| Monday, 18th March 2024, 8:35 am

ഞാന്‍ കണ്ടെടോ ആ പഴയ സേവാഗിനെ; ഫിറോസ് ഷാ കോട്‌ലയിലെ പഴയ ഡെയര്‍ ഡെവിളിനെ വീണ്ടും കണ്ട ആവേശത്തില്‍ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കീരടമുയര്‍ത്തിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു പ്ലേ ബോള്‍ഡ് ആര്‍മിയുടെ വിജയം.

ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 114 റണ്‍സിന്റെ ലക്ഷ്യം ബെംഗളൂരു അനായാസം മറികടക്കുകയായിരുന്നു. ശ്രേയാങ്ക പാട്ടീല്‍, സോഫി മോളിനക്‌സ് എന്നിവരുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിനൊപ്പം എല്ലിസ് പെറി, സോഫി ഡിവൈന്‍, ക്യാപ്റ്റന്‍ സ്മൃതി മന്ഥാന എന്നിവരുടെ സെന്‍സിബിള്‍ ഇന്നിങ്‌സുകളും ആര്‍.സി.ബിക്ക് തങ്ങളുടെ ആദ്യ കിരീടം നേടിക്കൊടുത്തു.

ക്യാപ്പിറ്റല്‍സ് നിരയില്‍ ഓപ്പണര്‍ ഷെഫാലി വര്‍മ മാത്രമാണ് ചെറുത്തുനിന്നത്. ഷെഫാലിക്ക് പുറമെ മറ്റൊരു തകര്‍പ്പന്‍ ഇന്നിങ്‌സ് കൂടി പിറന്നിരുന്നെങ്കില്‍ ഒരുപക്ഷേ കളിയുടെ ഗതി തന്നെ മാറി മറിയുമായിരുന്നു.

ക്രീസിലെത്തിയ ആദ്യ നിമിഷം മുതല്‍ക്കുതന്നെ ബൗളര്‍മാരെ ആക്രമിച്ചു കളിച്ച ഷെഫാലി തന്റെ നയം വ്യക്തമാക്കിയിരുന്നു. രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം 27 പന്തില്‍ 44 റണ്‍സാണ് താരം നേടിയത്. ഒടുവില്‍ എട്ടാം ഓവറിലെ ആദ്യ പന്തില്‍ സോഫി മോളിനക്‌സിന് വിക്കറ്റ് സമ്മാനിച്ച് ഷെഫാലി തിരികെ നടക്കുകയായിരുന്നു.

ദല്‍ഹി ജേഴ്‌സിയില്‍ ഷെഫാലി ആഞ്ഞടിക്കുന്നത് കണ്ട ആരാധകര്‍ വര്‍ഷമേറെ പുറകിലേക്ക് പോയിക്കാണണം. തങ്ങളുടെ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗിന്റെ ഇന്നിങ്‌സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്. ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ വെടിക്കെട്ട് വീരന്‍ നല്‍കിയ അതേ ആവേശമായിരിക്കണം ഷെഫാലിയുടെ ഷോട്ടുകളും ആരാധകര്‍ക്ക് സമ്മാനിച്ചത്.

ഫൈനലില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഷെഫാലി പുറത്തെടുത്തത്. സീസണിലെ ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഷെഫാലി ഇടം പിടിച്ചത്.

ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 38.62 ശരാശരിയിലും 156.85 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 309 റണ്‍സാണ് ഷെഫാലി നേടിയത്. ടോപ് സ്‌കോറര്‍മാരുടെ പട്ടികയിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും ഷെഫാലിക്ക് തന്നെയാണ്.

മൂന്ന് അര്‍ധ സെഞ്ച്വറിയാണ് സീസണില്‍ ഷെഫാലിയുടെ സമ്പാദ്യം.

ഇതിന് പുറമെ സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഷെഫാലിക്കായി. ഫൈനലില്‍ നേടിയ മൂന്ന് സിക്‌സറടക്കം 20 സിക്‌സറാണ് ഷെഫാലിയുടെ ബാറ്റില്‍ നിന്നും പിറവിയെടുത്തത്. രണ്ടാം സ്ഥാനത്തുള്ള സ്മൃതി മന്ഥാനയുടെയും റിച്ച ഘോഷിന്റെയും പേരില്‍ 10 സിക്‌സറുകളാണ് ഉള്ളത്.

ക്രീസിലെത്തി ഇന്‍സ്റ്റന്റ് ഇംപാക്ട് ഉണ്ടാക്കുന്ന സേവാഗിന്റെ അതേ ശൈലി തന്നെയാണ് ഷെഫാലിക്കുമുള്ളത്. എന്നാല്‍ സേവാഗിനെ പോലെ ഐ.പി.എല്‍ കിരീടമണിയാനുള്ള ഭാഗ്യം ആദ്യ സീസണിലിലേതെന്ന പോലെ ഇത്തവണയും താരത്തിന് ലഭിച്ചില്ല.

ആദ്യ സീസണിലും ക്യാപ്പിറ്റല്‍സ് ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. വരും സീസണുകളില്‍ ക്യാപ്പിറ്റല്‍സിന്റെ കിരീട വരള്‍ച്ചക്ക് അവസാനമുണ്ടാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: Shefali Verma’s innings reminds fans of Virender Sehwag

Latest Stories

We use cookies to give you the best possible experience. Learn more