്പോര്‍ട്ടിനെക്കുറിച്ച് റൈസിംഗ് കാശ്മീരില്‍ വന്ന വാര്‍ത്ത അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തെറ്റിദ്ധാകരണാജനകമെന്നാരോപിച്ച് ഇന്ത്യ ഈ റിപ്പോര്‍ട്ട് മുന്‍പ് തള്ളിക്കളയുകയായിരുന്നു.