| Wednesday, 7th August 2019, 10:47 am

നിരോധനാജ്ഞ നിലനില്‍ക്കെ ജമ്മുവില്‍ ആഹ്ലാദപ്രകടനത്തിന് അനുമതി നല്‍കിയതെന്തിന്? കശ്മീരികളെ എന്തുകൊണ്ട് പ്രതിഷേധിക്കാന്‍ അനുവദിച്ചില്ല? : ചോദ്യമുയര്‍ത്തി ഷെഹ്‌ലാ റാഷിദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ കശ്മീരി ജനതയെ അനുവദിക്കുന്നില്ലെന്ന് കശ്മീര്‍ സ്വദേശിയായ ആക്ടിവിസ്റ്റ് ഷെഹ്‌ല റാഷിദ്. സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് പ്രതിഷേധത്തിന് അനുമതി നിഷേധിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

നിരോധനാജ്ഞ നിലനില്‍ക്കെ ജമ്മുവില്‍ ആഹ്ലാദ പ്രകടനം നടത്താന്‍ അനുമതി നല്‍കിയതെന്തിനെന്നും ഷെഹ്‌ല ചോദിക്കുന്നു. ‘ കശ്മീരികളെല്ലാം തന്നെ വീട്ടു തടങ്കലിലാണ്. പക്ഷേ ജമ്മുവില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് അനുമതി നല്‍കി. സെക്ഷന്‍ 144 നിലനില്‍ക്കുന്നുണ്ടെങ്കില്‍ എങ്ങനെയാണ് അവര്‍ക്ക് ജമ്മുവില്‍ ആഹ്ലാദപ്രകടനത്തിന് അനുമതി നല്‍കാന്‍ കഴിയുക, കശ്മീരില്‍ പ്രതിഷേധം അനുവദിക്കാതിരിക്കുക? ഈ രീതിയിലാണ് ഇവിടെ നിയമം നടപ്പിലാക്കുന്നത്.’ ഷെഹ്‌ല പറഞ്ഞതായി ഹാഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതറിഞ്ഞ് ശ്രീനഗറില്‍ സാധാരണക്കാര്‍ ആഹ്ലാദപ്രകടനം നടത്തുകയാണെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു. ബി.ജെ.പി നേതാവുകൂടിയായ ജിതേന്ദ്ര സിങ് ലോക്‌സഭയിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ശ്രീനഗറിലെ തെരുവുകളില്‍ സാധാരണക്കാര്‍ ആഹ്ലാദിക്കുകയായിരുന്നെന്നും ഭയംകൊണ്ടാണ് പലരും ആഹ്ലാദപ്രകടനത്തില്‍ പങ്കെടുക്കാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജമ്മുവില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നെങ്കിലും കശ്മീരില്‍ ഇത്തരത്തിലുള്ള ഒരു സംഭവങ്ങളുമുണ്ടായിട്ടില്ലെന്നാണ് ഷെഹ്‌ല പറയുന്നത്.

We use cookies to give you the best possible experience. Learn more