സൗത്ത് ആഫ്രിക്കന്‍ വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റ് മത്സരം ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ തുടരുകയാണ്. നേരത്തെ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ഇന്ത്യ പര്യടനത്തിലെ ഏക ടെസ്റ്റിനിറങ്ങിയത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
ആദ്യ ദിനം 525ന് നാല് എന്ന നിലയിലാണ് ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചത്. ഷെഫാലി വര്‍മയുടെ ഇരട്ട സെഞ്ച്വറിയും സ്മൃതി മന്ഥാനയുടെ സെഞ്ച്വറിയും ഒപ്പം ജെമീമ റോഡ്രിഗസിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
ഷെഫാലി 197 പന്തില്‍ 205 റണ്‍സ് നേടിയപ്പോള്‍ 161 പന്തില്‍ 149 റണ്‍സാണ് മന്ഥാന സ്വന്തമാക്കിയത്. 94 പന്ത് നേരിട്ട് 55 റണ്‍സാണ് ജെമീമ നേടിയത്.
ഈ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഷെഫാലി വര്‍മ സ്വന്തമാക്കിയത്. വനിതാ ടെസ്റ്റ് ചരിത്രത്തില്‍ ഒരു ദിവസം ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ഷെഫാലി തന്റെ പേരില്‍ കുറിച്ചത്.
197 പന്ത് നേരിട്ട് 205 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ടെസ്റ്റിന്റെ ഒരു ദിവസം തന്നെ ഒരു വനിതാ താരം ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്.
വനിതാ ടെസ്റ്റില്‍ ഒരു ദിവസം ഏറ്റവുമധികം റണ്‍സ് നേടുന്ന താരം
(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
ഷെഫാലി വര്‍മ – ഇന്ത്യ – സൗത്ത് ആഫ്രിക്ക – 205 – 2024*
ബെറ്റി സ്‌നോബോള്‍ – ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് – 189 – 1935
കാര്‍ റോള്‍ടന്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 185 – 2001
മൈക്കല്‍ ഗോസ്‌കോ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 183 – 2001
ഇതിന് പുറമെ 100+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും. 100+ സ്‌ട്രൈക്ക് റേറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഷെഫാലി സ്വന്തമാക്കി.
വനിതാ ടെസ്റ്റില്‍ 100+ സട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം
(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
ഷെഫാലി വര്‍മ – ഇന്ത്യ – സൗത്ത് ആഫ്രിക്ക – 205 – 2024*
വെനേസ ബോവന്‍ – ശ്രീലങ്ക – പാകിസ്ഥാന്‍ – 63 – 1998
സംഗീത ദാബിര്‍ – ഇന്ത്യ – ഇംഗ്ലണ്ട് – 50* – 1995
കിം ഗാര്‍ത് – ഓസ്‌ട്രേലിയ – സൗത്ത് ആഫ്രിക്ക – 49* – 2024
ഷെഫാലിക്ക് പുറമെ സ്മൃതി മന്ഥാനയും തകര്‍ത്തടിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ 292 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. 52ാം ഓവറിലെ അവസാന പന്തില്‍ മന്ഥാനയെ മടക്കി ഡെല്‍മാരി ടക്കറാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പിച്ചത്. 161 പന്തില്‍ 149 റണ്‍സ് നേടിയാണ് മന്ഥാന കളം വിട്ടത്.
വൈസ് ക്യാപ്റ്റന്‍ പുറത്തായെങ്കിലും മറുവശത്ത് നിന്ന് ഷെഫാലി തകര്‍ത്തടിച്ചു. നേരത്തെ നടന്ന ഏകദിന പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതെ പോയതിന്റെ എല്ലാ കുറവുകളും താരം ടെസ്റ്റില്‍ പരിഹരിച്ചു. ഇരട്ട സെഞ്ച്വറിയടിച്ചാണ് ഷെഫാലി തിളങ്ങിയത്.
നേരത്തെ വനിതാ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോഡ് മന്ഥാനക്കൊപ്പം പടുത്തുയര്‍ത്തിയ ഷെഫാലി വേഗതയേറിയ ഇരട്ട സെഞ്ച്വറിയുടെ റെക്കോഡും തന്റെ പേരില്‍ കുറിച്ചു.
നേരിട്ട 194ാം പന്തിലാണ് ഷെഫാലി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം സൗത്ത് ആഫ്രിക്കക്കെതിരെ തന്നെ 248 പന്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയ അന്നബെല്‍ സതര്‍ലാന്‍ഡിന്റെ റെക്കോഡാണ് ഷെഫാലി തകര്‍ത്തെറിഞ്ഞത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ രണ്ടാമത് ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും ഷെഫാലി സ്വന്തമാക്കി. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ലെജന്‍ഡ് മിതാലി രാജാണ് ഈ നേട്ടത്തിലാദ്യമെത്തിയത്. 407 പന്തില്‍ 214 റണ്‍സാണ് താരം അന്ന് നേടിയിരുന്നത്.