'റിപ്പബ്ലിക് ടി.വിയെ ഇവിടെ വേണ്ട, ഇറങ്ങിപ്പോകൂ' റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറെ വേദിയില്‍ നിന്ന് ഇറക്കിവിട്ട് ഷെഹ്‌ല റാഷിദ്
Daily News
'റിപ്പബ്ലിക് ടി.വിയെ ഇവിടെ വേണ്ട, ഇറങ്ങിപ്പോകൂ' റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറെ വേദിയില്‍ നിന്ന് ഇറക്കിവിട്ട് ഷെഹ്‌ല റാഷിദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th September 2017, 9:51 am

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ റിപ്പബ്ലിക് ടി.വിയുടെ മാധ്യമപ്രവര്‍ത്തകനെ വേദിയില്‍ നിന്നും പുറത്താക്കി ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ്.

പ്രതിഷേധ സംഗമത്തില്‍ ഷെഹ്‌ല സംസാരിക്കവെ അവര്‍ക്കുനേരെ മൈക്ക് നീട്ടിയ റിപ്പബ്ലിക് ടി.വി അവതാരകനോടാണ് അവര്‍ രോഷാകുലയായത്.

നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നവരാണെന്നും നിങ്ങളെ ഇവിടെ ആവശ്യമില്ലെന്നുമാണ് ഷെഹ്‌ല പറഞ്ഞത്.

“നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുകയാണ്. അതുകൊണ്ട് ഇറങ്ങിപ്പോകൂ. എനിക്കുനേരെ മൈക്ക് നീട്ടേണ്ട. റിപ്പബ്ലിക് ടി.വിയെ ഞങ്ങള്‍ക്കിവിടെ ആവശ്യമില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുന്നതില്‍ അവര്‍ക്കും പങ്കുണ്ട്. ചാനലിന് ഫണ്ട് ചെയ്യുന്ന ബി.ജെ.പി എം.പിയുടെ ഉത്തരവ് അനുസരിച്ച് മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ കൊലപാതകത്തെ ആഘോഷിക്കുന്ന എല്ലാവരെയും ഞങ്ങള്‍ ശക്തമായ സാധ്യമായ വാക്കുകള്‍ കൊണ്ട് അപലപിക്കും.” എന്നായിരുന്നു ഷെഹ്‌ലയുടെ പരാമര്‍ശം.


Must Read:‘പാപത്തിന്റെ കറ നിങ്ങളുടെ കരങ്ങളിലുമുണ്ട്’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ആഘോഷമാക്കിയവര്‍ നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും പിന്തുടരുന്നവര്‍


“നിങ്ങളെപ്പോലെയുള്ളവരെയോര്‍ത്ത് ലജ്ജിക്കുന്നു” എന്നും ഷെഹ്‌ല പറഞ്ഞു. ഷെഹ്‌ല റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറോട് രോഷാകുലയായപ്പോള്‍ സദസ്സ് കയ്യടിക്കുകയായിരുന്നു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സ്വത്തുതര്‍ക്കമാണെന്നായിരുന്നു കഴിഞ്ഞദിവസം റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടു ചെയ്തത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെക്കുകയും ചാനലിനെതിരെ പ്രതിഷേധമുയരാന്‍ ഇടയാക്കുകയും ചെയ്തിരുന്നു.
നേരത്തെ മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകര്‍ക്കുനേരെ പൊലീസ് വെടിപ്പ് നടന്നതിനു പിന്നാലെ സ്ഥലം സന്ദര്‍ശിച്ച രാഹുല്‍ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിരോധിച്ച് റിപ്പബ്ലിക് ടി.വി രംഗത്തുവന്നതും വിവാദമായിരുന്നു. രാഹുല്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല, വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ല, ഇരുചക്രവാഹനത്തിലാണ് സഞ്ചരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് റിപ്പബ്ലിക് ടി.വി വാര്‍ത്തയാക്കിയത്.

വെടിവെപ്പില്‍ ആറു കര്‍ഷകര്‍ കൊല്ലപ്പെട്ടിട്ടും അത് വലിയ വാര്‍ത്തയാക്കാത്ത റിപ്പബ്ലിക് ടി.വിയായിരുന്നു രാഹുലിന്റെ ഗതാഗത നിയമലംഘനങ്ങള്‍ മണിക്കൂറുകളോളം ചര്‍ച്ച ചെയ്തത്. ചാനലിന്റെ ഈ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു.