ന്യൂദല്‍ഹി: ആധാറില്ലാത്തതിന്റെ പേരില്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഷെഹ്‌ല റാഷിദിന്റെ ഡെസേട്ടേഷന്‍ തിരിച്ചയച്ചതായി പരാതി. ആധാര്‍ നമ്പര്‍ ചേര്‍ക്കേണ്ട കോളം ശൂന്യമാക്കിയിട്ടു എന്നു കാരണം ചൂണ്ടിക്കാട്ടിയാണ് ഡെസേട്ടേഷന്‍ തിരിച്ചയച്ചതെന്ന് ഷെഹ്‌ല പറയുന്നു.
ട്വിറ്ററിലൂടെയാണ് ഷെഹ്‌ല ഇക്കാര്യം അറിയിച്ചത്. “എന്റെ എംഫില്‍ ഡെസേട്ടേഷന്‍ ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്‍ തിരിച്ചയച്ചു. എന്റെ ആധാര്‍ നമ്പര്‍ പരാമര്‍ശിച്ചിട്ടില്ലെന്നു പറഞ്ഞാണ് തിരിച്ചയച്ചത്. എനിക്ക് ആധാറില്ല.” അവര്‍ ട്വീറ്റു ചെയ്തു.
വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കാനുള്ള ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്റെ ശ്രമമാണിതെന്നും ഷെഹ്‌ല ആരോപിച്ചു.
ഡെസേട്ടേഷനൊപ്പം ആധാര്‍ നമ്പര്‍ അറ്റാച്ച് ചെയ്യണമെന്നതരത്തില്‍ യാതൊരു ചട്ടവും നിലനില്‍ക്കുന്നില്ലെന്നാണ് ജെ.എന്‍.യു പ്രഫസര്‍ കമല്‍ മിത്ര ഷെനോയ് പറയുന്നത്. ബാങ്ക് ഇടപാടുകള്‍ക്കും മറ്റുമാണ് ആധാര്‍ ആവശ്യമുള്ളത്. അക്കാദമിക് ലക്ഷ്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. കോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
“കരിയര്‍ ഭീഷണിയിലാകുമെന്ന് ഭയന്ന് വിദ്യാര്‍ഥികള്‍ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടുമെന്നാണ് ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്‍ കരുതിയിരിക്കുന്നത്. എന്നെ ഇതിനു കിട്ടില്ല.” ഷെഹ്‌ല നിലപാട് വ്യക്തമാക്കി.
ജെ.എന്‍.യുവിലെ ആധാര്‍ നോട്ടിഫിക്കേഷന്‍ നിയമവിരുദ്ധമാണെന്ന് യു.ജി.സി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷെഹ്‌ല തെളിവുസഹിതം തുറന്നുകാട്ടുകയും ചെയ്യുന്നുണ്ട്.