| Friday, 6th September 2019, 3:26 pm

ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്തു. ദല്‍ഹി പൊലീസ് പ്രത്യേക സെല്ലാണ് കേസെടുത്തത്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷെഹ്‌ല സൈന്യത്തിനെതിരെ ആരോപണമുന്നയിച്ചുകൊണ്ട് ട്വിറ്ററിലിട്ട പോസ്റ്റുകളുടെ പേരിലാണ് നടപടി. രാജ്യദ്രോഹം, മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കലാപം ലക്ഷ്യമിട്ട് ബോധപൂര്‍വ്വം പ്രകോപനമുണ്ടാക്കല്‍, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഷെഹ്‌ലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ എല്ലാം സൈന്യത്തിനു കീഴിലാണെന്നായിരുന്നു ട്വിറ്ററിലൂടെ ഷെഹ്‌ല ഉയര്‍ത്തിയ ആരോപണം. ‘ക്രമസമാധാന പാലനത്തില്‍ ജമ്മുകശ്മീര്‍ പൊലീസിന് യാതൊരു അധികാരവുമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അവരെ അധികാരമില്ലാത്തവരായി മാറ്റിയിരിക്കുന്നു. എല്ലാം പാരാമിലിറ്ററി സേനയുടെ കീഴിലാണ്. സി.ആര്‍.പി.എഫുകാരന്റെ പരാതിയില്‍ ഒരു എസ്.എച്ച്.ഒയെ സ്ഥലംമാറ്റിയിരിക്കുന്നു. സര്‍വ്വീസ് റിവോള്‍വര്‍ പോലും അവരുടെ പക്കലില്ല.’ എന്നായിരുന്നു ഷെഹ്‌ലയുടെ ഒരു ട്വീറ്റ്.

‘സായുധസേന രാത്രി വീടുകളില്‍ കയറി പുരുഷന്മാരെ കൊണ്ടുപോകുന്നു. വീട് തകിടം മറിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നു’ എന്നും ആരോപിച്ചിരുന്നു.

ഷോപ്പിയാന്‍ മേഖലയില്‍ നിന്നും നാലുപേരെ സൈന്യം ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി. പ്രദേശവാസികളെ ഭയപ്പെടുത്താന്‍ പിടിച്ചുകൊണ്ടുപോയവര്‍ കരയുന്നത് പുറത്തേക്ക് കേള്‍ക്കാന്‍ മൈക്ക് സ്ഥാപിച്ചെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷെഹ്‌ലയുടെ ആരോപണങ്ങള്‍ സൈന്യം തള്ളിയിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണിതെന്നും സ്ഥിരീകരണമില്ലാത്ത വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നുമാണ് സൈന്യം പറഞ്ഞത്.

എന്നാല്‍ ജമ്മുകശ്മീരിലുള്ള വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും നിഷ്പക്ഷമായ ഒരു അന്വേഷണത്തിന് സൈന്യം തയ്യാറാവുകയാണെങ്കില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാമെന്നും ഷെഹ്‌ല അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more