| Thursday, 21st November 2019, 3:23 pm

ഷെഹ്‌ലയെ പ്രവേശിപ്പിച്ചത് നാല് ആശുപത്രികളില്‍; രണ്ട് ആശുപത്രിയില്‍ എത്തിച്ചിട്ടും എന്താണ് പ്രശ്‌നമെന്ന് മനസിലായില്ല; അടിയന്തര ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്.

ഇന്നലെ വൈകീട്ട് 3.30 നാണ് ക്ലാസില്‍ വെച്ച് കുട്ടിയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്. ഇതിന് ശേഷം നാല് ആശുപത്രികളിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. രണ്ട് ആശുപത്രിയില്‍ കൊണ്ടുപോയിട്ടും എന്താണ് പ്രശ്‌നമെന്ന് കണ്ടെത്തിയില്ല.

3.30 ന് പാമ്പു കടിയേറ്റുവെന്നാണ് സഹപാഠികള് പറയുന്നത്. 3.40 ന് സമീപത്തുള്ള അസമ്ഷന്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് അസമ്ഷന്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

ഇതിന് ശേഷം 4.10 ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് പ്രധാന ടെസ്റ്റുകള്‍ നടന്നത്. മുക്കാല്‍ മണിക്കൂറോളം ഇവിടെ ചിലവഴിച്ചു എന്നാണ് അറിയുന്നത്. പിന്നീട് രണ്ടാമത് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഞരമ്പുകളില്‍ ഉള്‍പ്പെടെ വിഷം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.

അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. നില വഷളായതോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കും അതിന് ശേഷം ചേലോട് ഗുഡ് ഷെപ്പേര്‍ഡ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് ആറ് മണിയോടെ ഷെഹ്‌ലയുടെ മരണം സംഭവിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ ജനരോഷം കനക്കുകയാണ്. സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്ന അധ്യാപകരെ ഒരു സംഘം നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. സ്റ്റാഫ് റൂമിന്റെ വാതില്‍പ്പൂട്ട് കല്ലുകൊണ്ട് തല്ലിത്തകര്‍ത്താണ് നാട്ടുകാര്‍ അകത്ത് കയറിയത്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ അനാസ്ഥ കാണിച്ച അധ്യാപകന്‍ മുറിയ്ക്കുള്ളില്‍ ഉണ്ടെന്ന് കരുതിയായിരുന്നു നാട്ടുകാര്‍ പൂട്ട് തകര്‍ത്തത്. എന്നാല്‍ തങ്ങള്‍ അകത്ത് എത്തുമ്പോഴേക്കും അധ്യാപകന്‍ പിന്‍വാതില്‍ വഴി പുറത്തുകടന്നു കളഞ്ഞെന്നും നാട്ടുകാര്‍ പറഞ്ഞു. സ്റ്റാഫ് റൂമിലുണ്ടായിരുന്ന പ്രധാന അധ്യാപകന് നേരെയും ജനങ്ങള്‍ രംഗത്തെത്തി. പിന്നീട് പൊലീസ് എത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

അതേസമയം സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതില്‍ അലംഭാവം കാണിച്ച അധ്യാപകനായ ഷജിലിനെയാണ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.

മറ്റ് അധ്യാപകര്‍ക്ക് മെമ്മോ അയക്കും. സംഭവം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അതേസമയം സ്‌കൂളിലെത്തിയ ജില്ലാ വിദ്യാഭ്യാസ ഡയറക്ടറെ നാട്ടുകാര്‍ തടഞ്ഞു.

അധികൃതര്‍ക്കും അധ്യാപകര്‍ക്കുമെതിരെ വകുപ്പ് തല നടപടി കളക്ടറുമായി ആലോചിച്ച ശേഷം സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

നേരത്തെ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമായതെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പാമ്പ് കടിയേറ്റതാണെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും കുട്ടിയുടെ പിതാവ് വന്ന ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്നയുടെയും മകളാണ് മരിച്ച ഷെഹ്‌ല ഷെറിന്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more