സേവാഗ് മോഡില്‍ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് ഷെഫാലി; ചെപ്പോക്കില്‍ പിറന്നത് ക്രിക്കറ്റിലെ പുതിയ ചരിത്രം
Sports News
സേവാഗ് മോഡില്‍ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് ഷെഫാലി; ചെപ്പോക്കില്‍ പിറന്നത് ക്രിക്കറ്റിലെ പുതിയ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th June 2024, 5:12 pm

സൗത്ത് ആഫ്രിക്കന്‍ വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റിനാണ് ചെന്നൈ ചിദംബരം സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. നേരത്തെ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ഇന്ത്യ പര്യടനത്തിലെ ഏക ടെസ്റ്റിനിറങ്ങിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ഓപ്പണര്‍മാര്‍ ബാറ്റ് വീശിയപ്പോള്‍ ചെന്നൈയില്‍ ഇന്ത്യന്‍ കൊടുങ്കാറ്റാണ് ആഞ്ഞുവീശിയത്. സ്മൃതി മന്ഥാനയും ഷെഫാലി വര്‍മയും മാറി മാറി പ്രോട്ടിയാസ് വനിതാ ടീമിനെ നിര്‍ദയം തല്ലിയൊതുക്കി.

ഓപ്പണര്‍മാര്‍ രണ്ട് പേരും സെഞ്ച്വറി പൂര്‍ത്തിയാക്കി തകര്‍ത്തടിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ 292 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്. 52ാം ഓവറിലെ അവസാന പന്തില്‍ മന്ഥാനയെ മടക്കി ഡെല്‍മാരി ടക്കറാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പിച്ചത്. 161 പന്തില്‍ 149 റണ്‍സ് നേടിയാണ് മന്ഥാന കളം വിട്ടത്. ഏകദിന പരമ്പരയില്‍ എവിടെ നിര്‍ത്തിയോ, അവിടെ നിന്ന് തന്നെയാണ് മന്ഥാന ടെസ്റ്റിലും തുടങ്ങിയത്.

വൈസ് ക്യാപ്റ്റന്‍ പുറത്തായെങ്കിലും മറുവശത്ത് നിന്ന് ഷെഫാലി തകര്‍ത്തടിച്ചു. ഏകദിന പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതെ പോയതിന്റെ എല്ലാ കുറവുകളും താരം ടെസ്റ്റില്‍ പരിഹരിച്ചു. ഇരട്ട സെഞ്ച്വറിയടിച്ചാണ് ഷെഫാലി തിളങ്ങിയത്.

നേരത്തെ വനിതാ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോഡ് മന്ഥാനക്കൊപ്പം പടുത്തുയര്‍ത്തിയ ഷെഫാലി വേഗതയേറിയ ഇരട്ട സെഞ്ച്വറിയുടെ റെക്കോഡും തന്റെ പേരില്‍ കുറിച്ചു.

നേരിട്ട 194ാം പന്തിലാണ് ഷെഫാലി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം സൗത്ത് ആഫ്രിക്കക്കെതിരെ തന്നെ 248 പന്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയ അന്നബെല്‍ സതര്‍ലാന്‍ഡിന്റെ റെക്കോഡാണ് ഷെഫാലി തകര്‍ത്തെറിഞ്ഞത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ രണ്ടാമത് ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും ഷെഫാലി സ്വന്തമാക്കി. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ലെജന്‍ഡ് മിതാലി രാജാണ് ഈ നേട്ടത്തിലാദ്യമെത്തിയത്. 407 പന്തില്‍ 214 റണ്‍സാണ് താരം അന്ന് നേടിയിരുന്നത്.

ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ ഷെഫാലി മടങ്ങിയിരുന്നു. 197 പന്തില്‍ 205 റണ്‍സാണ് താരം കുറിച്ചത്. 23 ബൗണ്ടറിയും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്.

അതേസമയം, ആദ്യ ദിവസം തന്നെ ഇന്ത്യ 500 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നിലവില്‍ 97 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 522 റണ്‍സാണ് ഇന്ത്യ നേടിയത്.

ഷെഫാലിയുടെ ഇരട്ട സെഞ്ച്വറിക്കും മന്ഥാനയുടെ സെഞ്ച്വറിക്കും പുറമെ അര്‍ധ സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസാണ് ഇന്ത്യന്‍ സ്‌കോര്‍ 500 കടത്തുന്നതില്‍ നിര്‍ണായകമായത്. 94 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്.

നിലവില്‍ 28 പന്തില്‍ 41 റണ്‍സുമായി റിച്ച ഘോഷും 75 പന്തില്‍ 41 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമാണ് ക്രീസില്‍.

 

 

Content highlight: Shefali Verma scored fastest double century in women’s test