ശ്രീനഗര്‍: പ്രമുഖ കശ്മീരി അഭിഭാഷകന്‍ ബാബര്‍ ഖദ്രി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സാമൂഹ്യപ്രവര്‍ത്തകയും മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായ ഷെഹ്‌ല റാഷിദ്. നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയമോ നിലപാടുകളോ ഇഷ്ടമല്ലായിരിക്കാം. പക്ഷെ എല്ലാ അഭിഭാഷകരും നീതിക്കും പ്രാതിനിധ്യത്തിനുമായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രതീക്ഷയാണെന്നും അവരെ എങ്ങനെയാണ് കൊലപ്പെടുത്താന്‍ സാധിക്കുന്നതെന്നും ഷെഹ്‌ല റാഷിദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
‘നിങ്ങള്‍ക്ക് അയാളെയോ അയാളുടെ രാഷ്ട്രീയത്തെയോ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷെ എല്ലാ അഭിഭാഷകരും വിലപ്പെട്ടവരാണ്. നീതിക്കും പ്രാതിനിധ്യത്തിനും വേണ്ടി കാത്തിരിക്കുന്ന ഓരോരുത്തര്‍ക്കും അഭിഭാഷകര്‍ ഒരു പ്രതീക്ഷയാണ്.
അയാളെ വിശ്വസിക്കുന്നവര്‍ക്ക് അയാള്‍ രക്ഷകനാണ്. മാധ്യമവിചാരണക്കും പൊതുജനാഭിപ്രായപ്രകടനത്തിനും വിട്ടുകൊടുക്കാതെ കുറ്റാരോപിതനാക്കപ്പെടുന്ന ആളുടെ പക്ഷവും കേള്‍ക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് അഭിഭാഷകരാണ്.’ ഷെഹ്‌ല റാഷിദ് പറയുന്നു. കശ്മീരിലെ പല അഭിഭാഷകരും ഫീസ് പോലും വാങ്ങാതെയാണ് പല കേസുകളും വാദിക്കാറുള്ളതെന്നും ഷെഹ്‌ല കൂട്ടിച്ചേര്‍ത്തു.
ഫോട്ടോ കടപ്പാട്: ഹബീഹ് നഖാഷ്/ ഗ്രേറ്റര്‍ കശ്മീര്‍
രണ്ട് കൊച്ചു പെണ്‍കുട്ടികളുടെ അച്ഛനായ ഒരു അഭിഭാഷകനോട് ഇങ്ങനെ ചെയ്യാന്‍ കഴിയുന്നതെങ്ങനെയാണ്. ഏത് പ്രത്യയശാസ്ത്രമാണ് ആരെയെങ്കിലും ഇത്രയെളുപ്പത്തില്‍ വെടിവെച്ചു കൊല്ലാന്‍ പ്രാപ്തരാക്കുന്നതെന്നും ഷെഹ്‌ല ചോദിക്കുന്നു.
‘എനിക്കിനിയും ഈ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഷുജത് സാഹബ് കൊല്ലപ്പെട്ട ആ സന്ധ്യ, അതാണ് ഈ കൊലപാതകവും ഓര്‍മ്മിപ്പിക്കുന്നത്. ഇത് ഭൂമിയിലെ സ്വര്‍ഗമല്ല, നരകമാണ്’ ഷെഹ്‌ല പറയുന്നു.
എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഫൈസാന്‍ സോഫി എന്ന കുട്ടിക്കായി ഹാജരായത് ബാബര്‍ ഖാദ്രിയായിരുന്നു. ആ സമയത്ത് ഫൈസാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് നടന്ന ക്യാംപെയ്‌നിന്റെ പോസ്റ്ററും പോസ്റ്റിനൊപ്പം ഷെഹ്‌ല പങ്കുവെച്ചിട്ടുണ്ട്.
ഖദ്രിയുടെ ബന്ധുക്കളും സുഹൃത്തുക്കളും
കഴിഞ്ഞ ദിവസം ശ്രീനഗറില്‍വെച്ചാണ് ബാബര്‍ ഖദ്രിക്കെതിരെ ആക്രമണമുണ്ടായത്. വെടിവെച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
മൂന്ന് ദിവസം മുമ്പ് അദ്ദേഹം ഒരു സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്യുകയും തനിക്കെതിരെ തെറ്റായ പ്രചരണം നടത്തിയതിന് ഫേസ്ബുക്ക് ഉപയോക്താവിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
”ഏജന്‍സികള്‍ക്കായി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് തെറ്റായ പ്രചരണം നടത്തിയ ഷാ നസീറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ സംസ്ഥാന പൊലീസ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നു. ഈ അസത്യ പ്രസ്താവന എന്റെ ജീവന് ഭീഷണിയാകും” ഖദ്രി അവസാന ട്വീറ്റില്‍ കുറിച്ചു.