ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വിവാദമായ ‘ഉള്ളി പ്രസ്താവന’യെക്കുറിച്ച് ജെ.എന്‍.യു മുന്‍ യൂണിയനംഗം ഷെഹ്ല റാഷിദ്. ഇത്തരം വിഡ്ഢി പ്രസ്താവനകള്‍ നടത്താന്‍ വേണ്ടി ബി.ജെ.പി എം.പിമാരോടും മന്ത്രിമാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അതുവഴി യഥാര്‍ഥ പ്രശ്‌നമായ പൗരത്വ ഭേദഗതി ബില്ലില്‍ നിന്നും ശ്രദ്ധ മാറിപ്പോകുമെന്നായിരുന്നു ഷെഹ്ല ട്വീറ്റ് ചെയ്തത്.
ഷെഹ്‌ലയുടെ ട്വീറ്റ് ഇങ്ങനെ- ‘ബി.ജെ.പി എം.പിമാരോടും മന്ത്രിമാരോടും വിഡ്ഢി പ്രസ്താവനകള്‍ നടത്താന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് എന്നിലെ കോണ്‍സ്പിറസി തിയറിസ്റ്റിനു (ഗൂഢാലോചനാ സിദ്ധാന്തക്കാരി) തോന്നുന്നത്.
അതുവഴി ജനരോഷം മുഴുവന്‍ ഉള്ളിയിലേക്കും ട്രാഫിക് ജാമിലേക്കുമൊക്കെ പോകും. അതുവഴി അപകടരമായ പൗരത്വ ഭേദഗതി ബില്ലില്‍ നിന്നും അവര്‍ അകന്നുപോകും.’
പാര്‍ലമെന്റിനുള്ളില്‍ സംസാരിക്കവെയായിരുന്നു നിര്‍മലയുടെ വിവാദ പ്രസ്താവന. ‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഉള്ളി അധികം കഴിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണു ഞാന്‍ വരുന്നത്.’- നിര്‍മല പറഞ്ഞു.
ഉള്ളിയുടെ വിലക്കയറ്റത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രതികരണം. വിലക്കയറ്റം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയായിരുന്നു നിര്‍മലാ സീതാരാമന്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിലവില്‍ ഉള്ളിയുടെ വില 110 മുതല്‍ 160 രൂപവരെയാണ്. ഉള്ളി സംബന്ധമായ ഇടപാടുകളില്‍ നിന്ന് ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തുകയെന്നും ധനമന്ത്രി പറഞ്ഞു.
നിര്‍മലയ്ക്കു പിറകേ കേന്ദ്ര ആരോഗ്യ സഹമന്ത്രിയും സമാന പ്രസ്താവന നടത്തിയിരുന്നു.
ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം- ‘ഞാനൊരു സസ്യഭുക്കാണ്. ഞാനിതുവരെ ഒരു ഉള്ളി രുചിച്ചുനോക്കിയിട്ടു പോലുമില്ല. പിന്നെങ്ങനെയാണ് എന്നെപ്പോലൊരാള്‍ക്ക് ഉള്ളിയുടെ വിപണിവിലയെക്കുറിച്ച് അറിയാന്‍ കഴിയുക?’